ഹൂസ്റ്റണ്‍ : ടെക്സാസ് സംസ്ഥാനത്ത് മിസേറി സിറ്റിയുടെ ഡപ്യൂട്ടി മേയര്‍(പ്രോട്ടെം മേയര്‍) ആയി മലയാളിയായ റോബിന് ഇലയ്ക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മെയ് 19ന് നടന്ന സിറ്റി കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് റോബിനെ പ്രോട്ടം മേയറായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. രണ്ടുവര്‍ഷമാണ് കാലാവധി. മിസ്സോറിസിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന് പ്രോട്ടെം മേയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.
2009ല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജനും റോബിന് ഇലയ്ക്കാട്ടാണ്. പിന്നീട് 2011ലും 2013ലും തുടര്‍ച്ചയായി സിറ്റി കൗണ്‍സിലിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മിസ്സോറിസിറ്റിയുടെ സമഗ്രവികസനത്തിനുവേണ്ടി അത്യധ്വാനം ചെയ്യുന്ന റോബിന് ഇലയ്ക്കാട്ടിന്റെ പ്രവര്‍ത്തമികവിന്റെ അംഗീകാരമാണ് ഈ സ്ഥാനലബ്ധി.
സിറ്റി കൗണ്‍സില്‍ സഹപ്രവര്ത്തകന് തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ താന്‍ കൂടുതല്‍ വിനയാന്വിതനാകുന്നുവെന്നും, മിസോറി സിറ്റിയിലെ ജനങ്ങളെ സേവിയ്ക്കുവാനുള്ള തന്റെ ദൗത്യം കൂടുതല്‍ ഉത്തരവാദിത്വമുള്ളതായി തീര്ന്നിരിയ്ക്കുന്നുവെന്നും, മിസോറിസിറ്റിയിലെ അമേരിക്കയില്‍ താമസിയ്ക്കുന്നതിനും, ജോലി ചെയ്യുന്നതിനും ജീവിയ്ക്കുന്നതിനും ഏറ്റവും അനുയോജ്യമായ പട്ടണങ്ങളില്‍ ഒന്നായി മാറ്റുന്നതിന് താന്‍ അക്ഷീണം പരിശ്രമിയ്ക്കുമെന്നും റോബിന് ഇലയ്ക്കാട്ട് ചൂണ്ടിക്കാട്ടി.
സിറ്റിയുടെ പാര്‍ക്ക്സ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനും ബോര്ഡ്മെമ്പറായും പ്രവര്‍ത്തിയ്ക്കുന്ന റോബിന് കോളനി ലേക്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന് ബോര്‍ഡിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.
ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. മിസോറി സിറ്റിയുടെ വിവിധ കമ്മറ്റികളുടെ അദ്ധ്യക്ഷ സ്ഥാനവും വഹിച്ചുവരുന്നു.
ഹൂസ്റ്റണിലെ പ്രവാസി മലയാളികളുടെ ഇടയില്‍ സജീവ സാന്നിദ്ധമായ, യുവത്വത്തിന്റെ പ്രതീകമായ റോബിന് ഇലയ്ക്കാട്ടിന്റെ പുതിയ സ്ഥാനലബ്ധിയില്‍ മലയാളി സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവരുടെ അഭിനന്ദനപ്രവാഹം തുടരുന്നു.
കോട്ടയം ജില്ലയില്‍ കുറുമള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയ സീമന്തപുത്രനായ റോബിന് ഷുഗര്‍ലാന്‍ഡ് മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റും, റേഡിയോളജി ആന്റ് കാര്‍ഡിയോളജി വിഭാഗം ഡയറക്ടറുമായി പ്രവര്‍ത്തിയ്ക്കുന്നു. വെളിയനാട് ചെമ്മഴക്കാട്ട് കുടുംബാംഗം റ്റീനാ മോളാണ് ഭാര്യ. ലിയാ, കേറ്റ്ലിന് എന്നിവര്‍ മക്കളാണ്.
റോബിന് ഇലയ്ക്കാട്ടുമായി ബന്ധപ്പെടേണ്ട നമ്പര്‍-832-498-5001
robinelackatt@gmail.com
Comments