You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ സഹായഹസ്തവുമായി കേരളത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 11, 2014 09:45 hrs UTC

താമ്പാ: വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലും വലിയൊരു സൗഹൃദം ഇല്ലെന്നു വിശ്വസിച്ചുകൊണ്ട്, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, കരുതലിന്റെ ഹൃദയസ്പര്‍ശവുമായി പിറന്നനാട്ടില്‍ വേദന അനുഭവിക്കുന്ന സ്‌നേഹിതര്‍ക്ക് സഹായവുമായി മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ (MAT) ഏകദേശം രണ്ടുലക്ഷത്തിലധികം രൂപയുടെ സഹായധനം വിതരണം ചെയ്തു.

കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂര്‍ തെക്കെക്കുറ്റ് ഏബ്രഹാം മാത്യുവിന്റെ മകന്‍ ഏബലിനു (13 വയസ്) നട്ടെല്ലിനുണ്ടായ വളവ് നിവര്‍ത്തുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ഏബ്രഹാം മാത്യുവിന്റെ ഭവനത്തില്‍ വെച്ച് മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ്‌മോന്‍ തത്തംകുളം ഏബ്രഹാം മാത്യുവിന്റെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ഏബലിനു കൈമാറി.

കോട്ടയം ജില്ലയിലെ അതിരമ്പുഴ വട്ട്കുളം പറമ്പില്‍ പോള്‍ വര്‍ഗീസിന്റെ മകള്‍ സിനുവിന്റെ നേഴ്‌സിംഗ് പഠനത്തിന് 25000 രൂപയുടെ ധനസഹായം ജോസ്‌മോന്‍ തത്തംകുളത്തിന്റെ ഭവനത്തില്‍ വെച്ച് റാന്നി സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സന്തോഷ് കെ. തോമസ്, പോള്‍ വര്‍ഗീസിനു കൈമാറി. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിലുള്ള സാന്ത്വനത്തിലും മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ സഹായം എത്തിക്കുവാന്‍ സാധിച്ചു. സാധാരണക്കാരിയായ ശ്രീമതി ആനി ബാബു കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തിവരുന്ന സാന്ത്വനം നിരാലംബരുടേയും നിസഹായരുടേയും അഭയകേന്ദ്രമാണ്. ജീവിത വഴിത്താരയില്‍ ജീവിതം കൈവിട്ടുപോയ അമ്മമാര്‍ക്കും, കുട്ടികള്‍ക്കുമായി കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ 1500 ലധികം പേര്‍ക്ക് സാന്ത്വനം അഭയകേന്ദ്രമായി. ഇവിടെ ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കുമായി മലയാളി അസോസിയേഷന്‍ ഓഫ് താമ്പായ്ക്ക് ചെറിയ ധനസഹായം എത്തിക്കുവാന്‍ സാധിച്ചു. സാന്ത്വനത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ജോസ്‌മോന്‍ തത്തംകുളവുമായി (813 787 1053) ബന്ധപ്പെടുക.

രൂപംകൊണ്ടിട്ട് ഏതാനും മാസങ്ങള്‍ ആയിട്ടുള്ളുവെങ്കിലും മലയാളി അസോസിയേഷന്‍ ഓഫ് താമ്പായ്ക്ക് ഇതുപോലുള്ളഒരു സഹായ വിതരണ ചടങ്ങ് നടത്തുവാന്‍ സാധിച്ചത് മെയ് 26-ന് നടത്തിയ സ്റ്റേജ്‌ഷോയിലൂടെ ലഭിച്ച വരുമാനം കൊണ്ടാണ്. സ്റ്റേജ് ഷോയില്‍ ചെറുതും വലുതുമായി സഹായിച്ച എല്ലാ നല്ല മലയാളി മനസുകളോടുമുള്ള നന്ദി എം.എ.ടിയുടെ ഭാരവാഹികള്‍ അറിയിച്ചു. തോമസ് ഏബ്രഹാം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.