You are Here : Home / USA News

മലയാളികളും അമേരിക്കൻ രാഷ്ട്രീയത്തിൽ പങ്കാളികളാകണം: ആസിഫ് അലി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, May 03, 2014 07:57 hrs UTC

ഡാലസ്:  അമേരിക്കൻ രാക്ഷ്ട്രീയത്തിൽ ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു  മലയാളി സാന്നിധ്യം കുറവാണെന്ന് അമേരിക്കയിലെ പ്രമുഖ മലയാളി ജേർണലിസ്റ്റും പ്രസാധകനുമായ ആസിഫ് അലി അഭിപ്രായപ്പെട്ടു .   ഡാലസിൽ നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രവർത്തനോത്‌ഘാടനത്തിൽ ഇന്ത്യൻ-അമേരിക്കൻ മാധ്യമ വളർച്ച എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം.  
 
അമേരിക്കൻ മലയാളികൾക്ക് കേരള രാക്ഷ്ട്രീയമാണ് ഇപ്പോഴും താൽപര്യം.  മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പിറകിലാണ് നാമിപ്പോഴും. സിറ്റി  കൌണ്‍സിൽ തുടങ്ങി താഴേക്കിടയിൽ നിന്നുള്ള  അമേരിക്കൻ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ പങ്കാളികളാകുവാൻ മലയാളികളും തങ്ങളുടെ കഴിവുകൾ ഉപയോഗിക്കണം.  ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ  അമേരിക്കയിലെ രാക്ഷ്ട്രീയ  സംവിധാനത്തിൻറെ മുഖ്യധാരയിൽ കൊണ്ട് വരുവാൻ ഇതുസഹായകമാകും എന്ന് അദ്ദേഹം പറഞ്ഞു.  
 
കട്ടൻകാപ്പിയും പത്രവുമെന്ന രാവിലത്തെ ശീലം ഇപ്പോൾ  ഐ-പാഡിലേക്ക് മാറി. ഓണ്‍ലൈൻ മീഡിയയിലേക്കാണ് വായനാശീലം മാറുന്നത്.  ന്യൂയോർക്ക്‌ പോസ്റ്റ്‌ , വാൾ സ്ട്രീറ്റ് ജേർണൽ പോലുള്ള പ്രമുഖ പത്രങ്ങളുടെ  ഭാവിയും  ഓണ്‍ലൈൻ ആയിരിക്കുമെന്നു വിവിധ കണക്കുകളെ ഉദ്ധരിച്ചു  അദ്ദേഹം പറഞ്ഞു. അച്ചടി  പത്രങ്ങൾക്കു രണ്ടാം  തലമുറയുമായുള്ള ബന്ധം നഷ്ടപെടുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
 
തുടർന്ന്, നോർത്ത് ടെക്‌സാസ്  ചാപ്റ്ററിന്റെ 2014 പ്രവർത്തനോദ്ഘാടനം  ആസിഫ് തിരി  തെളിച്ചു നിർവഹിച്ചു. ഡാളസിലെ മാധ്യമ പ്രവർത്തരും സാമൂഹിക സംസ്കാരിക  പ്രവർത്തരും ചടങ്ങിൽ പങ്കെടുത്തു.  നോര്‍ത്ത് ടെക്‌സാസ്  ചാപ്റ്റർ പ്രസിഡണ്ട്‌ ജോസ് പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു.
 
വാഷിംഗ്ടണിൽ നിന്നിറങ്ങുന്ന  അമേരിക്കൻ ബസാർ, ഗ്ലോബൽ ഇന്ത്യ ന്യൂസ്‌വയർ   എന്നീ പ്രസിധീകരണങ്ങളുടെ പ്രസാധകനാണ് ആസിഫ്. ടൈംസ്‌ ഓഫ് ഇന്ത്യ.  പബ്ലിക് ഇന്റഗ്രിറ്റി എന്നീ മാധ്യമങ്ങൾക്ക് വേണ്ടി സബ് എഡിറ്റർ, ഇൻവെസ്റ്റിഗേറ്റീവ്   ജേർണലിസ്റ്റ് എന്നീ മേഖലകളിൽ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.
 
മാധ്യമരംഗത്തെ  മാറുന്ന പ്രവണതകളെക്കുറിച്ച് തുടർന്ന്  ചർച്ച  സംഘടിക്കപ്പെട്ടു.  മാധ്യമങ്ങളും സംഘടനകളും സമൂഹനന്മ ലക്ഷ്യമാക്കി പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉരുത്തിരിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ യുവജനങ്ങളെ  ബോധവൽക്കരിക്കുവാൻ യുവതലമുറയിലെ  മാധ്യമപ്രവർത്തകരെ കണ്ടെത്തിയുള്ള പത്രപ്രവർത്തനം അനിവാര്യമാണെന്നു  ചർച്ച ചെയ്യപ്പെട്ടു.
 
ജോസ് പ്ലാക്കാട്ട്  അധ്യക്ഷപ്രസംഗം നടത്തി.  സംഘടനയുടെ മുൻ പ്രസിഡന്ടുമാരായ എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്‌ , സണ്ണി മാളിയേക്കൽ തുടങ്ങിയവർ  ആശംസകൾ അർപ്പിച്ചു. 
 
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഫിലിപ്പ് ചാമത്തിൽ (ഫോമ), ബോബൻ കൊടുവത്ത് (ഫൊക്കാന), പി സി മാത്യു (വേൾഡ്‌ മലയാളി) , റോയ് കൊടുവത്ത് (കേരള അസോസിയേഷൻ ഓഫ് ഡാലസ് ) തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.  
 
പി പി ചെറിയാൻ (വൈ. പ്രസിഡണ്ട്‌) സ്വാഗതവും,  ബിജിലി ജോര്‍ജ് (സെക്രട്ടറി) നന്ദിയും പറഞ്ഞു.  ചാപ്റ്റർ അംഗങ്ങളായ സിജു വി ജോർജ്, ഏലിയാസ് മാർക്കോസ്,   ബെന്നി ജോണ്‍ , ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ തുടങ്ങിയവരും  ചടങ്ങുകൾക്ക്  നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.