You are Here : Home / USA News

ജസീറയുടെ സമരം കുട്ടികളുടെ അവകാശ ലംഘനം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, February 04, 2014 11:49 hrs UTC

മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന ജസീറ ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വനിതയാണ്. ജസീറയും അവരുടെ അണയാത്ത സമരവീര്യവും എല്ലാം ഏറെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. മനുഷ്യാവകാശ സംഘടനയുള്‍പ്പടെ നിരവധി സംഘടനകള്‍ ഇതിനോടകം അവര്‍ക്ക് പിന്തുണയുമായി രംഗത്തു വന്നു.

മണല്‍ മാഫിയക്കെതിരെയാണ് കണ്ണൂര്‍ സ്വദേശിനി ജസീറ സമരം നടത്തുന്നതെങ്കിലും, ഇവിടെ വിഷയം അതല്ല. കണ്ണൂരിലെ മാടായി കടപ്പുറത്തെ മണല്‍ കടത്തിനെതിരെ ജസീറ ആദ്യം പഴയങ്ങാടി പോലീസ് സ്‌റ്റേഷന് മുന്നിലും കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലും സമരം നടത്തി. പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.  2013 ആഗസ്റ്റില്‍ തുടങ്ങിയ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 64 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ് ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. ജസീറ ഒറ്റയ്ക്കല്ല...അവരുടെ രണ്ടു പെണ്‍‌മക്കളും രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകന്‍ മുഹമ്മദും ഉണ്ട് കൂടെ. മൂത്ത കുട്ടികള്‍ അമ്മയുടെ സമരത്തെ പിന്തുണയ്ക്കുന്നു.

ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളും, വെറും രണ്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടിയും അമ്മയുടെ കൂടെ തെരുവോരങ്ങളിലെ സമരപ്പന്തലില്‍ കഴിച്ചുകൂട്ടുന്നത് കുട്ടികളോട് രക്ഷിതാക്കള്‍ നടത്തുന്ന മനുഷ്യാവകാശലംഘനമല്ലേ എന്ന ചോദ്യമാണ് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ചോദിക്കാനുള്ളത്. ആറു മാസമായി തിരുവനന്തപുരത്തും ഡല്‍ഹിയിലും നടത്തിയ സമരനാളുകളില്‍ ആ കുഞ്ഞുങ്ങള്‍ മഴയും വെയിലും ഏറ്റു, വിദ്യാഭ്യാസം മുടങ്ങി സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടി കഴിയേണ്ട സാഹചര്യം അമ്മ എന്ന നിലയില്‍ ജസീറ ചെയ്തത് കുഞ്ഞുങ്ങളോടു ചെയ്ത മനുഷ്യാവകാശ ലംഘനമല്ലേ? തന്റെ മക്കളെ തന്റെ കൂടെത്തന്നെ നിര്‍ത്തുന്നു എന്ന വാദഗതിക്ക് ഇവിടെ പ്രസക്തിയില്ല. കൂടെ നിര്‍ത്തിയതു കൊണ്ട് മാത്രം അവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജസീറക്ക് എത്ര മാത്രം സാധ്യമാവും. എങ്കില്‍ പോലും അവരുടെ വിദ്യാഭ്യാസവും സാമൂഹ്യജീവിതവും നിഷേധിക്കാന്‍ ജസീറക്ക് അവകാശമുണ്ടോ? രണ്ടു മക്കളുടെ വിദ്യാഭ്യാസം മുടക്കി ജസീറ നടത്തുന്ന സമരം രക്ഷിതാവിന്റെ ഉത്തരവാദിത്വം മറക്കുന്നതാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കലാണെന്നും എന്തുകൊണ്ട് സര്‍ക്കാരും ഇതര സന്നദ്ധസംഘടനകളും ജസീറയെ പറഞ്ഞു മനസ്സിലാക്കിയില്ല?

