You are Here : Home / USA News

യോങ്കേഴ്‌സിലെ മലയാളി കമ്യൂണിറ്റിയുടെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷം (ഒരു അവലോകനം)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 21, 2014 05:55 hrs UTC

 

ന്യൂയോര്‍ക്ക്‌: ഇക്കഴിഞ്ഞ ജനുവരി നാലാം തീയതി ഉച്ചകഴിഞ്ഞ്‌ 1.30-ന്‌ 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. തലേന്ന്‌ ന്യൂയോര്‍ക്കിലും സമീപ സ്റ്റേറ്റുകളിലും ഒരടിയോളം മഞ്ഞുവര്‍ഷിച്ച `ഹെര്‍ക്കുലിസ്‌' എന്ന ഭീകരമായ ശൈത്യക്കാറ്റ്‌ ആഞ്ഞടിച്ചതും, പിറ്റേന്ന്‌ ഞായറാഴ്‌ച അതിശക്തമായ മഴയും, തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവുമെല്ലാം ഇന്നും പലരും ഓര്‍ക്കുമല്ലോ. അന്നേദിവസം ഒരു ദിവസത്തേക്ക്‌ മാത്രമായി മഞ്ഞും മഴയും മാറി നല്ലൊരു ദിവസം ഒത്തുവന്നത്‌ വലിയൊരു ദൈവാനുഗ്രഹമായി എല്ലാവരും കരുതുന്നു. കൊടുംതണുപ്പിലും യോങ്കേഴ്‌സ്‌ നിവാസികളുടെ കൂട്ടായ്‌മ ഈ ചടങ്ങില്‍ കാണാന്‍ കഴിഞ്ഞു. ജാതിമത ഭേദമെന്യേ കുടുംബസമേതം ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു എന്നുള്ളത്‌ സംഘടനാ പ്രവര്‍ത്തകരോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്‌ ഉദാഹരണമാണ്‌.

തിരക്കിനിടയിലും കൊടും തണുപ്പുപോലും വക വെയ്‌ക്കാതെ യോങ്കേഴ്‌സ്‌ സിറ്റി മേയര്‍ മൈക്ക്‌ സ്‌പാനോ നേരത്തെ എത്തി സിറ്റി മേയറുടെ പ്രൊക്ലമേഷന്‍ സംഘടനാ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂരിന്‌ കൈമാറി. വെറും സാധാരണക്കാരന്റെ വേഷത്തില്‍ വളരെ നേരത്തെ തന്നെ അപ്രതീക്ഷിതമായി മേയര്‍ എത്തിയതുകണ്ടപ്പോള്‍ ജനം അന്ധാളിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ താത്‌പര്യം ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്‌. ഇന്ത്യന്‍ കമ്യൂണിറ്റി, യോങ്കേഴ്‌സിന്റെ വളര്‍ച്ചയ്‌ക്ക്‌ വളരെ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും, തന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്ക്‌ വേണ്ടതായ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്നും, തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ്‌ ഇന്ത്യന്‍ കമ്യൂണിറ്റിയെ കാണുന്നത്‌ എന്നും പറഞ്ഞപ്പോള്‍ നമ്മുടെ കമ്യൂണിറ്റിക്ക്‌ വളരാനുളള എല്ലാ സാഹചര്യങ്ങളും ഈ മണ്ണില്‍ ഉണ്ടെന്നുള്ളത്‌ വ്യക്തമായി. തുടര്‍ന്ന്‌ അദ്ദേഹം കേക്ക്‌ മുറിച്ച്‌ കൂട്ടായ്‌മയില്‍ ഭാഗഭാക്കായി എന്നതും ശ്രദ്ധേയമാണ്‌.

