You are Here : Home / USA News

ഫോമാ ടൊറന്റോ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ പ്രൗഢഗംഭീരമായി നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 24, 2013 03:10 hrs UTC

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോമാ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ ചരിത്ര സംഭവമായി മാറി. പ്രതികൂല കാലാവസ്ഥയിലും (15 ഇഞ്ച്‌ മഞ്ഞ്‌) എഴുനൂറിലധികം കനേഡിയന്‍ മലയാളികള്‍ ഫോമയുടെ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫിലും, കനേഡിയന്‍ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷങ്ങളിലും പങ്കെടുത്തു. കാഡയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍-ഗവണ്‍മെന്റ്‌ സര്‍വീസ്‌ മന്ത്രിയുമായ ഹരിന്ദര്‍ തക്കഹര്‍ ആയിരുന്നു മുഖ്യാതിഥി. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഖിലേഷ്‌ മിശ്ര ഐ.എഫ്‌.എസ്‌ വിളക്കു തെളിയിച്ച്‌ പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആദ്യ ചെക്ക്‌ കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബോബി സേവ്യറില്‍ നിന്നും വാങ്ങി കിക്ക്‌ഓഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തില്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുകയും, കണ്‍വന്‍ഷനില്‍ നടക്കാന്‍ പോകുന്ന പരിപാടികള്‍ വിവരിക്കുകയും ചെയ്‌തു.

 

 

ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റും കാനഡയിലെ ഏറ്റവും വലിയ സ്‌കൂള്‍ ബോര്‍ഡ്‌ ആയ ഒന്റാരിയോ സ്‌കൂള്‍ ബോര്‍ഡിന്റെ ഡയറക്‌ടറുമായ തോമസ്‌ തോമസ്‌ അദ്ധ്യക്ഷതവഹിച്ചു. ടൊറന്റോയിലെ വ്യവസായ പ്രമുഖനും ലോയറുമായ കുല്‍വന്ത്‌ സിംഗ്‌ ഡിയോള്‍, യൂണിവേഴ്‌സിറ്റി ഓഫ്‌ ടൊറന്റോ ഹോസ്‌പിറ്റലിലെ പ്രൊഫസറായ ഡോ. സണ്ണി ജോണ്‍സണ്‍, റവ. ഡോ. ജോസ്‌ കല്ലുവേലില്‍, കനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജെന്നിഫര്‍ പ്രസാദ്‌, ട്രഷറര്‍ മാത്യു കുതിരവട്ടം, ഭാരവാഹികളായ മാത്യു ചാക്കോ, രാജേഷ്‌ മേനോന്‍, മര്‍ഫി മാത്യു, പോള്‍ മാത്യു, ജേക്കബ്‌ വര്‍ഗീസ്‌, ജോയ്‌ പൗലോസ്‌, സന്ധ്യാ മനോജ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാനഡയിലെ മലയാളി സംഘടനകളായ ബ്രാംപ്‌ടണ്‍ മലയാളി അസോസിയേഷന്‍, ടൊറന്റോ മലയാളി സമാജം, ഒന്റാരിയോ റീജിയണല്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൂടാതെ മിസിസ്സാഗാ മലയാളി അസോസിയേഷന്‍, ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍, നയാഗ്രാ ഫോള്‍സ്‌ മലയാളി അസോസിയേഷനുകളുമായി ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ബന്ധപ്പെടുകയും അവരുടെ എല്ലാവിധ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ടൊറന്റോയിലുള്ള വിവിധ സംഘടനകളുടെ കിക്ക്‌ഓഫിന്‌ നിറപ്പകിട്ടാര്‍ന്നു. ഫോമയുടെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ ചെണ്ടമത്സരം, വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, ഷട്ടില്‍ ടൂര്‍ണമെന്റ്‌, 56 ചീട്ടുകളി മത്സരം, യൂത്ത്‌ ഫെസ്റ്റിവല്‍ എന്നിവയ്‌ക്ക്‌ കാനഡയില്‍ നിന്നും വിവിധ ടീമുകള്‍ പങ്കെടുക്കുമെന്നും, രണ്ട്‌ ബസ്‌ നിറയെ ആളുകള്‍ പങ്കെടുക്കുന്നതിനൊപ്പം 26 പേര്‍ അടങ്ങുന്ന ടൊറന്റോയിലെ പ്രമുഖ ഡാന്‍സ്‌ ഗ്രൂപ്പിന്റെ ഡാന്‍സുകളും, വിവിധ കലാപരിപാടികളും അവതരിപ്പിക്കുമെന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു. സി.എം.എയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്‌നേഹവിരുന്നോടെയാണ്‌ പരിപാടികള്‍ക്ക്‌ തിരശീല വീണത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.