You are Here : Home / USA News

ഇലക്ഷന്റെ വീറും വാശിയും തെളിയിക്കുന്ന ഇലക്ഷന്‍ സംവാദം

Text Size  

Story Dated: Monday, April 07, 2014 04:44 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നില്ലെങ്കിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ഇലക്ഷന്റെ വീറും വാശിയും ഒട്ടും കുറവല്ലെന്നു തെളിയിക്കുന്നതായിരുന്നു കൈരളി ടിവി ടൈസന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദം. അനുകൂലിക്കുന്ന പാര്‍ട്ടികളുടെ വക്താക്കളായി രംഗത്തുവന്നവര്‍ തങ്ങളുടെ പാര്‍ട്ടിക്ക് വന്‍ നേട്ടം പ്രവചിക്കുകയും ചെയ്തു. അതു ശരിയാകണമെങ്കില്‍ കേരളത്തില്‍ 20 ലോക്‌സഭാ സീറ്റ് പോരാ എന്നു മാത്രം!

കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലെ തെരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും അത് രാഷ്ട്ര ഘടനയെ മാറ്റിമറിക്കുമെന്നാരും കരുതിയിരുന്നില്ലെന്ന് ആങ്കറായിരുന്ന കൈരളി ടിവിയുടെ ജോസ് കാടാപുറം ചൂണ്ടിക്കാട്ടി. ഇപ്രവാശ്യം അതല്ല സ്ഥിതി. ബി.ജെ.പിയും നരേന്ദ്ര മോഡിയും അധികാരത്തില്‍ വന്നാല്‍ ഇന്നുകാണുന്ന ഇന്ത്യ തന്നെ മാറിപ്പോയി എന്നുവരാം. മതേതരത്വത്തിനു വെല്ലുവിളിയാകുന്ന കോര്‍പറേറ്റുകളെ തുണയ്ക്കുന്ന ഭരണകൂടമാകാം അവര്‍ കൊണ്ടുവരാന്‍ പോകുന്നത്. അത് ഇപ്പോഴത്തെ സ്ഥിതി മാറ്റിമറിച്ചുവെന്നും വരാം.

അമേരിക്കന്‍ ഇലക്ഷനില്‍ പ്രചാരണത്തിനും മറ്റുമായി ചെലവായത് അഞ്ച് ബില്യന്‍ ഡോളറാണെങ്കില്‍ അതില്‍ കൂടുതല്‍ ഇന്ത്യയില്‍ ചെലവാകുന്നു എന്ന ദുസ്ഥിതിയുണ്ട്. ദരിദ്രനാരായണന്മാരുടെ നാട്ടില്‍ പണം ഒഴുക്കി തെരഞ്ഞെടുപ്പ് പ്രചാരണം എത്രമാത്രം ആവശ്യമാണ് എന്ന ചോദ്യവും ഉയരുന്നു-ജോസ് പറഞ്ഞു.

ഗുജറാത്തില്‍ കൈവരിച്ച വലിയ നേട്ടങ്ങളുമായാണ് നരേന്ദ്രമോഡി ഇലക്ഷനെ നേരിടുന്നതെന്ന് ബി.ജെ.പിയെ പ്രതിനിധീകരിച്ച് ജോര്‍ജ് പാടിയേടത്ത്, ശിവദാസന്‍ നായര്‍ എന്നിവര്‍ പറഞ്ഞു. എട്ടു ലക്ഷം കോടിയുടെ അഴിമതിയാണ് യു.പി.എ ഭരണകാലത്ത് ഉണ്ടായത്. തോല്‍വി പേടിച്ച ജി.കെ. വാസന്‍, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ മത്സരിക്കാന്‍ തന്നെ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ മോഡിയെ ഗുജറാത്ത് കലാപ കേസില്‍ കുടുക്കാനാണ് ചിലരുടെ ശ്രമം. കോടതിയും അന്വേഷണവുമെല്ലാം അദ്ദേഹത്തെ കുറ്റവിമുക്തമാക്കയതാണ്.

