You are Here : Home / USA News

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രവര്‍ത്തനം ഡോ. പാലയ്‌ക്കാപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, January 28, 2014 12:40 hrs UTC

 

ഫിലഡല്‍ഫിയാ: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഐ.പി.സി.എന്‍.ഏ) ഫിലഡല്‍ഫിയാ ചാപ്‌റ്ററിന്റെ ഈ വര്‍ഷ പ്രവര്‍ത്തനം പ്രശസ്‌ത വാഗ്മിയും ദേവമാതാ കോളജ്‌ മുന്‍ പ്രിന്‍സിപ്പലും നിയുക്ത വികാര്‍ ജനറാളുമായ ഡോ. പാലയ്‌ക്കാപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസ്‌ക്ലബ്‌ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ നടവയല്‍ അദ്ധ്യക്ഷനായി. ചാപ്‌റ്റര്‍ സെക്രട്ടറി ഏബ്രാഹം മാത്യു യോഗ നടപടികള്‍ ഏകോപിപ്പിച്ചു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നാഷണല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍, ഫോമാ നാഷണല്‍ ട്രഷറാര്‍ വര്‍ഗീസ്‌ ഫിലിപ്‌, ഫൊക്കാനാ നാഷണല്‍ അസ്സോസിയേറ്റ്‌ ട്രഷറാര്‍ ജോര്‍ജ്‌ ഓലിക്കല്‍, ഫൊക്കാനാ ചിക്കാഗോ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ അലക്‌സ്‌ തോമസ്‌, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍ സുരേഷ്‌ നായര്‍, പ്രസ്‌ ക്ലബ്‌ അഡൈ്വസറി ബോര്‍ഡ്‌ മെംബര്‍ ജോബീ ജോര്‍ജ്‌, നോവലിസ്റ്റ്‌ നീനാ പനയ്‌ക്കല്‍, പമ്പാ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍, മാപ്പ്‌ പ്രസിഡന്റ്‌ സാബൂ സ്‌ക്കറിയാ എന്നിവര്‍ കാലികപ്രസക്തമായ വിവിധ സാമൂഹ്യ വിഷയങ്ങളില്‍ പ്രസംഗിച്ചു.
`ഏഴുതിരിയിട്ട നിലവിളക്കിലെ ഐശ്വര്യ ചിഹ്നം പോലെ ഭാരതീയ നന്മകളുടെ ജ്വലനമാണ്‌ അമേരിക്കയിലെ വിവിധ മലയാളിസംഘടനകള്‍ പ്രതിനിധാനം ചെയ്യുന്നത്‌. ഈ സംഘടനകളുടെ സേവനത്തെ കതിരും പതിരും തിരിച്ച്‌ ജന മനസ്സുകളിലെത്തിക്കുന്ന പ്രസ്‌ ക്ലബിന്റെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്‌' ഡോ. പാലയ്‌ക്കാപ്പറമ്പില്‍ ചൂണ്ടിക്കാട്ടി. ഈ സുപ്രധാന ദൗത്യം വിവിധ മലയാളിസംഘടനകളെ മികവു ലക്ഷ്യമാക്കാന്‍ പ്രേരിപ്പിക്കുന്നു.

കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും ഇന്ത്യന്‍ കോഫീ ഹൗസിലും  മസാല ദോശയ്‌ക്കരികിലും ആവി പാറുന്ന കാപ്പിക്കും ചായക്കും ചുറ്റുമിരുന്ന്‌ മേന്മകളെ കനവുകണ്ട്‌  പരസ്‌പരം വര്‍ത്തമാനത്തിനിരുന്നവരിലൂടെയാണ്‌  അനവധി പുരോഗമനയാശയങ്ങളുടെ നറുവെട്ടങ്ങളും നവീകരണത്തിന്റെ കനലും വിതക്കാാനായത്‌. അതു പോലെ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രവര്‍ത്തനങ്ങളും തിരിനാളമേകട്ടേ എന്ന്‌ റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍?ആശംസിച്ചു.

തിരുത്തല്‍ ശക്തിയായി നിലകൊള്ളുക, സംഘടനകളുടെ സുഹൃത്‌ വേദിയാകുക എന്നീ ധര്‍മ്മങ്ങളാണ്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടേത്‌ എന്ന്‌ നാഷണല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍ വ്യക്തമാക്കി. സാമൂഹിക നന്മയെ ലക്ഷ്യമാക്കി എല്ലാ പൊതുപ്രവര്‍ത്തകരോടും സൗഹൃദം സ്ഥാപിക്കാന്‍ പ്രസ്‌ ക്ലബിനാണ്‌ മികച്ച ശേഷിയുള്ളത്‌. പ്രസ്‌ ക്ലബിന്റെ തുടക്കം മുതല്‍ ഇന്നു വരെയുള്ള വളര്‍ച്ചയും നേതൃ പ്രഗത്ഭരുടെ പരിഗണനയും അതാണ്‌ വ്യക്തമാക്കുന്നത്‌.

ഫോമായുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ നടക്കുമ്പോള്‍ പതിവു പോലെ പ്രസ്‌ ക്ലബിന്റെ സേവനം വിലമതിക്കാനാവത്തതാണെന്ന്‌ ഫോമാ നാഷണല്‍ ട്രഷറാര്‍ വര്‍ഗീസ്‌ ഫിലിപ്‌ ഓര്‍മ്മിപ്പിച്ചു.

ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രസ്‌ ക്ലബ്‌ നല്‍കുന്ന പ്രോത്സാഹനം ശ്രദ്ധേയമാണെന്ന്‌ ഫൊക്കാനാ നാഷനല്‍ അസ്സോസിയേറ്റ്‌ ട്രഷറാര്‍ ജോര്‍ജ്‌ ഓലിക്കല്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ നാലാം തൂണായി നില്‍ക്കുമ്പോള്‍തന്നെ സ്വവിമര്‍ശനത്തിനും മേന്മകളെ പ്രയോഗത്തിലാക്കുന്നതിനുള്ള പഠനത്തിനും തുറന്ന ചര്‍ച്ചകള്‍ക്കും?സാമൂഹ്യ കൂട്ടായ്‌മയ്‌ക്കും വാതില്‍ തുറന്നിടുന്നതാണ്‌ പ്രസ്‌ ക്ലബിന്റെ അന്തസത്ത എന്ന്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ നടവയല്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എഴുത്തുകാര്‍, കലാകാരന്മാര്‍, ചിന്തകര്‍, ശാസ്‌ത്രജ്ഞര്‍, ബിസിനസ്സുകാര്‍, സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക- മാദ്ധ്യമ പ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ കാര്യപരിപാടിയാക്കിയുള്ളതും  ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞുള്ളതുമായ ചിന്താസല്‍ക്കാരം ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സവിശേഷതയാണ്‌.

ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ അരങ്ങേറുന്നതിനു മുന്നോടിയായി ഫിലഡല്‍ഫിയയില്‍ മാര്‍ച്ച്‌ 1 ന്‌ നടക്കുന്ന കിക്കോഫും യുവമേളയും വിജയിപ്പിക്കുന്നതിന്‌ ഫിലഡല്‍ഫിയ പ്രസ്‌ ക്ലബ്‌ ചാപ്‌റ്ററിന്റെ അകമഴിഞ്ഞ പിന്തുണയ്‌ക്ക്‌ ഫൊക്കാനാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ അലക്‌സ്‌ തോമസ്‌ അഭ്യര്‍ത്ഥിച്ചു.

ഫിലഡല്‍ഫിയയില്‍ ചാക്കോ ശങ്കരത്തില്‍ കൊളുത്തിവച്ച പത്ര പ്രവര്‍ത്തന തിരിനാളം കെടാതെ സൂക്ഷിക്കാന്‍ ഫിലഡല്‍ഫിയയിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ കഴിയുന്നുണ്ട്‌ എന്ന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നാഷണല്‍ ആഡൈ്വസറി ബോര്‍ഡ്‌ മെംബര്‍ ജോബീ ജോര്‍ജ്‌ പറഞ്ഞു.

മലയാളി സമൂഹത്തിന്റെ അഭ്യുന്നതിക്ക്‌ സഹായകമായ ജേണലിസ സാധ്യതകള്‍ക്കാണ്‌ പ്രസ്‌ ക്ലബ്‌ മുന്‍ഗണന നല്‌കുക എന്ന്‌ ചാപ്‌റ്റര്‍ സെക്രട്ടറി ഏബ്രാഹം മാത്യു വ്യക്തമാക്കി.

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രസ്‌ ക്ലബ്‌ തുടര്‍ന്നു വരുന്ന അകമഴിഞ്ഞ പ്രോത്സാഹനമാണ്‌ ഇവിടുത്തെ ഓരോ മലയാളി എഴുത്തുകാരുടെയും ധൈര്യശ്രോതസ്സ്‌ എന്ന്‌ നോവലിസ്റ്റ്‌ നീനാ പനയ്‌ക്കല്‍? പറഞ്ഞു.

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന കേരള മാഹത്മ്യ പ്രകീര്‍ത്തനപരമായ പ്രവര്‍ത്തങ്ങള്‍ക്കും തിരുവോണാഘോഷത്തിനും കേരളാ ഡേ ആഘോഷത്തിനും പ്രസ്‌ ക്ലബ്‌ നല്‌കിപ്പോരുന്ന പ്രോത്സാഹനത്തിന്‌ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍ സുരേഷ്‌ നായര്‍ നന്ദി പറഞ്ഞു.

പമ്പാ അസ്സോസിയേഷന്റെ വിസ സര്‍വീസ്‌ ക്യാമ്പ്‌, ഓ സി ഐ കാര്‍ഡ്‌ സര്‍വീസ്‌, മുട്ടത്തു വര്‍ക്കി ജന്മശതാബ്ദി, എസ്‌ കെ പൊറ്റെക്കാട്‌ ജന്മ ശതാബ്ദി, വായനക്കൂട്ടം എന്നിങ്ങനെയുള്ള സംഭവങ്ങള്‍ക്ക്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഐ.പി.സി.എന്‍.ഏ) ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ നല്‌കിയ മാധ്യമ ശ്രദ്ധയെ; പമ്പയുടെ വളര്‍ച്ചയുടെ സാക്ഷ്യ പത്രങ്ങളായി വിലമതിക്കുന്നൂ എന്ന്‌ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍ പറഞ്ഞു.

മാപ്പ്‌ മലയാളി അസ്സോസിയേഷന്‍ കഴിഞ്ഞ  മൂന്നു ദശാബ്ദത്തോളമായി ഇന്ത്യന്‍ കമ്യൂണിറ്റിക്ക്‌ നല്‌കിയ സേവന സംഭാവനകളും ലൈബ്രറിയും, സാംസ്‌കാരിക പരിപാടികളും വിശേഷ ദിനാഘോഷങ്ങളും പ്രസ്‌ ക്ലബുള്‍പ്പെടെയുള്ള മാദ്ധ്യമ മേഖലയ്‌ക്ക്‌ അവഗണിക്കാനാവാത്ത മേന്മകളായിരുന്നൂ എന്നതില്‍ അഭിമാനിക്കുന്നൂ എന്ന്‌ പ്രസിഡന്റ്‌ സാബൂ സ്‌കറിയാ പറഞ്ഞു.

 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.