You are Here : Home / USA News

പ്രവീണിന്‌ നീതി കിട്ടുംവരെ പിന്നോട്ടില്ല: കുടുംബാഗംങ്ങളും ഇന്ത്യന്‍ സമൂഹവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 26, 2014 11:49 hrs UTC

പ്രവീണ്‍ വര്‍ഗീസ്‌ വധത്തില്‍ ഗവണ്‍മെന്റില്‍ നിന്നും നീതി ലഭിക്കാതെ വന്ന സാഹചര്യത്തിലാണ്‌ കോടതി മുഖേന മുന്‍പോട്ടു പോകേണ്ടി വന്നതെന്ന്‌ പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും ലൗലിയും മാധ്യമങ്ങളെ അറിയിച്ചു. നിസ്സാരമായി പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നത്തിന്റെയും, തുടര്‍ന്നുണ്ടായ സംശയങ്ങള്‍ക്കായ്‌ ഉള്ള ഉത്തരത്തിനായും അലയേണ്ടിവന്നത്‌ ജനാധിപത്യ രാഷ്ട്രത്തിനുതന്നെ കളങ്കം ചാര്‍ത്തിയിരിക്കുന്നു എന്ന്‌ അവര്‍ കുറ്റപ്പെടുത്തി. കാര്‍ബണ്‍ ഡെയില്‍ പോലീസും സിറ്റിയും കാട്ടിയ ആനാസ്ഥയും, സ്‌റ്റേറ്റ്‌ ട്രൂപ്പറുടെ ഉത്തരവാദിത്ത്വമില്ലായ്‌മയുമാണ്‌ ഒരുപക്ഷെ ജീവനോടെത്തന്നെ പ്രവീണിനെ ലഭിക്കുന്നതിന്‌ തടസ്സാമായതെന്നു അവര്‍ ചൂണ്ടിക്കാട്ടി.

 

ആരോഗ്യദൃഡഗാത്രനും, ഏവര്‍ക്കും പ്രിയങ്കരനുമായിരുന്ന പ്രവീണ്‍ (വാവ), ചിക്കാഗോയില്‍ നിന്നും 6 മണിക്കൂര്‍ അകലെയുള്ള സതേണ്‍ ഇല്ലിനോയിസ്‌ യൂണിവെഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ക്രിമിനല്‍ ജസ്റ്റിസ്‌ വിദ്യാര്‍ത്ഥിയായിരുന്നു. ഫെബ്രുവരി 12 നു രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ്‌ വരുന്ന വഴിയാണ്‌ കാണാതായത്‌. 6 ദിവസങ്ങള്‍ക്കു ശേഷം താമസസ്ഥലത്തുനിന്നും 3 1/2 മൈല്‍ അകലെ ഒരു കുറ്റിക്കാട്ടില്‍നിന്നും മൃതദേഹം കണ്ടെടുത്തു. `ഒരു സുഹൃത്തിനോടൊപ്പം കാറില്‍ സഞ്ചരിക്കവേ വാക്കുതര്‍ക്കത്തിനോടുവില്‍ പ്രവീണ്‍ കാറില്‍ നിന്നും ഇറങ്ങി കാട്ടിലേക്ക്‌ ഓടിപ്പോയി. കടുത്ത തണുപ്പും, തിങ്ങിയ മരങ്ങളും കൊണ്ട്‌ പുറത്തേക്കുള്ള വഴി കണ്ടുപിടിക്കാന്‍ പറ്റാതെയാണ്‌ മരണകാരണം` എന്നായിരുന്നു പോലീസ്‌ ഭാഷ്യം. പരിക്കുകള്‍ ഒന്നുമില്ല, വേറെ ഒന്നും സംശയിക്കാനില്ല എന്ന്‌ കാര്‍ബണ്‍ ഡെയില്‍ ഡോക്ടര്‍ കൂഫര്‍ വിധിയെഴുതി.

 

