You are Here : Home / USA News

ആലംബഹീനര്‍ക്ക്‌ ആശ്വാസമേകണം: ക്യാപ്‌റ്റന്‍ രാജു

Text Size  

Story Dated: Wednesday, November 27, 2013 06:27 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ജനങ്ങള്‍ ഒന്നടങ്കം ആചരിക്കുന്ന താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷങ്ങള്‍ ഏറ്റവും വിഭവസമൃദ്ധമാക്കുവാന്‍ ശ്രമിക്കുന്നതോടൊപ്പം സമൂഹത്തിലെ ആലംബഹീനര്‍ക്കും രോഗികള്‍ക്കും ആശ്വാസം പകരുവാന്‍ ഏവരും ഒത്തൊരുമയോടെ പരിശ്രമിക്കണമെന്ന്‌ സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റും ഫോമാ വൈസ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ ന്യൂയോര്‍ക്കില്‍ അഭ്യര്‍ത്ഥിച്ചു. നാം ആര്‍ഭാടങ്ങള്‍ക്കായി ചെലവിടുന്നതിന്റെ വളരെ ചെറിയൊരംശംമതി നിരാശ്രയരായി നിരാശയില്‍ കഴിയുന്ന ഒട്ടനവധി പേര്‍ക്ക്‌ സാന്ത്വനമേകാന്‍. അമേരിക്കയില്‍ ഇനി ഉത്സവങ്ങളുടെ കാലമാണല്ലോ.

 

ഹാലോവീനില്‍ തുടങ്ങി താങ്ക്‌സ്‌ഗിവിംഗ്‌, ക്രിസ്‌മസ്‌, ന്യൂഇയര്‍ എന്നിങ്ങനെ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും പഞ്ഞമില്ലാത്ത കാലം. നൂറുകണക്കിന്‌ ഡോളര്‍ ചെലവിടുന്നതില്‍ മലയാളി സമൂഹവും ഏറെ മുന്നില്‍ തന്നെ. പലപ്പോഴും നമ്മുടെ സഹജീവികള്‍ക്ക്‌ താങ്ങേകാന്‍ ഏറെ പിന്നലാണെന്നതാണ്‌ സത്യം. സമൂഹത്തിലെ ദൗര്‍ഭാഗ്യരോട്‌ സൗമനസ്യം കാട്ടുകയും ഉദാരമതികളാകുകയും ചെയ്യണമെന്നാണ്‌ ഓരോ മതങ്ങളും സാമൂഹ്യ സംഘടനകളുമൊക്കെ പഠിപ്പിക്കുന്നത്‌. മനുഷ്യജീവിതത്തിന്റെ വലിയൊരു കടമയും ഇതുതന്നെ. പലപ്പോഴും നാമിതൊക്കെ മനപ്പൂര്‍വ്വം മറക്കുന്നു- പലതും കണ്ടില്ലെന്ന്‌ നടിക്കുന്നു. അടുത്തിടെയായി അമേരിക്കയില്‍ ഹോംലെസ്‌ എന്നറിയപ്പെടുന്ന ഭവനരഹിതരുടെ എണ്ണം കൂടിവരുന്നു.

 

 

പട്ടിണിയും രോഗപീഡകളും ഒപ്പം അലട്ടുന്നു. സിറിയയിലെ ആഭ്യന്തര കലാപത്തിലും ഫിലിപ്പീന്‍സിലെ പ്രകൃതിക്ഷോഭത്തിലും കഷ്‌ടപ്പെടുന്നവരുടെ എണ്ണം എത്ര കൂടുതലാണ്‌. നമ്മുടെ കൊച്ചു കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ആയിരം രൂപയുടെ മരുന്ന്‌ നല്‍കാന്‍ കഴിയാതെ മക്കളുടെ മരണം കാണുവാന്‍ വിധിക്കപ്പെട്ടവര്‍, ഓണത്തിനുപോലും പുതുതായി ഒരു ഒറ്റമുണ്ട്‌ വാങ്ങി ധരിക്കുവാന്‍ കഴിയാതെ പാടുപെടുന്നവര്‍. ഇവര്‍ക്കു നടുവിലാണ്‌ കോടികള്‍ മുടക്കി മണിമാളികകളും രമ്യഹര്‍മ്യങ്ങളും തീര്‍ക്കുവാന്‍ ഓടിനടക്കുന്ന പ്രവാസി മലയാളികള്‍. എത്രയോ വിരോധാഭാസം നിറഞ്ഞ സ്ഥിതിവിശേഷം. ഈ താങ്ക്‌സ്‌ ഗിവിംഗ്‌ വേളയില്‍ നമുക്ക്‌ ചുറ്റുമുള്ളവര്‍ക്ക്‌ ഒരല്‍പ്പം സാന്ത്വനം നല്‍കാന്‍ നമുക്ക്‌ പരിശ്രമിക്കാം. ടെലിവിഷന്‍, പത്രമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവയിലൊക്കെ പരതുവാന്‍ ഒരല്‍പ നിമിഷം മാറ്റിവെയ്‌ക്കുക. നമ്മുടെ സഹായം കാത്ത്‌ കഴിയുന്നവരെ നമുക്ക്‌ വേഗത്തില്‍ കണ്ടെത്താം. ഒരാളുടെയെങ്കിലും ഒരുതുള്ളി കണ്ണുനീര്‍ ഒപ്പുന്ന സത്‌പ്രവര്‍ത്തി ചെയ്‌തുകൊണ്ട്‌ ഈവര്‍ഷത്തെ താങ്ക്‌സ്‌ ഗിവിംഗ്‌ നമുക്ക്‌ ആഘോഷിക്കാം. ഏവര്‍ക്കും നന്മയും നന്ദിയും നിറഞ്ഞ താങ്ക്‌സ്‌ ഗിവിംഗ്‌. ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.