You are Here : Home / USA News

ലാനാ കണ്‍വന്‍ഷന്‌ വെള്ളിയാഴ്‌ച തിരശീലയുയരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 28, 2013 12:15 hrs UTC

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ സ്‌നേഹകൂട്ടായ്‌മയായ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വന്‍ഷന്‌ തിരശീല ഉയരുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നവംബര്‍ 29-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ എസ്‌.കെ. പൊറ്റക്കാട്‌ നഗറില്‍ (ഹോട്ടല്‍ ഷെറാട്ടണ്‍, റോസ്‌മോണ്ട്‌) കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക്‌ തുടക്കംകുറിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ പെരുമ്പടവം ശ്രീധരന്‍ ആണ്‌ സമ്മേളനത്തിന്റെ മുഖ്യാതിഥിയും ഉദ്‌ഘാടകനും. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ സാഹിത്യ അക്കാഡമി അദ്ധ്യക്ഷന്‍ ലാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്‌. വെള്ളിയാഴ്‌ച വൈകുന്നേരം ഷിക്കാഗോ കലാക്ഷേത്ര അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടുകൂടി പ്രോഗ്രാമിന്‌ തുടക്കംകുറിക്കും.

 

തുടര്‍ന്ന്‌ ലാനാ പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വെച്ച്‌ മുഖ്യാതിഥി പെരുമ്പടവം ശ്രീധരന്‍ ഭദ്രദീപം കൊളുത്തി കണ്‍വെന്‍ഷന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സതീഷ്‌ ബാബു പയ്യന്നൂര്‍ ഉള്‍പ്പടെ കേരളത്തിലേയും വടക്കേ അമേരിക്കയിലേയും പ്രമുഖര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. ഉദ്‌ഘാടന സമ്മേളനത്തെ തുടര്‍ന്ന്‌ അനശ്വര എഴുത്തുകാരായ എസ്‌.കെ. പൊറ്റക്കാട്‌, മുട്ടത്തുവര്‍ക്കി എന്നിവരുടെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച്‌ ക്രമീകരിച്ചിക്കുന്ന `സ്‌മരണാഞ്‌ജലി' എന്ന അനുസ്‌മരണവും സ്‌മാരകപ്രഭാഷണവും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ ആക്ഷരശ്ശോകസന്ധ്യ. അത്താഴവിരുന്നിനുശേഷം നടക്കുന്ന ജനറല്‍ബോഡിയില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ലാനാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ്‌. നവംബര്‍ 30-ന്‌ ശനിയാഴ്‌ച രാവിലെ `പെണ്ണെഴുത്ത്‌: സത്യവും മിഥ്യയും' എന്ന വിഷയത്തെ അധികരിച്ചുള്ള വനിതാ സെമിനാര്‍ ഉണ്ടായിരിക്കും. തുടര്‍ന്ന്‌ നടക്കുന്ന `സമകാലിക മലയാള സാഹിത്യം: പ്രവര്‍ത്തനങ്ങളും പ്രവണതകളും' എന്ന സെമിനാറില്‍ പെരുമ്പടവം ശ്രീധരന്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട്‌ പ്രസംഗിക്കും. സതീഷ്‌ ബാബൂ പയ്യന്നൂര്‍, ഡോ. എം.വി പിള്ള, ഡോ. എ.കെ.ബി പിള്ള, പി.എസ്‌ നായര്‍ എന്നിവരും പ്രസംഗിക്കുന്നതാണ്‌. അമേരിക്കയിലെ എല്ലാ പ്രമുഖ അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും പ്രതിനിധികളും, സാഹിത്യ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്ന മാധ്യമ സെമിനാറാണ്‌ തുടര്‍ന്ന്‌ നടക്കുന്നത്‌. ഉച്ചഭക്ഷണത്തിനുശേഷം നര്‍മ്മവേദിയും, അമേരിക്കയിലെ മലയാള സാഹിത്യത്തെപ്പറ്റിയുള്ള സെമിനാറും, കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്‌. മലയാള കവിത, നോവല്‍ സാഹിത്യ മേഖലകളെപ്പറ്റിയുള്ള ചര്‍ച്ചയും ചെറുകഥാ ശില്‍പശാലയും തുടര്‍ന്ന്‌ നടക്കും.

 

 

ഇംഗ്ലീഷ്‌ ഭാഷയില്‍ സാഹിത്യസപര്യ നടത്തുന്ന എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള `Challenges in Creative Writting' എന്ന സെമിനാറാണ്‌ പിന്നീട്‌ ക്രമീകരിച്ചിരിക്കുന്നത്‌. വൈകിട്ട്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച്‌ ഈവര്‍ഷത്തെ ലാനാ സാഹിത്യ അവാര്‍ഡ്‌ ജേതാക്കള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന്‌ നടക്കുന്ന കലാസന്ധ്യയില്‍ മലയാളത്തിലെ എക്കാലത്തേയും മധുരിക്കുന്ന മെലഡി ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഷിക്കാഗോ ലാന്റിലെ പ്രമുഖ ഗായകര്‍ അവതരിപ്പിക്കുന്ന പാട്ടരങ്ങും നൃത്തപരിപാടികളും ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ മൂന്നാംദിനമായ ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ ബിസിനസ്‌ മീറ്റിംഗ്‌. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ നോബല്‍ സമ്മാന ജേതാവായ ഏണസ്റ്റ്‌ ഹെമിംഗ്‌വേയുടെ ജന്മഗൃഹവും മ്യൂസിയവും സ്ഥിതിചെയ്യുന്ന ഓക്‌പാര്‍ക്കിലെ ഹെമിംഗ്‌വേ മെമ്മോറിയലിലേക്കുള്ള യാത്രപരിപാടി സംഘടിപ്പിച്ചിരിക്കുന്നു. അതോടുകൂടി ലാനയുടെ ത്രിദിന കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക്‌ സമാപനം കുറിക്കും. ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ലാനയുടെ പ്രഥമ ദേശീയ കണ്‍വന്‍ഷന്‌ ആവേശകരമായ പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഹോട്ടല്‍ ഷെറാട്ടണില്‍ കണ്‍വന്‍ഷനുവേണ്ടി ബ്ലോക്ക്‌ ചെയ്‌തിരിക്കുന്ന മുറികളെല്ലാം ബുക്ക്‌ ചെയ്‌തുകഴിഞ്ഞു. കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. വെള്ളിയാഴ്‌ച കേരളദിനമായി ആചരിക്കുന്നതിനാല്‍ അന്ന്‌ എല്ലാവരും കേരളീയ രീതിയില്‍ വസ്‌ത്രധാരണം ചെയ്‌തുവരണമെന്ന്‌ കണ്‍വന്‍ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.