You are Here : Home / USA News

സാന്തോം ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 9,10 തീയതികളില്‍ കോഴഞ്ചേരിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 05, 2013 04:19 hrs UTC

മധ്യതിരുവിതാംകൂറിലെ സാംസ്കാരിക നവോത്ഥാനത്തിനും വികസനത്തിനും വിദ്യാഭ്യാസത്തിനും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ കോഴഞ്ചേരി സെന്റ് തോമസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ദുബായ്, ഷാര്‍ജ, നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററുകളുടെ സഹകരണത്തോടെ ലോകമെമ്പാടുമുള്ള വിവിധ ചാപ്റ്ററുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 9, 10 (വെള്ളി, ശനി) ദിവസങ്ങളില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ആഗോള സംഗമത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30-ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നിര്‍വഹിക്കും. തുടര്‍ന്ന് കേരളത്തിന്റേയും തിരുവിതാംകൂറിന്റേയും ചരിത്രം വിളിച്ചറിയിക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പ്രദര്‍ശനം നടത്തപ്പെടും.

 

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മുന്‍ അധ്യാപകര്‍, കോളജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സൗകര്യം ഒരുക്കുന്ന ചരിത്ര പ്രദര്‍ശനം ഗള്‍ഫ് മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് നടത്തപ്പെടുന്നത്. പത്താംതീയതി ശനിയാഴ്ച രാവിലെ 11.30-ന് പൊതുസമ്മേളനം നടത്തപ്പെടും. സമ്മേളനം കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, കലാമണ്ഡലം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, സിനിമാതാരം കൈലാഷ്, ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ഡി രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, ഇന്ത്യന്‍ വ്യവസായി ജോര്‍ജ് മാത്യു മുത്തൂറ്റ്, അമേരിക്കന്‍ വ്യവസായി ജോണ്‍ ടൈറ്റസ് (സിയാറ്റില്‍) എന്നിവര്‍ക്ക് സാന്തോം എമിനന്റ് പേഴ്‌സണാലിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും.

 

വിവിധ രാജ്യങ്ങളില്‍ നിന്നും ഇരുനൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍, കേരളത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ആഗോള സമ്മേളനത്തോടനുബന്ധിച്ച് മുന്‍ അധ്യാപകരെ ആദരിക്കുന്ന "ഗുരുവന്ദനം', വിവിധ കാലഘട്ടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍, വിവിധ കലാപരിപാടികള്‍, പൊതുസമ്മേളനം, അവാര്‍ഡ് ദാനം, വജ്രജൂബിലി പരിപാടികള്‍ എന്നിവ നടത്തപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ റോയ്‌സ് മല്ലശേരി, പബ്ലിസിറ്റി ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, കണ്‍വീനര്‍ പ്രദീപ് കുമാര്‍, പ്രോഗ്രാം ഓര്‍ഗനൈസിംഗ് സെക്രട്ടറി റോയി നെല്ലിക്കാലാ, ജനറല്‍ കണ്‍വീനര്‍ ജോബി എസ് ജോഷ്വാ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.