You are Here : Home / USA News

മാര്‍ത്തോമ്മാ നോര്‍ത്ത്‌ അമേരിക്കന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ പ്രൗഢഗംഭീരമായ സമാപനം

Text Size  

Story Dated: Thursday, November 28, 2013 12:12 hrs UTC

അലന്‍ ചെന്നിത്തല

 

ന്യൂയോര്‍ക്ക്‌: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രത്തിന്റെഏടുകളെ ദീപ്‌തമാക്കി ഒരു ചരിത്ര നിയോഗത്തിന്‌ സാക്ഷ്യം വഹിച്ചുകൊണ്ട്‌ 1988-ല്‍ രൂപീകൃതമായ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ഭദ്രാസനം ഒരു വര്‍ഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ന്യൂയോര്‍ക്കിലുള്ള ബഞ്ചമിന്‍ കാര്‍ഡോസാ ഹൈസ്‌ക്കൂള്‍ഓഡിറ്റോറിയത്തില്‍ വെച്ചു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നോര്‍ത്ത്‌അമേരിക്കന്‍ ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പ അദ്ധ്യക്ഷം വഹിച്ച മഹാസമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പരമഅദ്ധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ അതിഥിയായിരുന്നു. ഇന്നലകളില്‍ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്‌ നേതൃത്വം കൊടുത്ത സമുന്നതരായ നേതാക്കള്‍, സണ്‍ഡേ സ്‌കൂള്‍ കൂട്ടികള്‍, യുവജനങ്ങള്‍, സേവികാസംഘ അംഗങ്ങള്‍, സഭാ-ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വൈദികര്‍ എന്നിവരടങ്ങിയ വര്‍ണ്ണാഭമായ ഘോഷയാത്രയോടെ വിശിഷ്‌ഠാതിഥികളെ വേദിയിലേക്ക്‌ ആനയിച്ചു.

 

 

നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയണ്‍ ഇംഗ്ലീഷ്‌ ഗായകസംഘത്തിന്റെ പ്രാരംഭഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ നിര്‍മ്മല എബ്രഹാം പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‌കി. ഭദ്രാസന സെക്രട്ടറി റവ. കെ. ഇ. ഗീവര്‍ഗീസിന്റെ സ്വാഗത പ്രസംഗത്തെ തുടര്‍ന്ന്‌ ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പ അദ്ധ്യക്ഷ പ്രസംഗം നിര്‍വ്വഹിച്ചു. മനോഹരമായ ജൂബിലി ഗാനം നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയണ്‍ മലയാള ഗായകസംഘം ആലപിച്ചതിനു ശേഷം ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. ദര്‍ശനത്താല്‍ ധന്യമാക്കപ്പെട്ടദൗത്യവും വീണ്ടെടുപ്പിനായുള്ള അഭിവാജ്ഞയും ഉള്‍ക്കൊണ്ടു കൊണ്ട്‌സഭയിലും പാശ്ചാത്യ സമൂഹത്തിലും വസന്തങ്ങള്‍ക്കുയിരേകുന്നനവചേതനയുടെ ഉണര്‍ത്തുപാട്ടായി മാറുവാന്‍ നോര്‍ത്ത്‌ അമേരിക്കന്‍ഭദ്രാസനത്തിന്‌ കഴിയട്ടെ എന്ന്‌ മെത്രാപ്പോലീത്ത ആശംസിച്ചു. ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത, സഖറിയ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്ത, അയൂബ്‌ മാര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്ത, ഡോ. തോമസ്‌ മാര്‍ യൂസെബിയസ്‌ മെത്രാപ്പോലീത്ത, ബിഷപ്പ്‌ ജോണ്‍സി ഇട്ടി, ബിഷപ്പ്‌ ജോര്‍ജ്‌ നൈനാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചരിത്ര രേഖയായി മാറുവാന്‍ പോകുന്ന രജത ജൂബിലി പ്രസിദ്ധീകരണ്‌ങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കുന്നതിനായി റവ. ജോജി കെ. മാത്യു മെത്രാപ്പോലീത്തായെ ക്ഷണിക്കുകയും ഓരോ പ്രസിദ്ധീകരണങ്ങളുടെയും കണ്‍വീനര്‍മാര്‍ വേദിയിലെത്തുകയും മെത്രാപ്പോലീത്താ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്‌തു.

 

 

രജത ജൂബിലി യോടനുബന്ധിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടപ്പാക്കുവാന്‍പോകുന്ന ജീവകാരുണ്യ പദ്ധതികളായ 25 ഭവനങ്ങള്‍, 25 പേര്‍ക്ക്‌ വിവാഹ സഹായം, സഭയുടെ മന്ദിരങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ധനസഹായം, മിഷന്‍ ഫീല്‍ഡുകള്‍ക്ക്‌ സംഗീത ഉപകരണങ്ങള്‍ എന്നീ പദ്ധതികള്‍ നടപ്പാക്കുവാനുള്ള ജൂബിലി ചാരിറ്റി ഫണ്ട്‌ വിവിധ സംഘടനാ ചുമതലക്കാര്‍ മെത്രാപ്പോലീത്തായിക്ക്‌ കൈമാറി. മാര്‍ത്തോമ്മ സഭയില്‍ എപ്പിസ്‌ക്കോപ്പയായി കാല്‍നൂറ്റാണ്ട്‌ പിന്നിടുന്ന ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പായെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ കേക്ക്‌ മുറിച്ച്‌ തുടക്കം കുറിക്കുവാന്‍ ഭദ്രാസന കൗണ്‍സിലംഗം അലന്‍ ജോണ്‍ വേദിയിലേക്ക്‌ ക്ഷണിച്ചു. തുടര്‍ന്ന്‌ മാര്‍ തിയഡോഷ്യസിന്‌ ജൂബിലി ഉപഹാരം സമര്‍പ്പിച്ചു. ഭദ്രാസനകൗണ്‍സിലംഗം അര്‍ലിന്‍ മാത്യു വിശിഷ്‌ഠാതിഥികള്‍ക്ക്‌ ഭദ്രാസനത്തിന്റെ സ്‌നേഹോപഹാരം നല്‍കുവാന്‍ വിവിധ റീജിയണുകളില്‍ നിന്നുള്ള ഭദ്രാസനകൗണ്‍സിലംഗങ്ങളെ ക്ഷണിക്കുകയും അവര്‍ ഉപഹാരം നല്‍കുകയും ചെയ്‌തു. ഭദ്രാസന ട്രഷറര്‍ ചാക്കോ മാത്യു നന്ദിരേഖപ്പെടുത്തി തുടര്‍ന്ന്‌ റവ. ഡോ. ഫിലിപ്പ്‌ വര്‍ക്ഷീസ്‌ സമാപന പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‌കി. ഡോ. മാത്യു റ്റി. തോമസ്‌എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. മേത്രാപ്പോലീത്തായുടെ ആഹ്വാനപ്രകാരം സ്‌നേഹത്തിലും ഐക്യത്തിലും ഞങ്ങളെ നിലനിര്‍ത്തണെ എന്ന്‌ പ്രാര്‍ത്ഥനയോടെ എല്ലാവരും കൈകള്‍കോര്‍ത്ത്‌ ഗാനം ആലപിച്ചു. മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടെ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന രജത ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.