അനധികൃതവും വിവേചനരഹിതവുമായ മണല്‍വാരല്‍ തടയുന്നതിനാണ് ജസീറ സമരം നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. ജസീറ ഒറ്റയ്ക്ക് സമരം ചെയ്താല്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പ് ഉണ്ടാകുമോ? ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിയ ജസീറയെ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫും കമീഷന്‍ അംഗങ്ങളും ചെന്നു കണ്ടിരുന്നു. കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.) വിദ്യാര്‍ത്ഥികളും ഏതാനും അദ്ധ്യാപകരും ചെന്നു കണ്ടിരുന്നു. 64 ദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തിയ ജസീറക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തതുകൊണ്ടാണ് ഡല്‍ഹിയിലേക്ക് സമരവേദി മാറ്റിയതെന്ന് അന്ന് അവര്‍ പറയുകയും ചെയ്തിരുന്നു.

പക്ഷേ, മക്കളായ റിസ്വാന (12), ഷിഫാന (10) എന്നിവരുടെ പഠനം മുടക്കി അവരെയും കൂട്ടി സത്യഗ്രഹം നടത്തുന്ന രീതിയോട് ഒരിക്കലും യോജിച്ചുപോകാന്‍ കഴിയില്ല. ജസീറ രക്ഷിതാവിന്റെ ഉത്തരവാദിത്തമാണ് അവഗണിക്കുന്നത്. ഭരണഘടനയുടെ 51-എ(കെ) അനുഛേദ പ്രകാരവും വിദ്യാഭ്യാസാവകാശ നിയമത്തിലെ 10ാം വകുപ്പു പ്രകാരവും ഇത് തെറ്റാണ്. മക്കളോടുള്ള മാതാപിതാക്കളുടെ കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇടപെടാനുള്ള അധികാരവും ബാധ്യതയും സര്‍ക്കാരിനുണ്ട്. മാതാപിതാക്കള്‍ മക്കളെ പീഡിപ്പിച്ചാല്‍, അവരില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നാല്‍ സര്‍ക്കാര്‍ ഇടപെടണം. കുട്ടികള്‍ പൊതു സ്വത്താണ്. സമൂഹത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നവര്‍. അതിനാല്‍ തന്നെ അവരുടെ സ്വഭാവ രൂപീകരണത്തില്‍ സമൂഹത്തിനു താല്പര്യവും അവകാശവും ഉണ്ട്.

ഇന്ത്യന്‍ ഭരണഘടന കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ഇത് നടപ്പാക്കുന്നതിനായി നിലവില്‍ വന്നതാണ് ശിശു സംരക്ഷണ നിയമങ്ങള്‍. ശിശു സംരക്ഷണ വകുപ്പ് ഈ നിയമങ്ങളനുസരിച്ച് നടപടി എടുക്കാന്‍ ബാദ്ധ്യസ്ഥരുമാണ്. പക്ഷെ കടമകള്‍ നിര്‍‌വ്വഹിക്കുവാന്‍ ഈ വകുപ്പുകള്‍ക്ക് എന്തുകൊണ്ട് കഴിയാതെ പോകുന്നു. ജസീറയുടെ സമരം ഗാര്‍ഹിക പീഡനത്തിനോ സ്വത്തുതര്‍ക്കത്തിനോ വേണ്ടിയുള്ളതല്ല. പൊതുകാര്യപ്രസക്തിയുള്ള വിഷയത്തിനാണ്. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിക്കാനോ അവരെ അതിനു പ്രേരിപ്പിക്കാനോ അര്‍ഹതയില്ല.

ശിശു സംരക്ഷണ നിയമങ്ങളും, വകുപ്പും മറ്റും നിലവിലുള്ള കേരളത്തിലും ഡല്‍ഹിയിലും മൂന്നു കുഞ്ഞുങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷണയും നിഷേധിക്കപ്പെട്ടു കഴിയുന്നത്‌ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ജസീറക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?

