You are Here : Home / USA News

ഫോമാ പ്രമുഖ വ്യക്തികളെ അവാര്‍ഡ്‌ നല്‍കി ആദരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 21, 2014 06:02 hrs UTC

ഫിലാഡല്‍ഫിയ: ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച്‌ നോര്‍ത്ത്‌ അമേരിക്കയില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികള്‍ക്ക്‌ ഫോമയുടെ അവാര്‍ഡ്‌ ഫോര്‍ എക്‌സലന്‍സ്‌ നല്‍കി ആദരിച്ചു. ഫോമയുടെ ഏറ്റവും വലിയ ഓവര്‍ഓള്‍ എക്‌സലന്‍സിനുള്ള അവാര്‍ഡ്‌ ഒബാമ അഡ്‌മിനിസ്‌ട്രേഷനിലെ ഒരു സഹമന്ത്രിയുടെ പദവിയുള്ള വ്യക്തിയും, ഫെഡറല്‍ ഗവണ്‍മെന്റില്‍ മലയാളികള്‍ ഏറ്റവും വലിയ പദവി വഹിക്കുന്ന ഡോ. അരുണ്‍കുമാറിന്‌ നല്‍കി.

 

ഇദ്ദേഹം മാവേലിക്കര സ്വദേശിയും കെ.പി.എം.ജി എന്ന കമ്പനിയുടെ പാര്‍ട്ട്‌ണറും, ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടറും, എം.ഐ.ടി ഗ്രാജ്വേറ്റും, ഒബാമ അഡ്‌മിനിസ്‌ട്രേഷനില്‍ അസിസ്റ്റന്റ്‌ കൊമേഴ്‌സ്‌ സെക്രട്ടറി ആന്‍ഡ്‌ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ട്രേഡ്‌ ആയും ജോലി ചെയ്യുന്നു. മികച്ച ജേര്‍ണലിസ്റ്റിനുള്ള അവാര്‍ഡ്‌ നേടിയ ജോയിച്ചന്‍ പുതുക്കുളം മികച്ച പത്രപ്രവര്‍ത്തകന്‍ എന്നുള്ളതിനു പുറമെ സാമൂഹിക-സംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയും, അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതനുമാണ്‌. പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ചിക്കാഗോ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റുകൂടിയാണ്‌ ജോയിച്ചന്‍.

 

മികച്ച കമ്യൂണിറ്റി സര്‍വീസിന്‌ അവാര്‍ഡ്‌ ലഭിച്ച ബാബു തോമസ്‌ തെക്കേക്കര അഭിഭാഷകനും, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയും ഫോമയുടെ ഫ്‌ളാഗ്‌ഷിപ്പ്‌ പ്രോഗ്രാം ആയ ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി അലയന്‍സിന്റെ കോര്‍ഡിനേറ്റര്‍കൂടിയാണ്‌. മികച്ച വിമന്‍ ലീഡര്‍ഷിപ്പ്‌ അവാര്‍ഡിന്‌ അര്‍ഹയായ കുസുമം ടൈറ്റസ്‌ ഫോമയുടെ വിമന്‍സ്‌ ഫോറത്തിന്റെ ചെയര്‍പേഴ്‌സണും, മികച്ച സംഘാടകയും, സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വനിതയുമാണ്‌. ഫോമയുടെ ലിറ്റററി അവാര്‍ഡ്‌ ലഭിച്ച റീനി മമ്പലം പ്രമുഖ എഴുത്തുകാരിയും, കവയത്രിയും, ഫോമാ വിമന്‍സ്‌ ഫോറത്തിന്റെ സെക്രട്ടറിയുമാണ്‌.

വിവിധ അവാര്‍ഡുകള്‍ റീനിക്ക്‌ ഇതിനു മുമ്പും ലഭിച്ചിരുന്നു. യൂത്ത്‌ ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌ ലഭിച്ച ഷെറില്‍ തോമസ്‌ ഫോമയുടെ യൂത്ത്‌ ഫോറത്തിന്റെ ചെയര്‍പേഴ്‌സണും, വിവിധ ചാരിറ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന വ്യക്‌തിയാണ്‌. ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌ യംങ്‌ പ്രൊഫഷണല്‍സിനുള്ള അവാര്‍ഡ്‌ ലഭിച്ച ഡോ. അജിത്‌ നായര്‍ വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ കണ്ടുപിടിത്തങ്ങളുടെ ഉടമയും, ഐ.ഐ.ടി ബിരുദധാരിയും കാലിഫോര്‍ണിയയിലുള്ള പ്രമുഖ മെഡിക്കല്‍ കമ്പനിയില്‍ ശാസ്‌ത്രജ്ഞനുമാണ്‌.

 

ഈ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌ കോര ഏബ്രഹാം, കുര്യന്‍ വര്‍ഗീസ്‌, യോഹന്നാന്‍ ശങ്കരത്തില്‍, ഡോ. ജയിംസ്‌ കുറിച്ചി, ബേബി മണക്കുന്നേല്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ്‌. നിരവധി പ്രമുഖ വ്യക്തികളുടെ അപേക്ഷകളാണ്‌ ഈവര്‍ഷം കമ്മിറ്റിക്ക്‌ ലഭിച്ചത്‌. അവാര്‍ഡുകള്‍ മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ പ്രൊഫ. കെ.വി. തോമസ്‌, അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, എം.എല്‍എമാരായ തോമസ്‌ ചാണ്ടി, ജോസഫ്‌ വാഴയ്‌ക്കന്‍, സിനിമാ നടന്‍ മനോജ്‌ കെ. ജയന്‍, ഡോ. എം.വി പിള്ള എന്നിവര്‍ സമ്മാനിച്ചു. അവാര്‍ഡ്‌ ജേതാക്കളെ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ജോയിന്റ്‌ സെക്രട്ടറി റീനി പൗലോസ്‌, ജോയിന്റ്‌ ട്രഷറര്‍ സജീവ്‌ വേലായുധന്‍ എന്നിവര്‍ അഭിനന്ദിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.