You are Here : Home / USA News

അഭിമാനത്തോടും കൃതജ്ഞതയോടും ഭദ്രാസന യുവജനസഖ്യം ഭാരവാഹികള്‍ പടിയിറങ്ങുന്നു

Text Size  

Story Dated: Thursday, February 27, 2014 09:01 hrs UTC

ബെന്നി പരിമണം

 

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം  നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന് കര്‍മ്മനിരതമായ നേതൃത്വം നല്‍കി സഖ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ച ഭദ്രാസന യുവജനസഖ്യ ഭാരവാഹികള്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്നു. 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ യുവജനസഖ്യത്തിന് ശക്തവും ദീര്‍ഘവീക്ഷണത്തിലൂടെയും നേതൃത്വം നല്‍കിയ സെക്രട്ടറി ജോണ്‍ വര്‍ഗീസ് (ജോജി), ട്രഷറര്‍ ബാബു.പി. സൈമണ്‍, അസംബ്ലി മെമ്പര്‍ ബിനു. സി. തോമസ് എന്നിവരാണ് സ്ഥാനം ഒഴിയുന്ന ഭാരവാഹികള്‍. സന്തോഷത്തോടും അതിലുപരി അഭിമാനത്തോടും പുതിയ നേതൃത്വത്തിന് സ്ഥാനം കൈമാറുന്ന ഇവര്‍ കഴിഞ്ഞകാല സഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരിലൂടെയും ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികളെ മാര്‍ച്ച് മാസം ആദ്യവാരത്തില്‍ തിരഞ്ഞെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഭരണാധികാരി റവ.ഷാജി തോമസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നിവയിലൂടെ പ്രവര്‍ത്തന പരിപാടികള്‍ ക്രമീകരിച്ച ഭദ്രാസന യുവജന സഖ്യത്തിന് പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അശരണരുടെയും ആലംബഹീനരുടെയും വേദനകള്‍ക്ക് സ്വാന്തനവും അഭയവും ആകുവാന് സാധിച്ചു. ഭദ്രാസന സഖ്യമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ കണ്‍വന്‍ഷന്‍ ഡാലസ്, ഫിലാഡല്‍ഫിയ, ഫ്‌ളോറിഡ എന്നിവടങ്ങളില്‍ വെച്ച് അതിവിപുലമായ രീതിയില്‍ നടത്തുവാന് സാധിക്കുകയും, ഒപ്പം തന്നെ ഭദ്രാസന ദേശീയ കാലാമേള ചിട്ടയായും ഭംഗിയായും നടത്തുവാനും സാധിച്ചു. ചരിത്രത്തില്‍ ആദ്യമായി മാര്‍ത്തോമ്മാ സഭയുടെ ഒരു ദേശീയ സമ്മേളനം ഒരു ക്രൂസ് ഷിപ്പില്‍ വെച്ച് നടത്തപ്പെട്ടത് ഈ കാലയളവില്‍ ആണെന്നുള്ളത് അഭിമാനവും പ്രശംസനീയവുമത്രെ.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ യുവജനസഖ്യമായി കേരളത്തിലെ ഭവനരഹിതമായ പതിനൊന്നു പേര്‍ക്ക് അന്തിയുറങ്ങുവാന്‍ മനോഹരമായ പാര്‍പ്പിടം വെച്ചുകൊടുക്കുവാന്‍ ആവശ്യമായ തുക സമാഹരിക്കുകയും ഒപ്പം തന്നെ സഭയുടെ മെക്‌സിക്കോ മിഷന്‍ പ്രദേശങ്ങളില്‍ മിഷന്‍ ഫീല്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാമ്പത്തിക സഹായം നല്‍കുവാന്‍ സാധിക്കുകയും ചെയ്തു. മെക്‌സിക്കോ മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ ഭദ്രാസന യുവജനസഖ്യമായി ഭാഗവാക്കുകുകയും ചെയ്തു.

ഭദ്രാസന യുവജനസഖ്യത്തിന്റെ മുഖപത്രമായ 'യുവധാര' എല്ലാ വര്‍ഷങ്ങളിലും നിരവധി പതിപ്പുകള്‍ ക്രമീകൃതമായും, ഭംഗിയായും പ്രസിദ്ധീകരിക്കുന്നതിനും സാധിച്ചു. യുവധാര എഡിറ്റര്‍ ആയി സന്തോഷ് എബ്രഹാം, കണ്‍വീനര്‍ ആയി അജു മാത്യൂ എന്നിവര്‍ നിസ്തുല്യമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭദ്രാസനത്തിലെ ഇരുപത്തെട്ടില്‍പ്പരം ശാഖകളില്‍ നിന്നും രണ്ടായിരത്തില്‍ അധികം വരുന്ന അംഗങ്ങള്‍ വിവിധ സഖ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.

കഴിഞ്ഞ കാല ഭദ്രാസന യുവജനസഖ്യത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ കൈത്താങ്ങലുകളും പിന്തുണയും നിര്‍ദ്ദേശങ്ങളും തന്ന ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, ബഹു. അച്ചന്മാര്‍, ശാഖാ, സെന്റര്‍, റീജിയണ്‍ ചുമതലക്കാര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സഖ്യം സ്‌നേഹിതര്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ഒപ്പം പുതുതായി ചുമതലയേല്‍ക്കുന്ന എല്ലാ ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു കൊള്ളുകയും ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി ജോണ്‍ വര്‍ഗീസ്(ജോജി) അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.