ഇത് യുവാക്കളുടെ ഇലക്ഷനാണ്. മൂന്നില്‍ രണ്ട് വോട്ടര്‍മാരും യുവാക്കളാണ്. ഗുജറാത്തില്‍ കൈവരിച്ച നേട്ടം ഇന്ത്യയിലാകെ എത്തിക്കാന്‍ അവര്‍ മോഡിയെ ഉറ്റുനോക്കുന്നു- ശിവദാസന്‍ നായര്‍ പറഞ്ഞു. ഇന്ത്യാ-യു.എസ് ആണവ കരാറിനു ബി.ജെ.പി എതിരായിരുന്നില്ലെന്നും ചോദ്യത്തിനുത്തരമായി ശിവദാസന്‍ നായര്‍ പറഞ്ഞു. യു.എസ് വിസ നിരസിച്ചശേഷം മോഡി പിന്നീടൊരിക്കലും വിസയ്ക്ക് അപേക്ഷിച്ചിട്ടില്ല. മാധ്യമങ്ങളാണ് ഈ വിഷയം പൊക്കിപ്പിടിക്കുന്നത്. മതമല്ല, രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനം എന്നു വിശ്വസിക്കുന്നതിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന വ്യത്യാസം- അദ്ദേഹം പറഞ്ഞു.

മന്‍മനോഹന്‍സിംഗ് പരാജയപ്പെട്ട പ്രധാനമന്ത്രിയാണോ എന്ന ചോദ്യത്തിനു ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാള്‍ എന്നായിരുന്നു ഐ.എന്‍.ഒ.സി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാമിന്റെ മറുപടി. പത്തുവര്‍ഷത്തിനിടെ രാജ്യം ഏറെ വികസിച്ചു. സാമ്പത്തിക രംഗത്ത് വലിയ പരിഷ്‌കാരങ്ങള്‍ വന്നു. അഴിമതിക്കാരെ (മുന്‍ കേന്ദ്രമന്ത്രിമാരടക്കം) അഴിക്കുള്ളിലായത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം ഉപയോഗിച്ചാണ്. ലോക്പാല്‍ ബില്ലാണ് മറ്റൊന്ന്. ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും ഗുണകരമാകുന്ന വിദേശ നിക്ഷേപം കൊണ്ടുവരാന്‍ കേന്ദ്രം തയാറായപ്പോള്‍ എതിര്‍ത്തത് ബി.ജെ.പി ആണ്. അവ വന്നാല്‍ ബി.ജെ.പി തുണയ്ക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് ദോഷമാകുമെന്നതു തന്നെ കാരണം.

മന്‍മോഹന്റെ കീഴില്‍ ഗ്രാമീണ തൊഴില്‍ പദ്ധതി വിജയകരമായി. ഭാക്ഷ്യധാന്യശേഖരം റിക്കാര്‍ഡ് തലത്തിലെത്തി. റോഡുകളും മറ്റ് ഇന്‍ഫ്രാസ്‌ട്രെക്ചറും വികസിക്കപ്പെട്ടു. അമേരിക്കപോലും അസൂയപ്പെടുന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചു. ആകെ പരാജയപ്പെട്ടത് ഇതൊക്കെ ജനത്തെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്.

ഇന്ത്യാ-യു.എസ് ആണവ കരാര്‍ പ്രകാരം ഒരു യൂണീറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ചോദ്യത്തിനു ഉത്തരമായി അദ്ദേഹം സമ്മതിച്ചു. എന്നാല്‍ കരാര്‍ ഭാവിയിലേക്ക് ഉപകാരപ്പെടുന്നതാണ്.

മതേതരത്വം എന്ന അടിസ്ഥാന തത്വത്തെ കാറ്റില്‍ പറത്തുന്ന ബി.ജെ.പിക്ക് ഇന്ത്യയെ രക്ഷിക്കാനാവില്ലെന്നു ഐ.എന്‍.ഒ.സിയുടെ മറ്റൊരു പ്രതിനിധി ജോസ് ചാരുംമൂട് പറഞ്ഞു. യദിയൂരപ്പയെപ്പോലുള്ളവരെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന ബി.ജെ.പിക്ക് അഴിമതിയെപ്പറ്റി പറയാന്‍ ഒരവാകാശവുമില്ല. ഇന്ത്യ ലോകരംഗത്ത് ആദരിക്കപ്പെടുന്നത് മന്‍മോഹന്‍ സിംഗിന്റെ ഭരണംമൂലമാണെന്ന് സജി ഏബ്രഹാം പറഞ്ഞു.

ഇടതുപക്ഷം കേരളത്തില്‍ ഭരിക്കുമ്പോഴാണ് പ്രവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന നിയമം കൊണ്ടുവന്നതെന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച ടെറന്‍സണ്‍ തോമസ് ചൂണ്ടിക്കാട്ടി. അമേരിക്കയെ അല്ല അമേരിക്കയുടെ സാമ്പത്തിക നയങ്ങളെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്. പ്രവാസികള്‍ക്കുവേണ്ടി ഒരു കാര്യം പോലും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തില്ലെന്നും ടെറന്‍സണ്‍ തോമസ് ചൂണ്ടിക്കാട്ടി.

