You are Here : Home / USA News

മാത്യു മാര്‍ത്തോമയുടെ അറസ്റ്റിനു ഉപയോഗിച്ച തെളിവുകള്‍ എവിടെ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി!!!

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 16, 2014 08:38 hrs UTC

ന്യൂജേഴ്‌സി: ഇന്‍സൈധര്‍ ട്രേഡിംഗ്‌ കേസില്‍ മാത്യു മാര്‍ത്തോമയെ അറസ്റ്റ്‌ ചെയ്യുകയും, അതിനുശേഷംട്രയലില്‍ മാത്യുവിന എതിരായി വിധി വരുകയും ചെയ്‌തു എന്നുള്ളത്‌ സത്യമാണല്ലോ. ഈ കേസില്‍ മാത്യുവിനെ അറസ്റ്റ്‌ചെയ്യാന്‍ ഉപയോഗിച്ച ആരോപണം രഹസ്യ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഷെയര്‍ വില്‍ക്കാന്‍ വഴിതെളിച്ചു എന്നുള്ളതാണ്‌. രഹസ്യ വിവരങ്ങള്‍ അടങ്ങിയ ഒരു പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ ഇമെയില്‍ വഴി കൈപ്പറ്റി എന്നുള്ളതായിരുന്നു ആരോപണം. അങ്ങനെയൊരു പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ ഇമെയില്‍ വഴി മാത്യുവിനു അയച്ചിട്ടില്ല എന്നതാണ്‌ സത്യം. കോടതിയില്‍ ഈ കാര്യമോ അതിന്റെ തെളിവുകളോ ഹാജരാക്കാന്‍ പ്രോസിക്യൂട്ടേഴ്‌സിനു കഴിഞ്ഞിട്ടില്ല എന്ന്‌ മാത്രമല്ല, ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്ന്‌ പ്രധാന സാക്ഷി ട്രയല്‍ സമയത്ത്‌ സമ്മതിക്കുകയും ചെയ്‌തു. അറസ്റ്റ്‌ ചെയ്യാനും, കേസ്‌ ചാര്‍ജ്‌ ചെയ്യാനും ഉപയോഗിച്ച കാര്യങ്ങള്‍ സത്യമല്ലായിരുന്നു എന്നുള്ളത്‌ അവിശ്വസനീയമായ ഒരു കാര്യമായി ഇപ്പോഴും അവശേഷിക്കുന്നു.

 

ഏതൊരു കേസും വിജയിക്കേണ്ടത്‌ കുറ്റവാളി ചെയ്‌തു എന്ന്‌ പറയപ്പെടുന്ന തെറ്റ്‌ കോടതിയില്‍ തെളിയിക്കുക എന്ന വഴിയിലല്ലേ! ഈ അറസ്റ്റും അതിന്റെ പിന്നാലെയുള്ള പ്രസ്‌ കോണ്‍ഫറന്‍സ്‌, മാധ്യമ വിവരണങ്ങള്‍ എല്ലാം കേട്ടപ്പോള്‍ പലരും മാത്യുവിനു പ്രതികൂലമായി ചിന്തിക്കാന്‍ തുടങ്ങി. എന്നാല്‍ കേസ്‌ മുന്നോട്ടു മാറി ട്രയല്‍ സമയത്ത്‌ പ്രതികൂല ചിന്തകള്‍ അനുകൂലമായി വരുന്നത്‌ ഭൂരിപക്ഷം ആളുകളും നിരീക്ഷിക്കുവാന്‍ തുടങ്ങി. ഇത്രയും പാരമ്പര്യവും പരിചയവുമുള്ള പ്രോസിക്യുട്ടെഴ്‌സ്‌ വര്‍ഷങ്ങളോളം അന്വേഷണങ്ങള്‍ നടത്തിയതിനു ശേഷമുള്ളതാണ്‌ ഈ അറസ്റ്റും, ചൂടാറും മുന്‍പേ അതെപറ്റിയുള്ള പ്രസ്‌ കോണ്‍ഫറന്‍സ്‌ എന്ന നാടകവും. മാത്യു മാര്‍ത്തോമയെപ്പറ്റി ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍കൂടി ഒഴുകി തുടങ്ങി. വായനക്കാരുടെയും, കേള്‍വിക്കാരുടെയും കാതും, മനസ്സും നിരയുന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തുടങ്ങി. മാത്യു തെറ്റു ചെയ്‌തു കാണുമെന്നു അവരെ തെറ്റിദ്ധരിപ്പിച്ചു.

 

