You are Here : Home / USA News

നാഥന് നന്ദി കരേറ്റി വിവാഹ സുവര്‍ണ്ണ ജൂബിലി നിറവില്‍ പി.എം.ജോണ്‍ അച്ചാമ്മ ദമ്പതികള്‍

Text Size  

Story Dated: Friday, August 30, 2019 03:31 hrs UTC

ജീമോന്‍ റാന്നി
 
ഹൂസ്റ്റണ്‍: അമേരിക്കയിലെ ആദ്യകാല പ്രവാസികളിലൊരാളും ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കുണ്ടറ പയറ്റുവിള വീട്ടില്‍ പി.എം. ജോണിന്റെയും സഹധര്‍മ്മിണി അച്ചാമ്മ ജോണിന്റെയും 50മത് വിവാഹ വാര്‍ഷികാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.
 
ഓഗസ്റ്റ് 24 നു ശനിയാഴ്ച രാവിലെ  ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് സണ്‍ഡേസ്‌കൂള്‍ ഹാളില്‍  നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് വൈദികശ്രേഷ്ഠരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടങ്ങിയ വലിയൊരു സദസ്സാണ് സാക്ഷ്യം വഹിച്ചത്.
 
1974ല്‍ ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന ഈ ദമ്പതികള്‍ ആ കാലങ്ങളില്‍ ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും മാര്‍ഗദര്‍ശികള്‍ മാത്രമല്ല വലിയ കൈത്താങ്ങലും ആയിരുന്നു. ഹൂസ്റ്റണിലെ പ്രമുഖ പ്രവാസിസംഘടനകളിലൊന്നായ കുണ്ടറ അസ്സോസിയേഷന്‍ന്റെ സ്ഥാപക നേതാക്കളിലൊരാളും ഇപ്പോള്‍ അസ്സോസിയേറ്റ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ഹൂസ്റ്റണിലെ വിവിധ മലയാളി അസ്സോസിയേഷനുകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ആദ്യകാല നേതാക്കളിലൊരാള്‍ കൂടിയായ ജോണ്‍ ഇടവകയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി, അക്കൗണ്ടന്റ് തുടങ്ങിയ ചുമതലകളും വഹിച്ചുണ്ട്  
 
ആഘോഷ ചടങ്ങില്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. ജേക്കബ് പി. തോമസ്, അസിസ്റ്റന്റ് വികാരി റവ. റോഷന്‍ വി.മാത്യൂസ്, റവ. ജേക്കബ് ജോര്‍ജ്, റവ. ഉമ്മന്‍ ശാമുവേല്‍, റവ.കെ.ബി.കുരുവിള, ജോജി ജേക്കബ്, കുഞ്ഞമ്മ ജോര്‍ജ്,ജോര്‍ജ് കൊച്ചുമ്മന്‍, ഫിലിപ്പ് കൊച്ചുമ്മന്‍, മത്തായി കെ. മത്തായി  തുടങ്ങി നിരവധി വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എം.ജോര്‍ജ്കുട്ടി ഈ ദമ്പതികളെ പ്രകീര്‍ത്തിച്ചു കൊണ്ട് കവിത ചൊല്ലിയത് ശ്രദ്ധേയമായിരുന്നു.
 
കെവിന്‍, റയന്‍, ജോഷ്വാ, ജൊഹാന്‍,ജോയ്‌സ്, ഗ്രെഷിയസ്,സിസ്‌റ്റേഴ്‌സ് ഗ്രൂപ്പ് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍ ചടങ്ങിന് മാറ്റു കൂട്ടി.      
 
സുഹൃത്തുകളും കുടുംബാംഗങ്ങളും പൊന്നാടകള്‍ നല്‍കി ഇവരെ ആദരിച്ചു.
 
1969 ജൂലൈ 7 ഇവരുടെ വിവാഹം. അമേരിക്കയില്‍ എത്തിചേര്‍ന്ന ആദ്യകാലങ്ങളിലുണ്ടായിരുന്ന പ്രതിസന്ധികളെയൊക്കെ തരണം ചെയ്തു ജീവിതത്തില്‍ വിജയം വരിക്കുവാന്‍ കഴിഞ്ഞത് കരുണാമയനായ ദൈവത്തിന്റെ വലിയ കൃപ ഒന്ന് കൊണ്ട് മാത്രമാണെന്ന് ജോണ്‍ പറഞ്ഞു.
 
ഷിനോയ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. ഉമ്മന്‍ ശാമുവേല്‍ അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം സമ്മേളനം അവസാനിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.  
 
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.