You are Here : Home / USA News

നാദവര്‍ണ്ണ വിസ്‌മയം തീര്‍ത്ത്‌ മാര്‍ത്തോമന്‍ വന്ദനവും മുത്തുക്കുട മാറ്റവും ഷിക്കാഗോയില്‍ നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 17, 2014 07:06 hrs UTC

  

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ട പ്രൗഢഗംഭീരമായ പ്രദക്ഷിണത്തിന്റെ സമാപത്തില്‍ എല്‍.ഇ.ഡി ലൈറ്റുകളുടെ വര്‍ണ്ണപ്രഭ ചൊരിയുന്ന പ്രകാശപൂരിതമായ അന്തരീക്ഷത്തില്‍ വടക്കേ അമേരിക്കയില്‍ ആദ്യമായി `മാര്‍ത്തോമന്‍ വന്ദനവും മുത്തുക്കുട മാറ്റവും' നടത്തപ്പെട്ടു.

മലയാള നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കേരളീയ വേഷവിതാനങ്ങള്‍ അണിഞ്ഞ അമ്പതില്‍പ്പരം സ്‌ത്രീ-പുരുഷന്മാര്‍, പ്രഭ ചൊരിഞ്ഞുനിന്ന എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രകാശപൂരിതമായ കത്തീഡ്രല്‍ ദേവാലയ കവാടത്തില്‍ ആലവട്ടവും വെഞ്ചാമരവും, താലപ്പൊലിയുമായി അണിനിരന്നപ്പോള്‍, ദേവാലയത്തിന്‌ അഭിമുഖമായി ഭാരത അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും സ്ഥാനം ഉറപ്പിച്ചു.

ഷിക്കാഗോ കലാക്ഷേത്രയിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പഞ്ചവാദ്യം അരങ്ങുണര്‍ത്തിയപ്പോള്‍, നാദ-വര്‍ണ്ണ വിസ്‌മയങ്ങളുടെ വര്‍ണ്ണപ്രഭ ചൊരിഞ്ഞ്‌ നൂറുകണക്കിന്‌ മുത്തുക്കുടകള്‍ അണിനിരത്തി, സീറോ മലബാര്‍ കത്തീഡ്രലിലെ സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ അംഗങ്ങള്‍ കുടമാറ്റം നടത്തിയപ്പോള്‍, ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ഈ തിരുനാള്‍ മഹോത്സവത്തില്‍ `മാര്‍ത്തോമന്‍ വന്ദനവും മുത്തുക്കുട മാറ്റവും' നടത്തപ്പെട്ടതിലൂടെ മതേതരത്വത്തിന്റേയും, സാഹോദര്യത്തിന്റേയും മന്ത്രധ്വനികള്‍ ഉയര്‍ത്തി, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക്‌ അനേകായിരങ്ങളെ ആനയിച്ചു.

കാഴ്‌ചയുടെ നിറവസന്തം തീര്‍ത്ത ഈ വര്‍ണ്ണവിസ്‌മയത്തിന്റെ പരിശീലനത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ സിനു പാലയ്‌ക്കത്തടം ആയിരുന്നു. ഒപ്പം ആന്‍ഡ്രൂസ്‌ തോമസ്‌ പറമ്പത്ത്‌, ജോര്‍ജ്‌ അമ്പാട്ട്‌ എന്നീ ക്യാപ്‌റ്റന്മാരോടൊപ്പം കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍, സാബു അച്ചേട്ട്‌, ജോജോ വെങ്ങാന്തറ, ജോസഫ്‌ തെക്കേക്കര, ഷാജി ജോര്‍ജ്‌, റോയി വലിയവീട്ടില്‍, അലക്‌സ്‌, സോവിച്ചന്‍ കുഞ്ചെറിയ, ജോമോന്‍ ചിറയില്‍, ടെസി ആന്‍ഡ്രൂസ്‌ കൂടാതെ സെന്റ്‌ മേരീസ്‌ വാര്‍ഡിലെ 30-ല്‍പരം വനിതകളും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അയ്യായിരത്തില്‍പ്പരം ആളുകളുടെ മുന്നില്‍ കേരളത്തനിമയില്‍ ആദ്യമായി നടത്തപ്പെട്ട ഈ പുതുമയാര്‍ന്ന വന്‍ സംരംഭത്തിന്‌ പൂര്‍ണ്ണത വരുത്തുവാന്‍ കത്തീഡ്രല്‍ ദേവാലയത്തിലെ അംഗങ്ങളോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന്‌ പഞ്ചവാദ്യത്തിന്റെ മനോഹരതാള വിസ്‌മയം തീര്‍ത്ത ഷിക്കാഗോ കലാക്ഷേത്രയിലെ അജി നായരുടെ നേതൃത്വത്തിലുള്ള 17 അംഗങ്ങളേയും, ഇടവക വികാരി ഫാ. ജോയി ആലപ്പാട്ട്‌ പ്രത്യേകമായി അഭിനന്ദിക്കുകയും, ഇടവക സമൂഹത്തിന്റെ നന്ദി അറിയിക്കുകയും ചെയ്‌തു. അതോടൊപ്പം കഴിഞ്ഞ രണ്ടുമാസമായി തന്റെ അശ്രാന്തപരിശ്രമത്തിലൂടെ നിര്‍മ്മിച്ചെടുത്ത ലക്ഷണമൊത്തെ ഒരു കൊമ്പനാനയെ നെട്ടിപ്പട്ടം കെട്ടിച്ച്‌ തിരുനാളിന്‌ എത്തിച്ച പൈലച്ചന്‍ കണ്ണൂക്കാടനെ പൊന്നാട അണിയിച്ച്‌, ഫാ. റോയി മൂലേച്ചാലിലും, ഫാ. പോള്‍ ചാലിശേരിയും ചേര്‍ന്ന്‌ ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.