You are Here : Home / USA News

ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയം ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 33-മത്തെ ഇടവക

Text Size  

Story Dated: Thursday, July 24, 2014 03:06 hrs UTC

ഷിക്കാഗോ: വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുപ്പത്തിമൂന്നാമത്‌ ഇടവകയായി ഉയര്‍ത്തപ്പെടുന്ന ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തിന്റേയും വൈദീക മന്ദിരത്തിന്റേയും കൂദാശാ കര്‍മ്മം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ജൂലൈ 26-ന്‌ ശനിയാഴ്‌ച നിര്‍വഹിക്കും. ദൈവാരാധനയ്‌ക്ക്‌ സ്വന്തമായ ഇടവക ദേവാലയം ഉണ്ടാവുക എന്നത്‌ ഏതൊരു ഇടവക സമൂഹത്തിന്റേയും സ്വപ്‌നമാണ്‌. സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞു നില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമാണ്‌ ദൈവാലയം.

അത്‌ പുതിയ നിയമജനതയായ സഭാ മക്കളുടെ ഇടയില്‍ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന സംഗമ കൂടാരമാണ്‌ (പുറ 33,7-11). പഴയനിയമത്തില്‍ സംഗമകൂടാരത്തില്‍ ഇസ്രായേല്‍ ജനത്തോടൊപ്പം വസിച്ച ദൈവം, പുതിയ നിയമത്തില്‍ ദൈവാലയമാകുന്ന സംഗമകൂടാരത്തില്‍ സഭാ മക്കളോടൊത്ത്‌ വസിക്കുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനും വിശ്വാസ പരിശീലനത്തിനും കൂട്ടായ്‌മയിലുള്ള വളര്‍ച്ചയ്‌ക്കും സ്‌തുത്യര്‍ഹമായ പങ്കുവഹിക്കുന്ന ഇടവക ദൈവാലയം ഏതൊരു വിശ്വാസിയുടേയും ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. വിശ്വാസജീവിതത്തിലും, സ്വഭാവ രൂപീകരണത്തിലും കൂട്ടായ്‌മയുടെ വളര്‍ച്ചയിലും ഇടവക ദേവാലയത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സീറോ മലബാര്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ ബഹു വൈദീകരുടെ നേതൃത്വത്തില്‍ അത്മായ സഹോദങ്ങള്‍ മുന്നിട്ടിറങ്ങിയത്‌. രൂപതയോടും അതിന്റെ അധ്യക്ഷനായ മെത്രാനോടും ചേര്‍ന്ന്‌ നിന്ന്‌ ബഹുമാനപ്പെട്ട വൈദീകരുടേയും അത്മായരുടേയും കഠിനാധ്വാനത്തിന്റേയും സാമ്പത്തിക സഹകരണത്തിന്റേയും ഫലമായി സീറോ മലബാര്‍ രൂപതയ്‌ക്ക്‌ അമേരിക്കയില്‍ ഇപ്പോള്‍ 33 ഇടവകകള്‍ ഉണ്ട്‌. ലത്തീന്‍ രൂപതകളുടെ പള്ളികള്‍ സീറോ മലബാര്‍ റീത്തിലുള്ള ദൈവാരാധനയ്‌ക്ക്‌ ഉപയോഗിച്ചുകൊണ്ട്‌ മിഷനുകളായി നിലകൊള്ളുന്ന സീറോ മലബാര്‍ സമൂഹങ്ങള്‍ സ്വന്തമായ ഇടവക ദൈവാലയം രൂപപ്പെടുത്തിയെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്‌. കുടുംബങ്ങളുടേയും വിശ്വാസപരിശീലനം നടത്തുന്ന കുട്ടികളുടേയും എണ്ണത്തിലെ വര്‍ധന, നിലവിലുള്ള സംവിധാനങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്തിനാല്‍, ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ ഇടവകയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ദൈവാലയത്തിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. വെസ്റ്റ്‌ ഹെംസ്റ്റഡ്‌ (ന്യൂയോര്‍ക്ക്‌), ഓസ്റ്റിന്‍ (ടെക്‌സസ്‌), ഓര്‍ലാന്റോ (ഫ്‌ളോറിഡ), സാക്രമെന്റോ (കാലിഫോര്‍ണ), ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി), ലാസ്‌വേഗാസ്‌, വാഷിംഗ്‌ടണ്‍, നോര്‍ത്തേണ്‍ വിര്‍ജീനിയ എന്നിവടങ്ങളിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ സ്വന്തമായ ദേവാലയത്തിനുവേണ്ടിയുള്ള അക്ഷീണ പരിശ്രമത്തിലാണ്‌. ദൈവാലയങ്ങള്‍ സ്വന്തമായുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ സഭാംഗങ്ങളുടെ തിരക്ക്‌ അത്ഭുതാവഹമാണ്‌.

 

കുട്ടികളുടേയും യുവജനങ്ങളുടേയും മുതിര്‍ന്നവരുടേയും വിശ്വാസ രൂപീകരണത്തിലും, കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള ഊഷ്‌മളമായ ബന്ധങ്ങളുടെ നിര്‍മ്മിതിയിലും ഇടവക കൂട്ടായ്‌മകള്‍ വേദിയാകുന്നു. അതുകൊണ്ടുതന്നെ ഇടവകകളിലും മിഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു. വിശ്വാസികളുടെ എണ്ണത്തിലുള്ള വര്‍ധനവ്‌ മൂലം ദൈവാലയം സ്വന്തമായുള്ള പല ഇടവകകളും നിലവിലുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനോ, കൂടുതല്‍ മെച്ചപ്പെട്ടവ കണ്ടെത്തുന്നതിനോ/നിര്‍മ്മിക്കുന്നതിനോ ഉള്ള ശ്രമത്തിലാണ്‌. അറ്റാലാന്റാ (ജോര്‍ജിയ), കോപ്പല്‍ (ടെക്‌സസ്‌), ഡിട്രോയിറ്റ്‌, ലോസ്‌ആഞ്ചലസ്‌ എന്നിവിടങ്ങളിലെ ഇടവകകള്‍ ഈ ഗണത്തില്‍പ്പെടുന്നു. തന്റെ സഭയെ അനുദിനം പരിപാലിക്കുകയും വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്‌ സ്‌തുതി. ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.