You are Here : Home / USA News

അമേരിക്കന്‍ അതിഭദ്രാസനാസ്ഥാന കൂദാശ കര്‍മ്മം നിര്‍‌വ്വഹിച്ചു

Text Size  

Story Dated: Thursday, February 06, 2014 11:29 hrs UTC

 ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനാസ്ഥാനം ന്യൂജെഴ്‌സിയിലെ വിപ്പനിയില്‍ സമീപകാലത്ത് വാങ്ങിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതായി അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു.

ജനുവരി 19-ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കൂറിലോസ് അപ്രേം കരീം (സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫോര്‍ ഈസ്റ്റേണ്‍ യു.എസ്.എ.), അഭിവന്ദ്യ തോമസ് മാര്‍ അലക്സാന്‍ഡ്രയോസ് (ബോംബെ ഭദ്രാസനം), ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മഹനീയ നേതൃത്വത്തില്‍ ബ: കോര്‍ എപ്പിസ്കോപ്പമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി, ഭക്തിനിര്‍ഭരമായ "കൂദാശ" കര്‍മ്മം നിര്‍‌വ്വഹിക്കപ്പെട്ടതോടെ, ഭദ്രാസന ചരിത്രത്തിന്റെ താളുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു സുദിനമായി മാറി.

ന്യൂവാര്‍ക്ക് അന്താരാഷ്‌ട്ര വിമാനത്താവളത്തിനു സമീപത്തായി പ്രധാന ഹൈവേയുടെ ഓരത്ത് അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ആസ്ഥാന മന്ദിരത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു കഴിഞ്ഞു. വിപുലമായ സൗകര്യങ്ങളോടുകൂടിയ ആസ്ഥാന മന്ദിരം, പാത്രിയാര്‍ക്കാ സെന്റര്‍, വൈദിക സെമിനാരി, ഭക്ത സംഘടനാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്, ലൈബ്രറി തുടങ്ങിയ വിവിധ വികസന പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ക്ക് ഭദ്രാസന കൗണ്‍സില്‍ രൂപം നല്‍കി വരുന്നു.

ഈ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിച്ചത് വിശ്വാസികളുടെ ഒത്തൊരുമയുടേയും, അകമഴിഞ്ഞ സഹകരണത്തിന്റേയും, സര്‍‌വ്വോപരി നിരന്തര പ്രാര്‍ത്ഥനയുടേയും വിശ്വാസ തീക്ഷ്ണതയുടേയും ഫലമൊന്നുകൊണ്ടു മാത്രമാണെന്ന് ഇടവക മെത്രാപ്പോലീത്താ തന്റെ പ്രസംഗത്തില്‍ അറിയിക്കുകയുണ്ടായി. ഈ വികസന പ്രക്രിയയില്‍ പങ്കാളികളായ ഏവരേയും നന്ദിയോടെ സ്മരിക്കുന്നതായും, എല്ലാ സഭാമക്കളുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു.

വെരി. റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പാ (വൈദിക സെക്രട്ടറി), റവ. ഫാ. വര്‍ഗീസ് മാണിക്കാട്ട് (മുന്‍ സെക്രട്ടറി), വെരി. റവ. വര്‍ഗീസ് മരുന്നിനാല്‍ (മുന്‍ കൗണ്‍സില്‍ മെംബര്‍), കൗണ്‍സില്‍ അംഗങ്ങളായ കമാന്റര്‍ ജോബി ജോര്‍ജ്, ജോയി ഇട്ടന്‍, സാജു പൗലോസ്  (മുന്‍ ട്രഷറര്‍), ഷെവലിയാര്‍ എബ്രഹാം മാത്യു (മുന്‍ ട്രഷറര്‍), ജോസ് പാലക്കാത്തടം (മുന്‍ കൗണ്‍സില്‍ മെംബര്‍) തുടങ്ങി ട്രൈസ്റ്റേറ്റ് ഏരിയായിലെ വൈദികരടക്കമുള്ള പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഭദ്രാസന സെക്രട്ടറി വെരി. റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പാ സ്വാഗതവും, ട്രഷറര്‍ സാജു പൗലോസ് മാരോത്ത് നന്ദിയും രേഖപ്പെടുത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.