You are Here : Home / USA News

സംഗീതക്കച്ചേരി ഡാളസ്സിലെ മ്യൂസിക്‌ ഹാളില്‍

Text Size  

Story Dated: Wednesday, April 09, 2014 10:25 hrs UTC

ഡാളസ്‌:മലയാള സംഗീത സാമ്രാട്ടായ ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ കെ.ജെ യേശുദാസും, മകന്‍ വിജയ്‌ യേശുദാസും, സ്വേതാ മോഹനനും, മലയാള സിമിമാ വേദിയിലെ യുവജനങ്ങളുടെ പ്രിയങ്കരതാരവുമായ രമ്യാ നമ്പീശനുമടങ്ങുന്ന വമ്പന്‍ സംഗീതക്കച്ചേരി ഈ വരുന്ന 24ന്‌ വൈകിട്ട്‌ 6 മണിയോടെ ഡാളസ്സിലെ പ്രസിദ്ധമായ ഫെയര്‍ പാര്‍ക്കിലുള്ള മ്യൂസിക്‌ ഹാളില്‍ അരങ്ങേറും. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ ഗാര്‍ലന്റില്‍ സ്ഥിതിചെയ്യുന്ന ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ പുതുക്കിപ്പണിയുമായി ബന്ധപ്പെട്ടു നടക്കുന്ന ധനശേഖരണാര്‍ത്ഥമാണ്‌ ഈ മെഗാ ഷോ ഒരുക്കപ്പെടുന്നത്‌.

 

ഇപ്പോഴത്തെ മാര്‍ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വര്‍ഷങ്ങളോളം പഴക്കം ചെന്നതും, വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഈസ്റ്റര്‍ , ഓശാന, ദുഃഖവെള്ളിയാഴ്‌ച മുതലായ പ്രധാന പെരുന്നാളുകളിലും മറ്റും ഭക്തിയോടെ എത്തുന്ന വിശ്വാസികള്‍ക്ക്‌ ദേവാലയത്തിനുള്ളില്‍ തന്നെ ആരാധനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്‌ സംജാതമായിരിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. വിശുദ്ധ വേദപുസ്‌തകത്തില്‍ ദേവാലയത്തിനു കൊടുത്തിരിക്കുന്ന പ്രാധാന്യം മനസ്സിലാക്കി കമ്മിറ്റി അംഗങ്ങള്‍ നടത്തുന്ന ഈ സംരംഭം വിജയിപ്പിക്കുന്നതോടെ 200ഓളം വരുന്ന കുടുംബങ്ങള്‍ക്കും പുറത്തുനിന്നെത്തുന്ന അതിഥികള്‍ക്കും ആരാധനയില്‍ പൂര്‍ണ്ണമായി പങ്കെടുക്കാനുള്ള അവസരം ലഭിക്കുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും.

 

വിശുദ്ധനായി ജീവിച്ച്‌ പ്രാര്‍ത്ഥനയിലൂടെയും വ്രതതാനുഷ്‌ഠാനങ്ങളിലൂടെയും യേശുവിന്റെ സാക്ഷിയായിത്തീര്‍ന്ന പരിശുദ്ധ പരുമല തിരുമേനി അനേക വിശ്വാസികളുടെ ഹൃദയത്തിലെ ആശ്വാസവും അത്താണിയുമാണ്‌. കേരളത്തില്‍ സഭാവ്യത്യാസമില്ലാതെ തന്നെ ആഘോഷിക്കുന്ന പെരുന്നാളുകളില്‍ ഒന്നാണ്‌ പരുമലപ്പള്ളി പെരുന്നാള്‍. മെഗാഷോയുടെ വിജയത്തിനായി റവ.ഫാ. തോമസ്‌ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അലക്‌സ്‌ അലെക്‌സാണ്ടെര്‍ കണ്‍വീനറായും, ഏലിയാസ്‌കുട്ടി പത്രോസ്‌ സെക്രട്ടറിയായും, ജിം ഏബ്രഹാം ട്രഷററായും 30 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. 2014ലെ മെഗാഷോ എന്നു തറപ്പിച്ചു പറയുവാന്‍ കഴിയുന്ന ''യെസ്റ്റര്‍ഡേ ആന്‍ഡ്‌ ടുഡേ` എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത സാഹാഹ്നം ഡാളസ്സിലെ സംഗീതാസ്വാദകര്‍ക്ക്‌ മറക്കുവാന്‍ കഴിയാത്ത അനുഭവമായിരിക്കുമെന്ന്‌ ലേഖകന്‍ കരുതുന്നു. മൂവായിരത്തി അഞ്ഞൂറോളം പേര്‍ക്ക്‌ ഇരിക്കുവാന്‍ കഴിയുന്ന മനോഹരമായ ഓഡിറ്റോറിയത്തില്‍ അലയടിക്കുന്ന മലയാള ഗാനങ്ങള്‍ കേള്‍ക്കുവാന്‍ സംഗീതാസ്വാദകര്‍ കാതോര്‍ത്തിരിക്കുകയാണ്‌. ഡാളസ്സിലെ എല്ലാ മലയാളികളെയും പരിപാടിയിലേക്ക്‌ ക്ഷണിക്കുന്നതോടൊപ്പം ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

 

www.yesudas2014.com ല്‍ ടിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏലിയാസ്‌കുട്ടി പത്രോസ്‌: 2417385236; അലക്‌സ്‌ അലക്‌സാണ്ടര്‍: 2142899192

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.