You are Here : Home / USA News

ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌: സീറോ മലബാര്‍ ടീം വീണ്ടും ജേതാക്കള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 30, 2013 02:53 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റില്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ടീം വെരി റവ. കോശി പൂവത്തൂര്‍ കോര്‍ എപ്പിസ്‌കോപ്പ എവര്‍റോളിംഗ്‌ ട്രോഫി നിലനിര്‍ത്തി. റണ്ണേഴ്‌സ്‌ അപ്പായി ലെംബാര്‍ഡ്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ എന്‍.എന്‍. പണിക്കര്‍ തെക്കേപുരയില്‍ എവര്‍റോളിംഗ്‌ ട്രോഫിയും നിലനിര്‍ത്തി. വളരെയേറെ വാശിയോടും ചിട്ടയായും നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ ഷിക്കാഗോയിലെ കൗണ്‍സില്‍ അംഗ ദേവാലയങ്ങളിലെ ആറു ടീമുകള്‍ പങ്കെടുത്തു. രാവിലെ 9 മണിക്ക്‌ ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം 5 മണിയോടെ സമാപിച്ചു. ആകെ നടന്ന 15 മത്സരങ്ങളിലും എല്ലാ ടീമുകളും സംയമനത്തോടും ചിട്ടയായും വാശിയോടും പങ്കെടുത്തു. `ക്രിസ്‌തുവില്‍ യുവജനങ്ങള്‍ ഒന്നിക്കുക' എന്ന ആശയത്തില്‍ 2008 -ല്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ്‌ യുവജനങ്ങള്‍ക്ക്‌ ഏറ്റവും നല്ല പങ്കാളിത്തം ലഭിക്കുന്ന ബാസ്‌കറ്റ്‌ ബോള്‍ മത്സരങ്ങള്‍ക്ക്‌ തുടക്കംകുറിച്ചത്‌. ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച റവ. ബിനോയി പി. ജേക്കബ്‌ പ്രാര്‍ത്ഥനാനന്തരം അതിര്‍വരമ്പുകളില്ലാതെ ക്രിസ്‌തുവില്‍ ഒന്നായ അനുഭവം പങ്കിടുവാന്‍ ഇങ്ങനെയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ യുവാക്കളോട്‌ ആവശ്യപ്പെട്ടു.

 

കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ റവ മാത്യു ഇടിക്കുള ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കണ്‍വീനര്‍ ജോര്‍ജ്‌ പണിക്കര്‍, കോ കണ്‍വീനേഴ്‌സ്‌ ആയ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഏബ്രഹാം വര്‍ഗീസ്‌, കൗണ്‍സില്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ പൂന്തല, യൂത്ത്‌ കോര്‍ഡിനേറ്റേഴ്‌സ്‌ ആയി പ്രവര്‍ത്തിച്ച ഡോ. അനൂപ്‌ അലക്‌സാണ്ടര്‍, ജിമ്മി പണിക്കര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ആദ്യാവസാനം ടീം അംഗങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഷിക്കാഗോയിലെ 16 ദേവാലയങ്ങളിലേയും അംഗങ്ങള്‍ കാണികളായി ഐക്കര്‍മാന്‍ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സില്‍ തിങ്ങിനിറഞ്ഞു. അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കണമെന്ന്‌ പ്രസിഡന്റ്‌ റവ. ഷാജി തോമസ്‌ അച്ചന്‍ ആവശ്യപ്പെടുകയുണ്ടായി. ജേതാക്കളായ സീറോ മലബാര്‍ കത്തീഡ്രലിനും ലെംബാര്‍ഡ്‌ മാര്‍ത്തോമാ ദേവാലയത്തിനും ട്രോഫികള്‍ ഡിസംബര്‍ ഏഴിന്‌ നടക്കുന്ന ക്രിസ്‌മസ്‌ കരോള്‍ സര്‍വീസില്‍ വെച്ച്‌ വിതരണം ചെയ്യുന്നതാണ്‌. ഷിക്കാഗോയിലെ സാമൂഹ്യപ്രവര്‍ത്തകരായ ഡോ. എഡ്വിന്‍ കാച്ചപ്പള്ളിയും, ബേസില്‍ പെരേരയുമാണ്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായത്‌. ജോര്‍ജ്‌ പണിക്കര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.