You are Here : Home / USA News

തുമ്പിക്കൈയുള്ള പൂവന്‍കോഴിക്ക് താങ്ക്‌സ്

Text Size  

Story Dated: Wednesday, November 27, 2013 09:09 hrs UTC

“നോ മോര്‍ ബിയോണ്ട്‌സ്” എന്നെഴുതിയിരുന്ന സ്ഥാനത്ത് 'മോര്‍ ബിയോണ്ട്‌സ്' എന്നെഴുതി ചരിത്രം സൃഷ്ടിച്ച കൊളംമ്പസിന്റെ കഥകള്‍ പഠിച്ചുകൊണ്ടിരിക്കുന്ന എന്റെ ചെറുപ്രായത്തില്‍ ഞാന്‍ കേരളക്കരയില്‍ ആദ്യമായി പുള്ളിത്തൂവലുള്ള ഒരു വലിയ പക്ഷിയെ കണ്ടത് ഒരു ബസുയാത്രയ്ക്കിടയില്‍ ഒരു വലിയ വീടിന്റെ പൂമുഖത്താണ്. അപ്പോള്‍ ബസിനുള്ളിലിരുന്ന ഒരു കൊച്ചുകുട്ടി അവന്റെ അമ്മയോട് 'അമ്മേ ഇതേ തുമ്പിക്കൈയുള്ള പൂവന്‍കോഴി' എന്ന് വിളിച്ചു പറയുന്നതു ഞാന്‍ കേട്ടു. കേരളക്കരയില്‍ പാത്ത, കല്‍ഗം എന്നൊക്കെ വിശേഷിപ്പിച്ച വര്‍ഗത്തില്‍ പെട്ട ഒന്നിന്റെ മാംസം ഞാന്‍ ഭക്ഷിച്ചത് 33 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ ഡാളസില്‍ എത്തിയപ്പോഴാണ്. “താങ്ക്‌സ് ഗിവിംഗ്” എന്ന പദവും ഒരാഘോഷവും ആദ്യമായി എന്നെ സ്വീകരിച്ചതോ ഞാന്‍ മനസിലാക്കിയതോ ഇങ്ങനെയാണ്.

 

1967 ഫെബ്രുവരി 21ന് ഡല്‍ഹി കോണ്‍സുലേറ്റില്‍ നിന്നും വീസ ലഭിച്ച് അമേരിക്കയിലെ ഗാല്‍വസ്‌റ്റോണ്‍ ബ്രിസ്‌റ്റോള്‍ ആശുപത്രിയിലേക്ക് കുടിയേറിയ ആദ്യത്തെ 3 മലയാളികളില്‍ എന്റെ സഹോദരിയും ഉണ്ടായിരുന്നു.അവര്‍ അമേരിക്കയില്‍ കൂടുകെട്ടി പാര്‍ത്തുവരവേ 13 വര്‍ഷങ്ങള്‍ക്കു ശേഷം, 1980 മാര്‍ച്ച് 21നാണ് ഡാളസില്‍ ആ സഹോദരിയുടെ ഭവനത്തില്‍ ഞാന്‍ എത്തിയത്. മലയാളീകരിച്ച ഒന്നുമില്ലാത്ത നാട്ടില്‍ വന്ന ആദ്യകാലമലയാളി 'കഷ്ടതകളിലൂടെ പലതും പഠിച്ചു. ആപഠനത്തിന്റെ എല്ലാവിധ സ്വാദുമുണ്ടായിരുന്നു എന്റെ ആദ്യ 'താക്‌സ് ഗിവിംഗിന്' അതുകൊണ്ടുതന്നേ'ടര്‍ക്കി' ഇന്നും എനിക്ക് ഇഷ്ടഭോജനം തന്നേ. ഈ ആഘോഷത്തിന്റെ ചരിത്രപശ്ചാത്തലത്തിലേക്ക് പോയാല്‍ ആശയപരമായി 'നന്ദി' എല്ലാറ്റിനും എന്നൊരു വിനീതത്വമോ, വിവരക്കേടോ ഇതിന്റെ പിന്നിലുണ്ട്. വെറും 400 വര്‍ഷത്തിന്റെ ചരിത്രം മാത്രമുള്ള ഒരു ആഘോഷം. 1620ല്‍ തുടങ്ങിയ, കുടിയേറ്റത്തിന്റെ വിജയഗാഥ മുഴക്കി ഒരാഘോഷം. 'പ്രകൃതി'യുടെ ജീവനാഡിയായ മനുഷ്യനെ ആട്ടിപ്പുറത്താക്കി അവിടെ അനീതിയുടെ ആഡംബരത്തിന്റെ വെട്ടിപ്പിടിക്കല്‍ ആണ് ഓരോ അധിനിവേശവും നടത്തിയിട്ടുള്ളത്. 'ആദിവാസി'യെ കൊന്നൊടുക്കിയതിനുശേഷം ദൈവം നമ്മുടെ 'കൂട്ടാളി' എന്ന് ഘോഷിക്കുന്ന വികലമായ മനുഷ്യത്വം.

