You are Here : Home / USA News

ഫോര്‍ട്ട് വര്‍ത്തില്‍ 90 വയസുകാരിയും ഒരു യുവാവും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Text Size  

Story Dated: Thursday, April 23, 2020 02:21 hrs UTC

 
 ഏബ്രഹാം തോമസ്
 
കോവിഡ്-19 ടെക്‌സസില്‍ ഒട്ടാകെയും നോര്‍ത്ത് ടെക്‌സസിലെ വിവിധ കൗണ്ടികളിലും കൊറോണ വൈറസിന്റെ പുതിയ കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ടു ചെയ്യുന്നു. ടറന്റ്കൗണ്ടിയെ ഫോര്‍ട്ട് വര്‍ത്തില്‍ സംഭവിച്ച 3 മരണങ്ങളില്‍ ഒരു 90 വയസുകാരിയും ഒരു യുവാവും ഉള്‍പ്പെട്ടു. മൂവര്‍ക്കു മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ കോവിഡ്-19 ബാധിച്ച് കൗണ്ടിയില്‍ മരിച്ചവര്‍ 42 ആയി. കൗണ്ടി 1,333 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 223 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു.
 
ഡെന്ററണ്‍ കൗണ്ടിയില്‍ ലൂയിസ് വില്‍നിവാസിയായ 60 കാരന്‍ മരിച്ചതോടെ മരണം18 ആയി, മൊത്തം  619 പോസിറ്റീവ് കേസുകളും 258 സുഖം പ്രാപിച്ചവരുടെ വിവരവും റിപ്പോര്‍ട്ടു ചെയ്തു.
 
 
കൊളിന്‍ കൗണ്ടിയില്‍ മരിച്ചത് 86 വയസ്സുള്ള സ്ത്രീയാണ്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ മക്കിനി നിവാസിയാണ്. കൗണ്ടിയില്‍ 570 കേസുകള്‍ ഉണ്ട് 17 പേര്‍ ആശുപത്രിയിലാണ്. 383 പേര്‍ സുഖം പ്രാപിച്ചു. റോക്ക് വാള്‍ കൗണ്ടിയില്‍ മൊത്തം 55 കേസുകള്‍ ഉള്ളതില്‍ 18 വയസില്‍ താഴെയുള്ള 2 കുട്ടികളുണ്ട്.
കോഫ്മാന്‍ കൗണ്ടിയില്‍ മൊത്തം കേസുകള്‍ 48 ആയി. 32 പേര്‍ ഫോര്‍ണി, മസ്‌കിറ്റ് പ്രദേശങ്ങളില്‍ ഉള്ളവരാണ്. 28 പേര്‍ ഇതുവരെ സുഖംപ്രാപിച്ചു.
ജോണ്‍സണ്‍ കൗണ്ടിയില്‍ 57 കേസുകളുണ്ട്. 2 മരണം സംഭവിച്ചു. 25 പേരെ ഹോം ഐസൊലേഷനില്‍ നിന്ന് വിമുക്തരാക്കി.
 
ഡാലസ് കൗണ്ടിയില്‍ 2,602 കേസുകള്‍ ഉണ്ടായി, 64 മരണങ്ങള്‍ സംഭവിച്ചു. അസുഖം ബാധിച്ചവരില്‍ നാലില്‍ ഒരാളെ ആശുപത്രിയിലാക്കേണ്ടി വന്നു. കഴിഞ്ഞ രണ്ടാഴ്ചകളെ അപേക്ഷിച്ച് ഇപ്പോള്‍ ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലേയ്ക്ക് അയയ്ക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 
 
ഡാലസ് കൗണ്ടിയില്‍ മരിച്ചവരില്‍ മൂന്നില്‍ ഒന്ന് ലോംഗ് ടേം കെയര്‍ ഫെസിലിറ്റികളില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്നവരോ ശാരീരികാവശതകള്‍ ഉള്ളവരോ  ആയിരുന്നു.
കോവിഡ്-19 പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് ടെക്‌സസിന്റെ സ്ഥിതി വിവരകണക്കുകളില്‍ സംഭവിച്ച മാറ്റം ഇങ്ങനെയാണ്: 1 മില്യണ്‍ ടെക്‌സസുകാര്‍ തൊഴിലില്ലാ വേതനത്തിന് അപേക്ഷിച്ചു. ഇതും ചേര്‍ത്ത് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്‍ തൊഴിലില്ലായ്മ വേതനം നല്‍കിയത് മാര്‍ച്ച് 15ന് ശേഷം 1.4 മില്യന്‍ പേര്‍ക്കാണ്. ഇതുവരെ 1.4 ബില്യണ്‍ ഡോളര്‍ തൊഴിലില്ലായ്മവേതനം സംസ്ഥാനം നല്‍കി. പുതിയ തൊഴിലുകള്‍ 34% കുറവാണ്.6,88,000  റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. റെസ്റ്റോറന്റ് ഉടമകള്‍ വരുമാനം 70% കുറഞ്ഞതായി പറഞ്ഞു.
ഏപ്രിലിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ 19% കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ഡാലസ് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് റിപ്പോര്‍ട്ടു ചെയ്തു.
 
2003 ഡിസംബറിലാണ് ഇതിന് മുമ്പ് ഗ്യാസി(പെട്രോളി)ന് ഇത്രയും കുറഞ്ഞവില(ഗ്യാലന് ഒരു ഡോളര്‍ 36 സെന്റ്) ഉണ്ടായിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 196 മാസം മുന്‍പ്, ഒരു മാസം മുമ്പ് ഡാലസില്‍ ഒരു ഗ്യാലന്‍ വിറ്റിരുന്നത് 1 ഡോളര്‍ 82 സെന്റിനടുത്തായിരുന്നു.
ബസ്‌കട്ട് എന്ന്‌റിയപ്പെടുന്ന വീട്ടിലെ കേശഭാരം കുറയ്ക്കല്‍ ഇന്റര്‍നെറ്റില്‍ 58% കൂടുതല്‍ പ്രചാരത്തിലായി. ഹോം മാനിക്യൂയര്‍ 37% കൂടുതല്‍ പ്രചാരം നേടി.
സപ്‌ളിമെന്റല്‍ ന്യൂട്രിഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം(മുന്‍പ് ഫുഡ് സ്‌ററാമ്പ്‌സ്) അപേക്ഷകള്‍ മാര്‍ച്ചില്‍ 2,30,809 ആയി. 2019 മാര്‍ച്ചില്‍ ഇത് 1,14,008 ആയിരുന്നു. ഡാലസ് കൗണ്ടിയില്‍ അര്‍ഹത നേടിയത് 1,41,910 അപേക്ഷകള്‍. 36 മില്യന്‍ ഡോളറിന്റെ സഹായം ഇവര്‍ക്ക് ലഭിച്ചു.
 
നോര്‍ത്ത് ടെക്‌സസ് ഫുഡ്ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഭക്ഷണ സഹായം തേടി പരതിയവര്‍ മാര്‍ച്ചില്‍ 39,000 പേര്‍.
 
ദേശീയ തലത്തില്‍ വിമാനയാത്ര കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 95% മുതല്‍ 97% വരെ കുറഞ്ഞു. പ്രധാനമായും ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ഡാലസ് ലവ് ഫീല്‍ഡ് പ്രതിദിനം 1,500 യാത്രക്കാര്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്.
തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോള്‍ 4,81,000 തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഒരു പുതിയ വെബ്‌സൈറ്റ് വര്‍ക്ക് ഇന്‍ ടെക്‌സസ് ഡോട്ട് കോം ആരംഭിച്ചതായി ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.