വെറും സ്റ്റേജ്‌ ഷോയ്‌ക്ക്‌ വേണ്ടി മാത്രമുള്ള ഒരു ചടങ്ങായിരുന്നില്ല ഐ.എ.എം.സി.വൈയുടെ ഇത്തവണത്തെ ന്യൂഇയര്‍ ആഘോഷം എന്നുള്ളത്‌ ഇവിടെ പ്രത്യേകം എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ കമ്യൂണിറ്റിയുടെ ശക്തി കാണിക്കേണ്ടത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. അതു മനസിലാക്കിയ ഭാരവാഹികള്‍ തൊട്ടടുത്തുള്ള അണ്ടര്‍ഹില്‍ അവന്യൂവിലുള്ള സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വികാരി റവ.ഫാ. ദിലീപ്‌ ചെറിയാനേയും അദ്ദേഹത്തിന്റെ ചര്‍ച്ചിലെ ഗായകസംഘത്തേയും പ്രത്യേകം ക്ഷണിച്ചിരുന്നു. അങ്ങനെ ഒരു ചര്‍ച്ചില്‍ നിന്നുമാത്രമായി അമ്പതില്‍പ്പരം ആളുകള്‍ പങ്കെടുത്തു എന്നുള്ളത്‌ വലിയൊരു സംഭവമായി കാണേണ്ടതുണ്ട്‌. കാരണം യോങ്കേഴ്‌സില്‍ 15 മലയാളികളുടേത്‌ മാത്രമായ പള്ളികളുണ്ട്‌. അപ്പോള്‍ ഓരോ പള്ളികളില്‍ നിന്നും അമ്പത്‌ വീതം മെമ്പര്‍മാര്‍ ഇത്തരത്തിലുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ മുമ്പോട്ടുവന്നാല്‍ നമ്മുടെ കമ്യൂണിറ്റി എത്രമാത്രം ശക്തമാകുമായിരുന്നു എന്നുളളത്‌ നാമിവിടെ ഒന്നു ചിന്തിക്കുന്നത്‌ കൊള്ളാം. പള്ളിയില്‍ പോകണം. അതു നല്ലതു തന്നെ. പക്ഷെ പള്ളികളില്‍നിന്നുമാത്രം ഒതുങ്ങി നില്‍ക്കാതെ സാമൂഹ്യകാര്യങ്ങളിലും ഇടപെടാന്‍ നമ്മുടെ ജനത്തിന്‌ ഉത്തേജനം നല്‍കേണ്ടിയിരിക്കുന്നു. അതിനുള്ള ഉത്തരവാദിത്വം വൈദീകര്‍ക്കാണ്‌. റവ.ഫാ. ദിലീപ്‌ ചെറിയാന്റെ നേതൃത്വത്തില്‍ അവരുടെപള്ളിക്കാര്‍ മുന്നോട്ടു വന്നത്‌ വാസ്‌തവത്തില്‍ നമ്മുടെ കമ്യൂണിറ്റിക്ക്‌ ഒരു മാതൃകയാണ്‌. ന്യൂയോര്‍ക്കിലെ നാലാമത്തെ ഏറ്റവും വലിയ സിറ്റി ആയിരുന്നിട്ടും കൂടി ഇവിടെ 200,000 ജനങ്ങള്‍ മാത്രമേയുള്ളൂ. അവരുടെ ഇടയില്‍ നിര്‍ണ്ണായകമായ ഒരു ശക്തിയായി വളരാനുള്ള എല്ലാ സാദ്ധ്യതകളും നമ്മടെ സമൂഹത്തിനുണ്ടെന്നുള്ള സത്യം എല്ലാ പള്ളിക്കാരും മനസിലാക്കി അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സമീപ ഭാവിയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ യോങ്കേഴ്‌സ്‌ സിറ്റിയുടെ ഭരണ സാരഥ്യം പിടിച്ചുപറ്റുമെന്നുള്ളതിന്‌ ഒരു സംശയവുമില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ടവരേയും ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍പ്പെട്ടവരേയും ചടങ്ങില്‍ മുഖ്യാതിഥികളായി ക്ഷണിക്കാന്‍ സംഘടനാ ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലിയിലെ അറിയപ്പെടുന്ന അംഗമായ ഷെല്ലി മേയര്‍ യോങ്കേഴ്‌സില്‍ നിന്നുള്ള പ്രതിനിധിയാണ്‌. ഒരു യഹൂദവംശജ കൂടിയായ അവര്‍ പരിചയസമ്പന്നയായ ഒരു അറ്റോര്‍ണി കൂടിയാണ്‌. ഇന്ത്യന്‍ കമ്യൂണിറ്റിയില്‍പ്പെട്ടവരെ അമേരിക്കന്‍ രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവന്ന്‌ കൈപിടിച്ചുയര്‍ത്തുവാന്‍ അവരെപ്പോലുള്ളവര്‍ സന്നദ്ധരാണ്‌. ഇന്ത്യന്‍ കമ്യൂണിറ്റി ന്യൂയോര്‍ക്കില്‍, പ്രത്യേകിച്ച്‌ യോങ്കേഴ്‌സില്‍ വളരെ സ്വാധീനശക്തിയുള്ള ഒരു സമൂഹമായി വളര്‍ന്നുവരുന്നതില്‍ അവര്‍ പ്രത്യേകം സന്തോഷം പ്രകടിപ്പിക്കുകയും സംഘടനാ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂരിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തുകയുമുണ്ടായി.

സിറ്റി കൗണ്‍സില്‍ പ്രസിഡന്റായി പുതുതായി ചാര്‍ജ്‌ ഏറ്റെടുത്ത ലിയാം മക്‌ളാഗ്ലിന്‍ വിശിഷ്‌ടാതിഥികളില്‍ ഒരാളായിരുന്നു. അദ്ദേഹം പരിചയസമ്പന്നനായ ഒരു അറ്റോര്‍ണിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനുമാണ്‌. താന്‍ തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ്‌ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അതിനവസരമുണ്ടാക്കിക്കൊടുത്ത ഐ.എ.എം.സി.വൈ ഭാരവാഹികളെ പ്രത്യേകം പുകഴ്‌ത്തുകയും, യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ കൂട്ടായ്‌മയില്‍ പ്രത്യേകം സന്തോഷം പ്രകടിപ്പിക്കുകയും ആദ്യാവസാനം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു.

