You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ജോര്‍ജിയ വാര്‍ഷികവും കേരളപ്പിറവിയും ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 23, 2013 03:18 hrs UTC

അറ്റ്‌ലാന്റാ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) കേരളാ ചാപ്‌റ്റര്‍ ജോര്‍ജിയ നവംബര്‍ 12-ന്‌ റോയല്‍ ഇന്ത്യന്‍ കുസീനില്‍ വെച്ച്‌ സംഘടനയുടെ ഒന്നാം വാര്‍ഷികവും അമ്പത്തിയേഴാമത്‌ കേരളപ്പിറവിയും ആഘോഷിച്ചു. മീറ്റിംഗില്‍ വിശിഷ്‌ടാതിഥിയായി പങ്കെടുത്തത്‌ അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അജിത്‌ കുമാര്‍ ആയിരുന്നു. പ്രത്യേക ക്ഷണം അനുസരിച്ച്‌ കോണ്‍സല്‍ (എച്ച്‌.ഒ.സി) മജീന്ദര്‍ സിംഗും സന്നിഹിതനായിരുന്നു. കൂടാതെ മറ്റ്‌ സംഘടനകളുടെ പ്രസിഡന്റുമാരും അംഗങ്ങളും മീറ്റിംഗില്‍ അതിഥികളായിരുന്നു. ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ജോര്‍ജിയയുടെ പ്രസിഡന്റ്‌ ഡോ. എം.വി. ജോര്‍ജ്‌ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ജേക്ക്‌ അമ്പാട്ട്‌ വിശിഷ്‌ടാതിഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

 

അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ. ജോര്‍ജ്‌ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ജോര്‍ജിയയുടെ ഉദ്‌ഘാടനത്തേയും പ്രവര്‍ത്തന പരിപാടികളേയുംപറ്റി വിശദീകരിച്ചശേഷം കേരളത്തിന്റെ അസൂയാര്‍ഹമായ പുരോഗതിയെ പ്രകീര്‍ത്തിച്ചുകൊണ്ടും സദസ്യര്‍ക്ക്‌ അമ്പത്തിയേഴാം കേരളപ്പിറവി ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. കൂടാതെ അറ്റ്‌ലാന്റയിലും സമീപത്തുമുള്ള തെക്കന്‍ റീജിയന്‍ സംസ്ഥാനങ്ങളിലും പാര്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രാക്ലേശങ്ങള്‍ക്ക്‌ പരിഹാരമായി അറ്റ്‌ലാന്റയില്‍ നിന്ന്‌ നേരിട്ട (ഇടയ്‌ക്ക്‌ സ്റ്റോപ്പ്‌ ഇല്ലാതെ) ഒരു ഫ്‌ളൈറ്റ്‌ മിഡില്‍ ഈസ്റ്റ്‌ വഴി ഇന്ത്യയിലേക്ക്‌ ആരംഭിക്കാന്‍ നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും സംസാരിച്ചു. ഇതിനുവേണ്ടി അറ്റ്‌ലാന്റാ മേയര്‍ക്ക്‌ ഒരു മെമ്മോറാണ്ടം തയാറാക്കിയിട്ടുള്ള കാര്യവും പ്രസ്‌താവിച്ചു. കോണ്‍സല്‍ ജനറലിന്റെ പ്രസംഗത്തില്‍ താന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ കണ്ട അവിടെത്തെ മനോഹരമായ കായല്‍ തീരങ്ങളേയും പ്രകൃതി ഭംഗിയേയും പുകഴ്‌ത്തിക്കൊണ്ട്‌ ഏവര്‍ക്കും കേരളപ്പിറവി ദിനത്തിന്റെ ഭാവുകങ്ങള്‍ ആശംസിച്ചു. കൂടാതെ ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്കുള്ള പിന്തുണ അറിയിച്ചശേഷം അറ്റ്‌ലാന്റയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ നേരിട്ടു തുടങ്ങുവാന്‍ ശ്രമിക്കുന്ന ഫ്‌ളൈറ്റ്‌ സംരംഭത്തിന്‌ തന്റെ സഹായ സഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.

 

തുടര്‍ന്ന്‌ ഐ.എന്‍.ഒ.സി നാഷണല്‍ കമ്മിറ്റി അംഗം സണ്ണി തളിയത്ത്‌ ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തന സാധ്യതകളെപ്പറ്റി വിശദീകരിച്ചശേഷം, ജോര്‍ജിയ ചാപ്‌റ്ററില്‍ അംഗമാകാന്‍ സന്നിഹിതരായ ഏവരോടും ആഭ്യര്‍ത്ഥിച്ചു. പ്രദേശിക സംഘടനകളുടെ അതിഥികളായി മീറ്റിംഗില്‍ സംബന്ധിച്ച ഗാന്ധി ഫൗണ്ടേഷന്‍ യു.എസ്‌.എയുടെ ചെയര്‍മാന്‍ സുബാഷ്‌ രസ്‌ദാനും, ഐ.എ.സി.എയുടെ പ്രസിഡന്റ്‌ കൗശല്‍ ത്രിപാഠിയും ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹകരണം വാഗ്‌ദാനം ചെയ്‌തു. അറ്റ്വലാന്റയില്‍ നിന്ന്‌ നേരിട്ട്‌ ഇന്ത്യയിലേക്ക്‌ വിമാന സര്‍വീസ്‌ അനുവദിച്ചുകിട്ടുവാന്‍ വേണ്ട ശ്രമങ്ങള്‍ക്ക്‌ പിന്തുണ വാഗ്‌ദാനം ചെയ്‌തു. അറ്റ്‌ലാന്റയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ നോണ്‍ സ്റ്റോപ്പ്‌ ഫ്‌ളൈറ്റ്‌ ലഭിക്കുവാന്‍ വളരെയേറെ പരിശ്രമിച്ച തോമസ്‌ മരങ്ങോലി (അലബാമ) അക്കാര്യത്തില്‍ തനിക്കുള്ള അനുഭവങ്ങളെപ്പറ്റി പറഞ്ഞശേഷം ജോര്‍ജിയാ ചാപ്‌റ്ററിനോട്‌ യോജിച്ച്‌ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തയാറാണെന്നും അറിയിച്ചു. ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ജോര്‍ജിയ ട്രഷറര്‍ ചെറിയാന്‍ അബ്രഹാമിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. കേരളാ രീതിയിലുള്ള ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു. ഡോ. എം.വി. ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.