 

ദ്രാവിഡ അമ്പലങ്ങള്‍ വെട്ടിപ്പിടിച്ച് 'പൂജാരിയുടെ' തല വെട്ട താലത്തില്‍ പിടിച്ച് കൊണ്ടുള്ള ആര്യന്മാരുടെ അധിനിവേശമാണല്ലോ ആര്‍ഷഭാരതസംസ്‌കാരം. എന്തുമാകട്ടെ റെഡ് ഇന്ത്യന്‍സും, ദ്രാവിഡനുമൊന്നും മനുഷ്യനല്ല എന്നു വിളമ്പിയ മതത്തിന്റെ സ്വാധീനത്തില്‍ ഇന്നിപ്പോള്‍ ഈ ആഘോഷത്തിന്റെ പ്രസക്തിയും നഷ്ടപ്പെടുന്നു. എന്തെന്നാല്‍ ഇക്കാാലങ്ങളിലെ വിദേശീയ കുടിയേറ്റക്കാരുടെ വിശ്വാസാചാരങ്ങളില്‍ അമേരിക്കയുടെ തനതായ മൂല്യങ്ങള്‍ മുങ്ങിത്താഴുന്നു. “ഇന്‍ ഗോഡ് വി ട്രസ്റ്റ്” എന്നെഴുതിയ നാണയങ്ങള്‍ കൊണ്ട്തന്നേ വിദേശികള്‍ ദൈവങ്ങളെ ഈ മണ്ണില്‍ പടുത്തുയര്‍ത്തുന്നു. മനുഷ്യരാശിയുടെ വിവരക്കേടുകള്‍ എത്ര ഭയാനകം? മലയാളിയുടെ 'താങ്ക്‌സ് ഗിവിംഗ്'നെപറ്റി പറഞ്ഞാല്‍, എന്തിനും ഏതിനും നമുക്ക് ഒരു തനതായ വ്യാഖ്യാനം ഉണ്ടല്ലോ! 'ടര്‍ക്കിയുടെ' തല വെട്ടുന്നത് പാപമായും, മദ്യം കുടിക്കുന്നവര്‍ പാപികളെന്നും വീണ്ടും വീണ്ടും പ്രഖ്യാപിക്കപ്പെടുന്നു 'മലയാളിയുടെ താങ്ക്‌സ് ഗിവിംഗ്'. സ്വര്‍ഗ്ഗത്തോടുള്ള അടങ്ങാത്ത ആശയും, നരകത്തോടുള്ള ഭയാനകമായ വെറുപ്പും ഉയര്‍ത്തി അജ്ഞരായിട്ടുള്ളവരെ ഭയപ്പെടുത്തി പ്രജ്ഞരായിട്ടുള്ളവര്‍ സ്വര്‍ഗം തീര്‍ത്തു സുഖലോലുപരായി അഭിരമിച്ചു കൊണ്ടിരിക്കുന്ന സുന്ദര കാഴ്ചയാണ് ഈ ആഘോഷങ്ങളിലൂടെ ഇന്ന് ദര്‍ശിക്കാന്‍ കഴിയുന്നത്. എന്നാല്‍ ആദര്‍ശപരമായി നിര്‍ഭയരായി ജീവിക്കുവാനും, ജീവിതത്തെ ആഘോഷമാക്കി മാറ്റുകയെന്ന സന്ദേശമാണ് 'താങ്ക്‌സ്ഗിവിംഗ്' നല്‍കുന്നത്.

 

സൃഷ്ടാവിന് സൃഷ്ടി നന്ദിയര്‍പ്പിക്കുക. മനുഷ്യനും ഈശ്വരനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും, ഭൂതലത്തിലെ സര്‍വവിഭവങ്ങളും സമസ്ത സൃഷ്ടികള്‍ക്കും അവകാശപ്പെട്ടതാണ് എന്ന് പ്രഖ്യാപിക്കപ്പെടുന്നു ഈ ആഘോഷം. ഏതായാലും താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ കഴിച്ച് 'ഏമ്പക്കം' വിടുന്ന ഏവരുടെയും മനസില്‍ ഒരു അഭിപ്രായം ഉണ്ടാകും.

 

'നല്ല ടര്‍ക്കിയായിരുന്നു'വെന്ന്. അതുകൊണ്ടുതന്നേ തുമ്പിക്കൈയുള്ള പൂവന്‍കോഴിക്ക് താങ്ക്‌സ്.

 

! ഒപ്പം സകലത്തിന്റെയും സൃഷ്ടാവിനും നന്ദി!! എല്ലാവര്‍ക്കും താങ്ക്‌സ് ഗിവിംഗ് ആശംസകള്‍!