You are Here : Home / USA News

കൊറോണ: ഗാര്‍ഹികപീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു

Text Size  

Story Dated: Sunday, April 26, 2020 03:04 hrs UTC

 (ജോര്‍ജ് തുമ്പയില്‍)
 
ന്യൂജേഴ്‌സി: ഈസ്റ്റ് ഹാനോവറിലെ വീടിനുള്ളില്‍ ഭാര്യ എങ്ങനെയാണ്് മരിച്ചതെന്ന് ഡിറ്റക്ടീവുകള്‍ അലക്‌സാണ്ടര്‍ ജേക്കബ്‌സിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, 'ഞാന്‍ എന്റെ ഭാര്യയെ കൊന്നതാണ്.' 
 
മാര്‍ച്ച് 26 ന് കൊലപാതകത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ജേക്കബ്‌സിന്റെ സെല്‍മാര്‍ ടെറസ് വീട്ടില്‍ പോലീസ് എത്തിയിരുന്നു. ഗാര്‍ഹിക തര്‍ക്കത്തില്‍ മാതാപിതാക്കള്‍ തോക്ക് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മകള്‍ 911-ലേക്ക് വിളിച്ചതാണ്. തുടര്‍ന്നായിരുന്നു അത്യാഹിതം.
 
 
74 കാരനായ ജേക്കബ്‌സ് ഭാര്യയെ തലയ്ക്ക് വെടിവച്ചതായി അധികൃതര്‍ പറഞ്ഞു. ഇത് ഒരു അപകടമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിന്‍സെന്റ് നസ്സി പറയുന്നു. ന്യൂവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഫിസിസിസ്റ്റ് ജേക്കബ്‌സിനെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. 
 
അറസ്റ്റിനുശേഷം നടന്ന ഒരു കോടതി വാദത്തില്‍ ജേക്കബ്‌സ് ജഡ്ജിയോട് പറഞ്ഞു, 'ഞാന്‍ വളരെ ശാന്തനായ വ്യക്തിയായിരുന്നു, പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല.'
കോവിഡ് 19-നെത്തുടര്‍ന്നുള്ള സ്‌റ്റേ അറ്റ് ഹോം കാരണം നിരവധി ഗാര്‍ഹിക പീഡനകേസുകള്‍ ഉണ്ടാവുന്നതായി ന്യൂവാര്‍ക്ക് പോലീസ് സൂപ്രണ്ട് കെവിന്‍ ഡിക്രൂസ് പറഞ്ഞു. 
 
വീട്ടില്‍ ഇരിക്കാനുള്ള ഉത്തരവിനെത്തുടര്‍ന്നുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം കടുത്തതാണെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളിലിരുന്നു ജോലി ചെയ്യുന്നവരുടെ ദാമ്പത്യ ബന്ധത്തില്‍ വളരെ വിള്ളലുണ്ടാകുന്നുവെന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
 
കൊറോണ വൈറസ് ന്യൂജേഴ്‌സി നിവാസികളെ ഒരു മാസത്തിലേറെയായി ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇത് ഗാര്‍ഹിക പീഡന സംഭവങ്ങള്‍ വര്‍ദ്ധിപ്പിച്ചെന്ന് പോലീസ് അധികാരികളും അഭിഭാഷകരും ഒരു പോലെ സമ്മതിക്കുന്നു. സാമൂഹ്യ അകലം പാലിക്കല്‍ നിര്‍ബന്ധമാക്കിയതോടെ സമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിക്കുന്നു. എന്നാല്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഹോട്ട്‌ലൈനിലേക്കുമുള്ള കോളുകള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനുള്ള കാരണമായി പോലീസ് പറയുന്നത്, സ്റ്റേ അറ്റ് ഹോം നിര്‍ബന്ധമാക്കിയതോടെ സഹപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ശിശുരോഗവിദഗ്ദ്ധര്‍ എന്നിവരൊന്നും ഇപ്പോള്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നില്ലെന്നാണ്.
 
അതേസമയം, ഗാര്‍ഹിക തര്‍ക്കം എങ്ങനെ വേഗത്തില്‍ വര്‍ദ്ധിക്കുകയും ദുരന്തത്തില്‍ അവസാനിക്കുകയും ചെയ്യുന്നുവെന്നതിന് ജേക്കബ്‌സിന്റെ കേസ് ഉദാഹരണമാണ്. എന്നാല്‍ ഇതുപോലുള്ള നൂറു കണക്കിനു കേസുകള്‍ പ്രധാന സംഭവങ്ങളാകുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ നിശബ്ദത പാലിക്കുന്നുവെന്ന് സംസ്ഥാനത്തെ ഉന്നത നിയമ നിര്‍വഹണ ഉദ്യോഗസ്ഥന്‍ അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രേവല്‍ പറഞ്ഞു.
 