മതേതരത്വവും സോഷ്യലിസവും ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളാണെന്നു ഇടതുപക്ഷത്തിന്റെ മറ്റൊരു വക്താവായി വന്ന ഇ.എം. സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. അതു തര്‍ക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. ഇടതുപക്ഷം എന്നു പറയുമ്പോള്‍ അങ്ങനെ ഒരു പക്ഷം തന്നെയുണ്ട്. പത്തുവര്‍ഷമായി നോമിനേറ്റഡ് പ്രധാമന്ത്രിയായാണ് മന്‍മോഹന്‍സിംഗ് ഭരിക്കുന്നത്. കേരളത്തില്‍ ജനാധിപത്യ രീതിയില്‍ ഒരു കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ പോലും പറ്റിയില്ല.

മൂന്നാം ബദല്‍ ഇത്തവണയും വിജയിക്കുമെന്ന് തങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷെ പ്രാദേശിക പാര്‍ട്ടികള്‍് ഇനിയുള്ളകാലത്ത് അധികാരകേന്ദ്രങ്ങളാകുക. ഡല്‍ഹിയിലെ എ.എ.പി വിജയം തന്നെ ഉദാഹരണം. ചില ആര്‍.എസ്.പി നേതാക്കള്‍ വിട്ടുപോയതുകൊണ്ട് എല്ലാവരും ഇടതുമുന്നണി വിട്ടു എന്ന് അര്‍ത്ഥമില്ല-സ്റ്റീഫന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി ഒരു വര്‍ഗ്ഗീയകക്ഷി അല്ലെന്നും അതൊരു ജനകായ പ്രസ്ഥാനമാണെന്നും എ.എ.പി പ്രതിനിധി മോഹന്‍
ചിറമണ്ണില്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളായ കൈക്കൂലി, അരക്ഷിതാവസ്ഥ എന്നിവയില്‍ ജനം മടുത്തപ്പോള്‍ ഉണ്ടായ ജനകീയ പ്രതികരണമാണത്. സ്വരാജ് എന്ന ആശയത്തില്‍ എ.എ.പി വിശ്വസിക്കുന്നു. അതായത് ഗ്രാമങ്ങളിലെ താഴെത്തട്ടില്‍ നിന്ന് ഭരണം ഉരുത്തിരിയണം.

കര്‍ഷകര്‍ക്കു ദോഷം വരുന്ന സംഭവിക്കുന്ന ഒന്നിനും കേരളാ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നു ഡോ. ജോസ് കാനാട്ട്, കുഞ്ഞ് എന്നിവര്‍ ചൂണ്ടിക്കാട്ടി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കാരണം ആരെയും ഇറക്കിവിടില്ലായിരിക്കാം. പക്ഷെ വികസനം തടയുന്നതാണത്. യു.പി.എയ്ക്കുവേണ്ടിയല്ല കര്‍ഷകര്‍ക്കുവേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് നിലപാടെടുത്തത്. അതിനായി മന്ത്രിസഭ വിടാന്‍ പോലും പാര്‍ട്ടി ഒരുക്കമായിരുന്നു. തന്നെ തെരഞ്ഞെടുത്തുവിട്ട ജനത്തോടൊപ്പം നില്‍ക്കാന്‍ വിസമ്മതിച്ചു എന്നതാണ് പി.ടി. തോമസ് എം.പിക്കു പറ്റിയ പിഴവ്.

ജോസ് കെ. മാണിയെ കോട്ടയത്ത് വിജയിപ്പിക്കാനാണ് കേരളാ കോണ്‍ഗ്രസ് ഇടുക്കിയിലെ അവകാശവാദം ഉപേക്ഷിച്ചതെന്നതും ശരിയല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ദോഷം വരില്ലെന്നു കണ്ട് യു.പി.എയ്ക്കുവേണ്ടിയാണ് പാര്‍ട്ടി ഇടുക്കി വിട്ടുകൊടുത്തത്.

മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹ്മദ് സീറ്റിനുവേണ്ടി സ്റ്റേറ്റ് പ്രസിഡന്റിന്റെ കാല്‍ക്കല്‍ വന്നുവെന്നു പറയുന്നത് ശരിയല്ലെന്ന് മലപ്പുറംകാരനായ തനിക്ക് പറയാനാകുമെന്ന് മുമ്പ് അസംബ്ലിയിലേക്ക് മത്സരിച്ചിട്ടുള്ള യു.എ. നസീര്‍ പറഞ്ഞു. അതൊക്കെ മാധ്യമസൃഷ്ടി മാത്രമായിരുന്നു. മലപ്പുറത്ത് ഇ. അഹ്മദും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെ നേടുമെന്നതില്‍ സംശയമില്ല. ബഷീറിനെതിരേയാണ് മുമ്പ് നസീര്‍ അസംബ്ലിയിലേക്ക് മത്സരിച്ചത്. മുന്‍ മന്ത്രി യു.എ. ബിരാന്റെ പുത്രനാണ് നസീര്‍.