ഡല്‍ഹിയില്‍ നിന്ന് സമരം അവസാനിപ്പിച്ച് കേരളത്തിലേക്ക് വണ്ടി കയറിയ ജസീറ ഇപ്പോള്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വസതിയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്. അതാണ് ഏറെ രസകരം. തിരുവനന്തപുരത്ത് എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നേതാക്കളോട് തട്ടിക്കയറിയ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരുന്നു. കൂട്ടത്തില്‍ മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം ചെയ്ത ജസീറയ്ക്കും അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചു. സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ മാത്രമേ പണം നല്‍കൂവെന്നും ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ സമരത്തിലായിരുന്ന ജസീറ സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിടാന്‍ എത്തിയില്ല. ചിറ്റിലപ്പിള്ളി പുലിവാലിലാണ് കയറിപ്പിടിച്ചതെന്ന് അദ്ദേഹം അറിയുന്നത് ഇപ്പോഴാണ്. തനിക്ക് നല്‍കാമെന്നു പറഞ്ഞ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും തന്റെ പേര് പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചുമാണ് ജസീറ ഇപ്പോള്‍ ചിറ്റിലപ്പള്ളിയുടെ വസതിയ്ക്കു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നത് !

ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച തുക ജസീറയുടെ കുട്ടികളുടെ പേരില്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കുട്ടികള്‍ക്കായി നല്‍കുന്ന പണം താന്‍ സ്വീകരിക്കില്ലെന്ന് ജസീറയും പറയുന്നു. തന്നെയുമല്ല, തന്റെ കുട്ടികളില്‍ ചിറ്റിലപ്പിള്ളിക്ക് യാതൊരു അവകാശവുമില്ലെന്നും സമരത്തിനായി തുക തരുന്നെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും പറയുന്നു. ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. മണല്‍ മാഫിയയുടെ പേരും പറഞ്ഞ് ജസീറ നടത്തുന്ന സമരം പബ്ലിസിറ്റിക്കുവേണ്ടിയും പണത്തിനു വേണ്ടിയുമാണ്. മണല്‍കടത്തലിനെതിരെ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് നേരത്തേ ജസീറ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ജസീറ അറിയിച്ചത്. എങ്കില്‍ പിന്നെ എന്തിനാണ് ചിറ്റിലപ്പിള്ളിയില്‍ നിന്ന് അഞ്ചു ലക്ഷം ജസീറ സ്വീകരിക്കുന്നത്?

കുട്ടികളുടെ അവസ്ഥ കണ്ടാണ് സമ്മാനം പ്രഖ്യാപിച്ചതെന്നും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് തുകയെന്നുമാണ് ചിറ്റിലപ്പള്ളി പറയുന്നത്. കുട്ടികളെ സ്‌കൂളില്‍ അയക്കാതെയുള്ള സമരത്തിന് ന്യായീകരണമില്ലെന്നും ജസീറയുടെ സമരത്തിനല്ല തുകയെന്നും ചിറ്റിലപ്പള്ളി പറയുന്നു. ജസീറയുടെ പോരാട്ടത്തിനാണ് പാരിതോഷികമെന്ന് 5 ലക്ഷം രൂപ പ്രഖ്യാപിച്ചതിനുശേഷം ചിറ്റിലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. പക്ഷെ, അതിപ്പോള്‍ ഇത്രയും വലിയ പുലിവാലാകുമെന്ന് അദ്ദേഹം ഓര്‍ത്തതേ ഇല്ല എന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. തന്റെ സമരം പിന്‍വലിക്കാന്‍ ചിറ്റിലപ്പള്ളി ഇടപെട്ടെന്ന് ജസീറ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല. സന്ധ്യയ്‌ക്കൊപ്പം സമ്മാനം സ്വീകരിച്ചില്ലെങ്കില്‍ 5 ലക്ഷം രൂപ പിന്നീട് തരില്ലെന്ന് ചിറ്റിലപ്പള്ളി പറഞ്ഞതായും ജസീറ പറയുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും അവര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ജസീറയുടെ ഈ സമരരീതിക്ക് ആരാണ് ഒത്താശ ചെയ്യുന്നതെന്നും, രാഷ്‌ട്രീയ പ്രേരിതമാണോ ഈ സമരമെന്നും സര്‍ക്കാര്‍ അന്വേഷിക്കണം. അതുപോലെ ജസീറയില്‍ നിന്ന് മൂന്നു കുട്ടികളേയും വേര്‍പെടുത്തി അവരെ ഏതെങ്കിലും ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ക്കുകയും ശരിയായ സം‌രക്ഷണവും വിദ്യാഭ്യാസവും നല്‍കണം. ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.