രാജ്യത്തുടനീളം, കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഉത്കണ്ഠ മൂലം ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നു, അഭിഭാഷകര്‍ പറയുന്നു. കാലിഫോര്‍ണിയയില്‍, മുപ്പതുകാരിയായ ഒരു സ്ത്രീ ദേശീയ ദുരുപയോഗ ഹോട്ട്‌ലൈനില്‍ വിളിച്ച് തന്റെ ഇഷ്ടത്തിന് വിരുദ്ധമായി തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത തോക്കുപയോഗിച്ചും ചുറ്റിക ഉപയോഗിച്ചും സൈനികനായ അവളുടെ ഭര്‍ത്താവ് നിരന്തം ഭീഷണിപ്പെടുത്തിയത്രേ. സ്റ്റേ അറ്റ് ഹോം കാരണം അവള്‍ക്ക് പുറത്തു പോകാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അവളുടെ പങ്കാളി ശ്വാസം മുട്ടിച്ചു. 
 
കോവിഡ് 19 കാരണം, ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ ജീവിതം നഷ്ടപ്പെടുമെന്ന് അവള്‍ ഭയപ്പെട്ടു. അധിക്ഷേപിക്കുന്ന പങ്കാളിക്കൊപ്പം വീട്ടില്‍ തന്നെ തുടരാന്‍ അവള്‍ നിര്‍ബന്ധിതയായി. എന്നാല്‍, കോവിഡ് 19 കാലത്ത് കേസുകളില്‍ കാര്യമായ കുറവുണ്ടെന്നാണ് താരതമ്യ പഠനങ്ങള്‍ വ്യക്തമാകുന്നത്. മാനസിക സമ്മര്‍ദ്ദം അതിരൂക്ഷമായി തുടരുന്നുവെന്നത് വസ്തുതയാണ്. അതേസമയം പലതും കേസുകളായി മാറുന്നില്ലെന്നതും വലിയൊരു കാര്യമാണ്.
 
മാര്‍ച്ചില്‍, വൈറസ് പടരുന്നത് തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ വര്‍ദ്ധിച്ചതോടെ, ന്യൂജേഴ്‌സിയിലെ ഗാര്‍ഹിക പീഡന ഹോട്ട്‌ലൈനിന് 209 കോളുകളാണ് ലഭിച്ചത്. ഇത് 2019 മാര്‍ച്ചില്‍ 248 ആയിരുന്നു. അതുപോലെ, 5,117 ശിശു സംരക്ഷണ അല്ലെങ്കില്‍ ശിശുക്ഷേമ കോളുകള്‍ സംസ്ഥാനത്തെ ശിശു ദുരുപയോഗ ഹോട്ട്‌ലൈനിലേക്ക് ഉണ്ടായിരുന്നു മാര്‍ച്ചില്‍, കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് 32% കുറവ്. ഗാര്‍ഹിക പീഡനക്കേസുകള്‍ക്കുള്ള അറസ്റ്റുകളും കുറഞ്ഞു. 
 
സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഓഫീസ് നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ക്കുള്ള അറസ്റ്റുകള്‍ മാര്‍ച്ചിലും ഏപ്രിലിലും കുറഞ്ഞു. സാന്‍ഡി ചുഴലിക്കാറ്റും മറ്റ് അടിയന്തരാവസ്ഥകളും പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നതായി ചരിത്രം വ്യക്തമാക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, ഒരു ദുരന്തത്തെത്തുടര്‍ന്ന് ഗാര്‍ഹിക പീഡനം 50% വരെ വര്‍ദ്ധിക്കുകയും അതിന്റെ ആഘാതം രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. ഇരകള്‍ക്ക് വുമണ്‍സ്‌പേസ് ഇമെയിലുകള്‍  info@womanspace.org  ലേക്ക് അയയ്ക്കാം അല്ലെങ്കില്‍ ഹോട്ട്‌ലൈന്‍ നമ്പര്‍ 6096191888 എന്ന നമ്പറില്‍ ടെക്സ്റ്റ് ചെയ്യുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.