യോങ്കേഴ്‌സ്‌ സിറ്റി കൗണ്‍സില്‍ മജോറിറ്റി ലീഡറായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ലാര്‍കിന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നയാളാണ്‌. ഇക്കഴിഞ്ഞതവണ അദ്ദേഹം മൈനോറിറ്റി ലീഡറായിരുന്നു. യോങ്കേഴ്‌സിലെ സെന്റ്‌ ആന്റണീസ്‌ കാത്തലിക്‌ ചര്‍ച്ചിലെ ഒരു മെമ്പറും, പാരീഷ്‌ കൗണ്‍സില്‍ മെമ്പറുമായിരുന്ന അദ്ദേഹം ഈ ലേഖകന്റെ പാരീഷ്‌ മെമ്പര്‍കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്‌ഡലം ചര്‍ച്ച്‌ കേന്ദ്രീകരിച്ചായിരുന്നു എന്നുള്ള കാര്യം ഇവിടെ പ്രത്യേകം സൂചിപ്പിക്കുന്നു. താന്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി സ്ഥാനം ഏറ്റെടുത്തശേഷം എല്ലാവര്‍ഷവും ഐ.എ.എം.സി.വൈയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നുള്ള കാര്യവും അദ്ദേഹം എടുത്തു പറയുകയുണ്ടായി. കൂടാതെ അമേരിക്കയില്‍ കുടിയേറിയിട്ടുള്ള ഇന്ത്യക്കാരില്‍ 65 ശതമാനവും കോളജ്‌ ഗ്രാജ്വേറ്റുകളാണെന്നും അവരില്‍ 40 ശതമാനം മാസ്റ്റേഴ്‌സ്‌ ഡിഗ്രിയുള്ളവരാണെന്നും കണക്കുകള്‍ നിരത്തിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അങ്ങനെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക്‌ വളരാനുള്ള എല്ലാ സാഹചര്യവും യോങ്കേഴ്‌സിലുള്ളപ്പോള്‍ ഇവിടുത്തെ ഭരണകര്‍ത്താക്കളുമായി ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്ത്‌ വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ അത്‌ നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കും ഉന്നതിക്കും കാരണമായിത്തീരുമെന്ന്‌ ഒരിക്കല്‍കൂടി എടുത്തുപറയാന്‍ ഉദ്ദേശിക്കുന്നു.

രണ്ടുമണിക്ക്‌ ആരംഭിച്ച പൊതു പരിപാടിയില്‍ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ചിലെ സിസ്റ്റര്‍ ക്ലെയര്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള പ്രാര്‍ത്ഥനാഗീതം പാടിയപ്പോള്‍ സദസ്‌ മുഴുവനും കോരിത്തരിച്ചു. സംഘടനാ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂര്‍ എല്ലാവര്‍ക്കും സ്വാഗതം പറയുകയുണ്ടായി. റവ.ഫാ. ദിലീപ്‌ ചെറിയാന്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കുകയുണ്ടായി. തന്റെ സന്ദേശത്തില്‍ സ്‌നേഹം പങ്കുവെയ്‌ക്കുകയും സമൂഹവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുകയും അതുപോലെതന്നെ യേശുക്രിസ്‌തുവിനെ മാതൃകയാക്കി ലോകത്തിന്റെ പ്രകാശമായി മാറണമെന്നും ഉത്‌ബോധിപ്പിച്ചു.

നാട്യമുദ്ര സ്‌കൂളിന്റെ നേതൃത്വത്തില്‍ ഡാന്‍സുകളും, ഗായകന്‍ ജോബി കിടാരത്തിന്റെ ഗാനങ്ങളും ചടങ്ങുകള്‍ക്ക്‌ മോടികൂട്ടി.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പര്‍കൂടിയായ എം.കെ. മാത്യൂസ്‌ ആയിരുന്നു പരിപാടികളുടെ കോര്‍ഡിനേറ്റര്‍. ഒരു രജിസ്‌ട്രേഡ്‌ നേഴ്‌സും നാഷണല്‍ തലത്തില്‍ അറിയപ്പെടുന്ന സംഘാടക കൂടിയായ ലൈസി അലക്‌സും, യോങ്കേഴ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ അദ്ധ്യാപകനും ഐ.എ.എം.സി.വൈ വൈസ്‌ പ്രസിഡന്റുമായ ഷാജി തോമസും പരിപാടികളുടെ എം.സിമാരായി പ്രവര്‍ത്തിച്ചു. ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയന്റെ വൈസ്‌ പ്രസിഡന്റ്‌ അറ്റോര്‍ണി വിനോദ്‌ കെയാര്‍കെ ആശംസാ പ്രസംഗം നടത്തി. സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ ഗാനങ്ങളുമുണ്ടായിരുന്നു. സെക്രട്ടറി ഇട്ടന്‍ ജോര്‍ജ്‌ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. അഞ്ചുമണിയോടെ പരിപാടികള്‍ പര്യവസാനിച്ചു. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.