You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതും

Text Size  

Story Dated: Tuesday, January 22, 2019 01:09 hrs UTC

മണ്ണിക്കരോട്ട്

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019-തിലെ പ്രഥമ സമ്മേളനം ജനുവരി 13 വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് മണ്ണിക്കരോട്ടിന്റെ പുതുവത്സരാശംസയോടെ സമ്മേളനം സമാരംഭിച്ചു. സ്റ്റാഫറ്ഡ് കൗണ്‍സില്‍മാന്‍ കെന്‍ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്ത് മാറ്റങ്ങള്‍ വരുത്തിയവര്‍ എഴുത്തുകാരാണെന്നും അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം അറിയിച്ചു. സമ്മേളനത്തില്‍ ഫിലഡല്‍ഫിയയില്‍ നിന്നെത്തിയ സാഹിത്യകാരനും ചിന്തകനുമായ അശോകന്‍ വേങ്ങശ്ശേരി പ്രധാന അതിഥിയായിരുന്നു. ആകസ്മകിമായിട്ടാണ് സമ്മേളനത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതെന്നും എന്നാല്‍ സാഹിത്യത്തെക്കുറിച്ച് വളരെ ആഴമായി ചര്‍ച്ചചെയ്യുകയും പങ്കെടുക്കുകയും ചെയ്യുന്ന ഒരു സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.

 

സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് മോഡറേറ്ററായി തുടര്‍ന്നുള്ള സമ്മേളനം നയിച്ചു. ടി.ന്‍. ശാമുവല്‍ രചിച്ച അവസ്ഥാന്തരം എന്ന കവിതയായിരുന്നു ആദ്യത്തെ ചര്‍ച്ചാവിഷയം. നിത്യജീവിതത്തില്‍ അനുഭവപ്പെട്ട ആത്മീയാന്തരങ്ങളുടെ കാവ്യഭാവമായിരുന്നു ഈ കവിത. “മതജാതിമേലാടക്കപ്പുറമാരേയും ഗതകാലത്തൊരുനാളുമറിഞ്ഞില്ലല്ലോ. ...” എന്നതായിരുന്നു ആദ്യത്തെ അവസ്ഥ. പിന്നീടുണ്ടായ അവസ്ഥയായിരുന്നു രണ്ടാം ഭാഗത്തില്‍:- “... പുത്തനറിവിന്റെ പൂരങ്ങള്‍ കണ്ടിട്ടു ചിത്തത്തിന്‍ വാതില്‍ തുറന്നുവച്ചു. ... തടവിലാക്കപ്പെട്ട വിഞ്ജാനവീഥിക- ളൊടുവിലെന്‍ മുന്നില്‍ തുറക്കയായി ചിന്തയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോളതിലേറെ ചന്തത്തിലുള്ളൊരു കാര്യമുണ്ടോ? ...” കവിതയുടെ അന്തസാരത്തെക്കുറിച്ച് സദസ്യര്‍ സമഗ്രമായി വിശകലനം ചെയ്തു. മതത്തിന്റെ മേലാടയില്‍ മുങ്ങി, അവിടെനിന്നു കേള്‍ക്കുന്ന വാക്കുകള്‍ അവസാന വാക്കായി കരുതി സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട ഗതകാലങ്ങള്‍. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് ക്രമേണ സ്വതന്ത്രചിന്ത വീണ്ടെടുത്തതോടെ സത്യം മനസ്സിലാക്കാന്‍ തുടങ്ങി. മനുഷ്യന്‍ പ്രേരണയാലല്ല മറിച്ച് സ്വന്തമായി, സ്വതന്ത്രമായി ചിന്തിച്ച് യഥാര്‍ത്ഥ സത്യത്തിന് സാക്ഷിയാകണമെന്ന് കവിത ഉദ്‌ബോധിപ്പിക്കുന്നതായി സദസ്യര്‍ വിലയിരുത്തി. പഴയകാല കവിതകളെ അനുസ്മരിക്കും വിധം ദ്വിതീയാക്ഷര പ്രാസത്തില്‍ അര്‍ത്ഥഭംഗിയോടെ രചിച്ച ആശയ സമ്പൂര്‍ണ്ണമായ ഒരു കവിതയാണ് അവസ്ഥാന്തരമെന്ന് സദസ്യര്‍ വിലയിരുത്തി. തുടര്‍ന്ന് ജോസഫ് പൊന്നോലി 2019-ല്‍ സാങ്കേതിക വിദ്യ എങ്ങോട്ട് എന്ന ചിന്ത ആസ്പഥമാക്കി പ്രബന്ധം അവതരിപ്പിച്ചു. അതിനുശേഷം 2019-ല്‍ സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ച് നൈനാന്‍ മാത്തുള്ളയും പ്രബന്ധം അവതരിപ്പിച്ചു. സമയക്കുറവു കാരണം ചര്‍ച്ച അടുത്ത സമ്മേളനത്തിലേക്കു മാറ്റി. ചര്‍ച്ചയില്‍ കെന്‍ മാത്യു, പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ജോണ്‍ കുന്തറ, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ഷിജു ജോര്‍ജ്, റോയ് തിയാടിക്കല്‍, ജോസഫ് പൊന്നോലി, അശോകന്‍ വേങ്ങശ്ശേരി, മുരളി കൃഷ്ണന്‍, ശ്രീലേഖ കൃഷ്ണന്‍, അനുരാജ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.