ബി.ജെ.പിക്ക് സാധ്യത കുറവില്ലെന്നാണ് നിഷ്പക്ഷമതികള്‍ക്ക് തോന്നുന്നതെന്ന് പ്രത്യേക പാര്‍ട്ടി അനുഭാവിയൊന്നുമല്ലാത്ത കുര്യന്‍ പള്ളിയാങ്കല്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പം വരുമെന്നും കരുതുന്നു.

ബി.ജെ.പി പതിവായി വോട്ട് മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണത്തിനു മറുപടിയായി ശിവദാസന്‍ നായര്‍ പറഞ്ഞത് കേരളത്തിലേയും ദേശീയ രാഷ്ട്രീയത്തിലേയും ഒരുപോലെ തുലനം ചെയ്യാനാവില്ലെന്നായിരുന്നു. കോണ്‍ഗ്രസിന്റെ മതപ്രീണനങ്ങളാണ് എല്ലാ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍. കേരളത്തിലെ ഇരു മുന്നണികളും മതപ്രീണനം തന്നെയാണ് തുടരുന്നത്.

ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്നു പറയുന്നത് ശരിയല്ലെന്ന് ജോര്‍ജ് ഏബ്രഹാം പറഞ്ഞു. ഗുജറാത്ത് എവിടെയാണ് വികസിച്ചത്? സാധാരണ ജനം ഇന്നും വലയുന്നു. കേരളത്തിലെ വികസനം പോലും സാധാരണ ജനങ്ങള്‍ക്ക് അവിടെ കിട്ടിയിട്ടില്ല. പബ്ലിക് റിലേഷന്‍സിലാണ് ബി.ജെപിയുടെ വിജയം. ഇടതുപക്ഷമാകട്ടെ കാലഹരണപ്പെട്ട ആശയവുമായി ജനങ്ങളെ ജനങ്ങളെ ദരിദ്രരായി നിര്‍ത്താന്‍ വെമ്പല്‍കൊള്ളുന്നു.

യു.ഡി.എഫിനു 14-16 സീറ്റ് ഐ.എന്‍.ഒ.സി വക്താക്കള്‍ അവകാശപ്പെടുന്നത്. പണച്ചാക്ക് മേശപ്പുറത്തുവെച്ച് എം.പിമാരെ വിലയ്ക്കുവാങ്ങിയാണ് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയത്. വാജ്‌പേയിക്കുശേഷം ബി.ജെ.പിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്ന് ഇ.എം. സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി. കൂടതല്‍ നരഹത്യ നടത്തുന്നവര്‍ക്ക് പ്രൊമോഷന്‍ എന്ന തരത്തില്‍ മാത്രമേ മോഡിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കാണാനാകൂ എന്നു ടെറന്‍സണും പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പ്രവാസികള്‍ക്ക് ഒരു ഗുണവും കിട്ടിയില്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു. പി.ഐ.ഒ കാര്‍ഡും മറ്റും ഏര്‍പ്പെടുത്തിയത് വാജ്‌പേയി ഭരിക്കുമ്പോഴാണെന്നത് മറക്കാനാകില്ല.

പ്രവാസികളുടെ പണവും പിന്തുണയും ഏറ്റവും അധികം ലഭിക്കുന്നത് ബി.ജെ.പിക്കാണെന്നും അതിനാല്‍ അവരുടെ ശക്തി ബി.ജെ.പിക്ക് അറിയാമെന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി. പ്രവാസികളെ തുണയ്ക്കാന്‍ യു.പി.എ സര്‍ക്കാരിനു പലതും ചെയ്യാമായിരുന്നു. പക്ഷെ ചെയ്തില്ല. ബി.ജെ.പി വന്നാല്‍ അതാവില്ല സ്ഥിതി- അദ്ദേഹം പറഞ്ഞു.
പക്ഷെ രാജ്യം ഇന്നത്തെ രീതിയില്‍ നിന്നു മാറിപ്പോകുമോ എന്ന ആശങ്കയണു പ്രധാനം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണ സമ്പ്രദായവും ഇക്കാലത്ത് വിവരമുള്ള മനുഷ്യര്‍ക്ക് അംഗീകരിക്കാനാവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.