You are Here : Home / USA News

ആത്മധൈര്യം കൈവിടാതെ കോവിഡിനെ അതിജീവിച്ച് മലയാളി ഡോക്ടർ

Text Size  

Story Dated: Wednesday, April 08, 2020 12:44 hrs UTC

 
ന്യൂജഴ്‌സി :∙ കോവിഡ് 19 മൂലം മലയാളികളുൾപ്പെടെ പതിനായിരത്തിലധികം പേർ മരിച്ച യുഎസിൽ ആത്മധൈര്യം കൈവിടാതെ കോവിഡിനെ അതിജീവിച്ച് മലയാളി ഡോക്ടർ. ആശുപത്രിയിൽ പോകാതെ വീട്ടിൽ ഇരുന്നുതന്നെ  കോവിഡിനെ നേരിട്ട ഡോ. ജൂലി ജോൺ (38) രണ്ടാഴ്ച കൊണ്ടാണ് രോഗവിമുക്തി നേടിയത്. കല്ലൂപ്പാറ പുതുശേരി തെക്കേപ്പടിക്കൽ ജോൺ ചാക്കോയുടെയും മേരിക്കുട്ടി ജോണിന്റെയും മകളായ ഡോ. ജൂലിയുടെ സ്കൂൾ വിദ്യാഭ്യാസം തിരുവല്ലയിലായിരുന്നു. പിന്നീട് കർണാടകത്തിലും യുഎസിലുമായി എംബിബിഎസ് പഠനം പൂർത്തിയാക്കി.
 
ക്രിട്ടിക്കൽ കെയറിൽ എംഡിയും നേടി. ന്യൂജഴ്സിയിലെ വെസ്റ്റ് ഓറഞ്ച് കമ്യൂണിറ്റി ആശുപത്രിയിലെ ഡോക്ടറാണ്. 
 
കോവിഡിനെ അതിജീവിച്ച അനുഭവം ഡോക്ടർ പറയുന്നതിങ്ങനെ: മാർച്ച് 24നാണ്: ചെറിയ പനിയും തൊണ്ട വേദനയും തുടങ്ങിയത്. പിന്നീട് അത് ക്ഷീണമായി മാറി. പിറ്റേന്നായപ്പോഴേക്കും തലപൊട്ടിപ്പോകുന്ന വേദന. സഹപ്രവർത്തകയായ ഡോക്ടറോട് വിവരം പറഞ്ഞു. അവർ ആംബുലൻസുമായി എത്താൻ തയാറായിരുന്നു. മക്കൾ അറിഞ്ഞ് പ്രയാസപ്പെടുന്നത് കാണാൻ കഴിയാത്തതുകൊണ്ട് അതു വേണ്ടെന്നു പറഞ്ഞു. 
 
മക്കളായ സമാന്ത, മൈക്കിൾ, എന്റെ അമ്മ എന്നിവരോടൊപ്പമാണ് താമസം. പാരസെറ്റമോൾ കഴിച്ചിട്ടും തൊണ്ട വേദനയും തലവേദനയും  ഒന്നും മാറിയില്ല. പാതി ബോധത്തിലായി. ദൈവം സഹായിക്കുമെന്ന് വിശ്വസിച്ചു. എല്ലാവരോടും യാത്ര പറയുന്ന തോന്നലിലേക്ക് മനസ്സു നീങ്ങി. 
 
ആന്റിബയോട്ടിക് മരുന്നുകളും മലേറിയക്കുള്ള മരുന്നും കഴിക്കുന്നുണ്ടായിരുന്നു. നേരിയ കുറവ് അനുഭവപ്പെട്ടു. ഒപ്പം വൈറ്റമിൻ സി ഗുളികയും പഴവും കഴിച്ചു. ആദ്യത്തെ 15 ദിവസങ്ങൾ കിടപ്പുതന്നെ ആയിരുന്നു. 
 
വിരലിൽ ഘടിപ്പിച്ച ഓക്സോമീറ്റർ വഴി ഓക്സിജന്റെ തോത്അറിഞ്ഞിരുന്നു. 15 ദിവസം കഴിഞ്ഞപ്പോൾ തന്നെ ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി തോന്നി. ഇപ്പോൾ 3 ദിവസമായി സുഖം അനുഭവപ്പെടുന്നുണ്ട്. ന്യുജഴ്സിയിൽ ആശുപത്രിയിൽ പോയതു കൂടാതെ പാർക്കിലും സൂപ്പർ മാർക്കറ്റിലും പോയിരുന്നു. ഇവിടെ എവിടെ നിന്നെങ്കിലുമാകാം രോഗം ബാധിച്ചത്.
 
  രോഗസമയത്ത് പ്രത്യേക മുറിയിൽ ആയിരുന്നതിനാൽ വീട്ടിൽ ഉള്ളവരുമായി അകലം പാലിച്ചിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ ക്വാറന്റീനാണ് ഏറ്റവും നല്ല മാർഗമെന്ന് ഡോ. ജൂലി പറയുന്നു. ഇന്ത്യയിൽ അത് നല്ലവണ്ണം ചെയ്യുന്നുണ്ട്. ഭരണാധികാരികളും പൊലീസും വേണ്ടത്ര ജാഗ്രത പുലർത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.