എന്നാല്‍ പ്രവീണിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട കുടുംബം, പോലീസ്‌ നിഗമനത്തെ ചോദ്യം ചെയ്‌ത്‌ രണ്ടാമത്‌ ഒട്ടോപ്‌സി നടത്തി. പ്രവീണിന്റെ ശരീരത്തില്‍ മദ്യത്തിന്റെയോ, മയക്കുമരുന്നിന്റെയോ അംശം ഇല്ലായിരുന്നുവെന്നും മരണകാരണം തലക്കേറ്റ ശക്തമായ അടികളാണെന്നും, പരിക്കുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചതില്‍ പ്രവീണ്‍ ഉപദ്രവമേറ്റശേഷം 24 മണിക്കൂറോളം ജീവനോടെ ഉണ്ടായിരുന്നുവെന്നും, ചിക്കാഗോയിലെ പ്രശസ്‌ത പതോളജിസ്റ്റ്‌ ഡോക്ടര്‍ ബെന്‍ മര്‍ഹോളിസ്‌ സ്ഥിരീകരിച്ചു. പ്രവീണിന്‌ അപരിചിതനായ ആ പ്രതിയേയോ, അയാളുടെ കാറു കണ്ട്‌ പ്രതി കാട്ടില്‍ നിന്നും കയറിവരുന്നത്‌ കണ്ട സ്‌റ്റേറ്റ്‌ ട്രൂപ്പറെയോ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ല. ഈ സംഭവത്തെ തുടര്‍ന്ന്‌ രൂപീകൃതമായ പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍, മിസ്സിസ്‌. മറിയാമ്മ പിള്ള, മിസ്റ്റര്‍. ഗ്‌ളാഡ്‌സ്‌ണ്‍ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ നീതിക്കായുള്ള പോരാട്ടം തുടരുന്നു. 40,000 പേരുടെ ഒപ്പ്‌ ശേഖരിച്ച്‌ തുടരന്വേഷണത്തിന്‌ ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ മീറ്റിംഗില്‍ പങ്കെടുത്ത ലെഫ്‌റ്റനന്റ്‌ ഗവര്‍ണ്‌ര്‍ ഷീല സൈമണ്‍ പിന്തുണയുമായി ഇവരോടൊപ്പമുണ്ട്‌.

 

 

ഇന്ത്യന്‍ സമൂഹത്തിന്റെ ഹ്യൂമന്‍ റൈറ്റ്‌സ്‌ വയലേഷനാണ്‌ ഇവിടെ സംഭവിച്ചതെന്നും, സത്യം കണ്ടുപിടിക്കാന്‍ ഏതറ്റം വരെ പോകുമെന്നും മിസ്സിസ്‌. മറിയാമ്മ പിള്ള മാധ്യമങ്ങളോട്‌ പറഞ്ഞു. പോലീസിന്റെ ഭാഷ്യം വേറെയാണെങ്കിലും, കുടുംബവും സമൂഹവും ഇതൊരു കൊലപാതകമാണെന്ന്‌ വിശ്വസിക്കുന്നുവെന്നും, നീതിക്കായുള്ള പോരാട്ടം തുടരുമെന്നും മിസ്റ്റര്‍. ഗ്‌ളാഡ്‌സ്‌ണ്‍ വര്‍ഗീസ്‌ പ്രസ്‌ കോണ്‍ഫ്രെന്‍സില്‍ വെളിപ്പെടുത്തി. കുടുംബ വക്കീലായി, പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മി വാച്ചാച്ചിറയും മാധ്യമങ്ങളോട്‌ സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ അടിസ്ഥാനത്തില്‍ പ്രവീണ്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു എന്ന്‌ തെളിഞ്ഞു. ഇത്‌ വിലയേറിയ ഒരു 19 കാരന്റെ ജീവിതമാണ്‌. അത്‌ ദാരുണമായി മാറ്റപ്പെട്ടതിന്റെ ഉത്തരം കിട്ടുന്നതു വരെ നിയമയുദ്ധം തുടരുമെന്ന്‌ ജിമ്മി വാച്ചാച്ചിറ പറഞ്ഞു. കാര്‍ബണ്‍ ഡെയില്‍ സിറ്റിക്കടുത്തുള്ള അഡ്വക്കേറ്റ്‌ ചാള്‍സ്‌ സ്‌റ്റെഗ്മയറാണ്‌ സിവില്‍ കേസ്‌ കോടതിയില്‍ ഫയല്‍ ചെയ്‌തിരിക്കുന്നത്‌. കാര്‍ബണ്‍ ഡെയില്‍ പോലീസിന്റെ നിരുത്തരവാദിത്വത്തെ അദ്ദേഹം ചോദ്യം ചെയ്‌തു.

 

 

ഇതിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുമെന്ന്‌ അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ചിക്കാഗോയിലും, കാര്‍ബണ്‍ ഡെയിലിലും മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്ല രീതിയില്‍ പ്രചരിപ്പിക്കുന്നു. കാര്‍ബണ്‍ ഡെയില്‍ പോലീസിന്റെ നിരുത്തരവാദിത്വത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്ന റേഡിയോ ഹോസ്റ്റ്‌ മോണിക്ക സൂക്കസ്‌ കുടുംബത്തിന്‌ കൈത്താങ്ങാണ്‌. ഈ കേസിന്റെ പുരോഗതിക്ക്‌ അവരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്‌. മൂടിവച്ച പല സത്യങ്ങളും അവര്‍ പുറത്തു കൊണ്ടുവന്നു. ഇതിന്റെയെല്ലാം വെളിച്ചത്തിലാണ്‌ ഓഗസ്റ്റ്‌ 7 ന്‌ സിറ്റിക്കും, പോലീസ്‌ ചീഫിനും, പ്രതിക്കും എതിരായി കേസ്‌ ഫയല്‍ ചെയ്‌തത്‌. ഇതേതുടര്‍ന്ന്‌ ഓഗസ്റ്റ്‌ 18 ന്‌ പോലീസ്‌ ചീഫ്‌ ജോഡി ഒഗ്വിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്‌തു. ഈ കേസുമായി സ്ഥാനമാറ്റത്തിനു ബന്ധമില്ലെന്ന്‌ സിറ്റി മാനേജര്‍ കെവിന്‍ ബെയ്‌റ്റി പറഞ്ഞെങ്കിലും, ഈ കേസാണ്‌ തന്റെ ജോലി പോകാന്‍ കാരണമെന്ന്‌ ജോഡി ഒഗ്വിന്‍ പുറപ്പെടുവിച്ച സ്‌റ്റേറ്റ്‌മെന്റില്‍ പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ ഇടപെടരുതെന്ന്‌ തനിക്കു സിറ്റി മാനേജറില്‍ നിന്നും, ഈ കേസ്‌ ഇപ്പോള്‍ റിവ്യൂ ചെയ്യുന്നു എന്ന്‌ പറയുന്ന സ്‌റ്റേറ്റ്‌ അറ്റോര്‍ണി മൈക്കിള്‍ കാറില്‍ നിന്നും കര്‍ശന നിര്‌ദ്ദേശം ഉണ്ടായിരുന്നു എന്നും അദ്ദേഹം പ്രസ്‌താവനയില്‍ വെളിപ്പെടുത്തി.

 

പ്രവീണിന്റെ മാതാപിതാക്കള്‍ ഓഗസ്റ്റ്‌ 22 ന്‌ അറ്റോര്‍ണി ജനറല്‍ ലിസമാണിഗന്‍, ഗവര്‍ണര്‍ പാറ്റ്‌ ക്വിന്‍ എന്നിവരെ കണ്ട്‌ ചര്‍ച്ച നടത്തുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥയിലുള്ള വിഷമം അറിയിക്കുകയും ചെയ്‌തു. 40,000 പേര്‍ ഒപ്പിട്ട മെമ്മോറാണ്ടവും 660 പേര്‍ എഴുതിയ കത്തുകളും രണ്ടുപേര്‍ക്കും സമര്‍പ്പിച്ചു. അവരാല്‍ കഴിയുന്ന എല്ലാ സഹായവും ഈ അന്വേഷണത്തിന്‌ അവര്‍ രണ്ടുപേരും വാഗ്‌ദാനം ചെയ്‌തു. പോലീസ്‌ ചീഫിനെ പിരിച്ചുവിട്ടതുകൊണ്ട്‌ മാത്രം ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെഴുതിയ ഡോക്ടര്‍ കൂഫര്‍, പ്രവീണിനെ കയറ്റിയ കാറും പ്രതിയും കണ്ട കാര്യം റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്ന സ്‌റ്റേറ്റ്‌ ട്രൂപ്പര്‍, പ്രതി ഗേജ്‌ ബഫൂണ്‍ എന്നിവര്‍ക്കെതിരായ ഒരു നടപടിയും ഇതുവരെ ഉണ്ടാകാത്തതിനാല്‍ പ്രവീണിന്റെ കുടുംബവും സമൂഹവും അമര്‍ഷത്തിലാണ്‌. നോര്‍ത്ത്‌ ഇന്ത്യന്‍ സമൂഹവും ഇവരോടൊപ്പമുണ്ട്‌. ഇന്‍ഡിപെന്‍ഡന്‍സ്‌ ഡേ പരേഡില്‍ നീതി നടത്തി കിട്ടണമെന്ന ആവശ്യവുമായി ഫ്‌ളോട്ടും സംഘടിപ്പിച്ചിരുന്നു. പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനത്തില്‍ വിവിധ മലയാളീ സംഘടനകളും, എക്യൂമെനിക്കല്‍ െ്രെകസ്‌തവ നേതൃത്വവും പിന്തുണയായുണ്ട്‌. സ്വാതന്ത്ര്യദിനത്തില്‍ ഡിവോണ്‍ അവന്യൂവില്‍വച്ചു നടന്ന പൊതു സമ്മേളനത്തില്‍ പ്രസംഗിച്ച പ്രവീണിന്റെ മാതാവ്‌ ലൗലി വര്‍ഗീസ്‌, പ്രവീണിന്‌ നീതി നടത്തിക്കിട്ടും വരെ പിന്നോട്ടില്ലെന്ന്‌ പറയുകയും, ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണക്ക്‌ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. വാര്‍ത്ത തയ്യാറാക്കിയത്‌ : ഡീക്കന്‍ ലിജു പോള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.