എന്നാല്‍ ട്രയലില്‍ നടന്ന യാഥാര്‍ത്യങ്ങളില്‍ നിന്നും മനസ്സിലാകുന്നത്‌ ഈ മരുന്ന്‌ പരീക്ഷണ ഫലം ഉള്‍പ്പെട്ട ഇമെയില്‍ പ്രസന്റേഷന്‍ കൈപ്പറ്റി എന്നു പറയുന്ന കഥയെല്ലാം മാത്യുവിനെ സഹായിക്കാന്‍ സന്നദ്ധരായെക്കാവുന്നവരെ പേടിപ്പിച്ചു അകറ്റാന്‍ വേണ്ടിയുള്ള ഒരു ദുര്‍പ്രവര്‍ത്തനം മാത്രമായിരുന്നു. ഈ കഥ ജുറിയുടെ പ്രതികൂലമായ വിധിക്ക്‌ കാരണമായി. ട്രയലില്‍ ഈ പറഞ്ഞ ഇമെയില്‍ പ്രസന്റേഷന്‍ വെളിപ്പെടുത്തുന്നതിനു പകരം സാക്ഷിയും പ്രോസിക്യുട്ടെഴ്‌സും പലപല കുറുക്കു വഴികളിലേക്ക്‌ മാറുകയായിരുന്നു. ഇങ്ങനൊരു ഇമെയില്‍ പ്രസന്റേഷന്‍ കൈമാറ്റം ഉണ്ടായിട്ടില്ല എന്നതാണ്‌ ഇതിലെ സത്യം. ഇത്രയും വലിയൊരു കേസില്‍ ഇതുപോലെ മനസ്സുമാറ്റങ്ങളും തെറ്റുകളും ഉപയോഗിച്ചു സാക്ഷി പറഞ്ഞ ഒരു പ്രധാന സാക്ഷിയെ എത്രമാത്രം വിശ്വസിക്കാനാകും. എന്തുകൊണ്ട്‌ പ്രധാന സാക്ഷി ഈ കഥ മാറ്റി മറ്റൊരു കഥയാക്കി? എന്തുകൊണ്ട്‌ ട്രയലില്‍ ഈ ഇമെയില്‍ തെളിവായി കാണിക്കാതിരുന്നു? എന്താണ്‌ ഈ കുറ്റപ്പെടുത്തലിന്റെ പിന്നില്‍ ഉള്ളത്‌? ആരാണ്‌ ഇവ കെട്ടി ചമയ്‌ക്കുന്നത്‌? ആരെയാണ്‌ അവര്‍ക്കു വേണ്ടിയത്‌? എങ്ങിനെയാണ്‌ ഈ കഥകള്‍ മാധ്യമങ്ങള്‍ക്ക്‌ കിട്ടിയത്‌?

 

തീര്‍ച്ചയായും മാധ്യമങ്ങള്‍ക്ക്‌ ഇതു്‌ ഊഹിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇവയെല്ലാം ചോദ്യചിഹ്ന്‌നങ്ങളായി ഇപ്പോഴും അവശേഷിക്കുന്നു! പ്രധാന സാക്ഷി ഗില്‍മന്‍ പലപല പ്രാവശ്യം അധികാരികളുടെ മുന്‍പില്‍ സ്‌റ്റേറ്റ്‌മെന്റുകള്‍ മാറ്റിപ്പറഞ്ഞു. എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ മൊഴി മാറ്റി പറയേണ്ടി വന്നു? അദ്ദേഹത്തിന്‌ ഉറപ്പില്ലാത്തതിനാല്‍ ആണോ? അതോ അദ്ദേഹത്തിന്‌ ആരെങ്കിലും ഉറപ്പ്‌ കൊടുത്തിട്ടാണോ? അതുമല്ലെങ്കില്‍ നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ്‌ ഓഫര്‍ വന്നപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയുള്ള അദ്ദേഹത്തിന്റെ വിഭ്രാന്തിയായിരുന്നോ? പ്രേക്ഷകര്‍, കാണികള്‍, വായനക്കാര്‍, നിരീക്ഷകര്‍ എല്ലാവരെയും ഇതു്‌ ഒരുപോലെ അത്ഭുതം കൊള്ളിക്കുന്നു. എങ്ങിനെയായാലും ഗവണ്മെന്റ്‌ ഇങ്ങനെയൊരു ഇമെയില്‍ പ്രസന്റേഷന്‍ കൈമാറിയതായി ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍ മാത്യു കുറ്റക്കാരനല്ല എന്നു ചിന്തിക്കാനും, മാത്യുവിനെ ട്രാപ്പ്‌ ചെയ്യാന്‍ കെട്ടിച്ചമച്ച കഥയാണ്‌ ഇതെന്നും മനസിലാക്കാം.

 

കുറ്റക്കാരല്ലാത്തവരുടെമേല്‍ കുറ്റം ചുമത്തിവയ്‌ക്കുക മാത്രമല്ല, അതിനോടൊപ്പം ഈ 80 വയസ്സുകാരനെക്കൊണ്ട്‌ ചെയ്യിച്ച ക്രൂരകൃത്യങ്ങളും ദൈവത്തിനു നിരക്കാത്ത തരത്തിലുള്ള കഠിനകൃത്യങ്ങള്‍ തന്നെയാണ്‌. അദ്ദേത്തിന്റെ പ്രായവും, കുടുംബ സാഹചര്യങ്ങളും, ആരോഗ്യ സ്ഥിതികളും, ഇതിനെല്ലാംപ്പുറമെ ഈ വാര്‍ധക്യത്തില്‍ വരാവുന്ന ജയില്‍ വാസവും അതേത്തുടര്‍ന്ന്‌ ഉണ്ടാകാന്‍ സാധ്യതയുള്ള ജയില്‍ മരണവും ഒരു വശത്തു നില്‍ക്കുമ്പോള്‍, നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ്‌ എന്നുള്ള സുരക്ഷിതമാര്‌ഗ്ഗം സ്വീകരിച്ചു പ്രോസിക്യൂട്ടെഴ്‌സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ഈ ക്രൂരകൃത്യത്തിനു വശംവദനായി മാത്യു മാര്‍ത്തോമയെ ബലിയാടാക്കി. ആര്‍ക്കാണ്‌ ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ സംഭവിച്ചുകൂടാത്തത്‌? മാത്യു ന്യൂനപക്ഷ സമൂഹത്തില്‍പ്പെട്ട ഇന്ത്യന്‍ വംശജന്‍ ആയതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്‌? പ്രതികൂലമായ തെളിവുകള്‍ ഒന്നുമില്ലാഞ്ഞിട്ടും, അനുകൂലമായ തെളിവുകള്‍ പലതുമുണ്ടായിട്ടും എന്തുകൊണ്ട്‌ ജൂറി മാത്യുവിനെ കുറ്റക്കാരനായി വിധിച്ചു? ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍!!! ജോസഫ്‌ മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.