You are Here : Home / USA News

കോൺഗ്രസ് നേതാക്കളായിരുന്ന എം. ഐ ഷാനവാസിനെയും സണ്ണി കല്ലൂരിനെയും അനുസ്മരിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, December 08, 2018 01:52 hrs UTC

ഹൂസ്റ്റൺ: കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റും കരുത്തുറ്റ പാർലമെന്ററിയേനുമായിരുന്ന എം. ഐ. ഷാനവാസിന്റെയും കേരള കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറിയും കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന സണ്ണി കല്ലൂരിന്റെയും അകാല വേർപാടിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐ.എൻ.ഓ.സി) ടെക്സാസ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ഡിസംബർ 6 നു ശനിയാഴ്ച്ച വൈകുന്നേരം 8 മണിക്ക് നടത്തപ്പെട്ട ടെലി കോൺഫറൻസ് കമ്മിറ്റിയിലാണ് അനുശോചനം രേഖപ്പെടുത്തിയത്. സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജോസഫ് ഏബ്രഹാം അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. ഉജ്ജ്വല വാഗ്മിയും മികച്ച പാർലമെന്റേറിയനുമായിരുന്ന ഷാനവാസിന്റെ അകാല വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിക്കും വയനാട് നിയോജകമണ്ഡലത്തിനും നികത്താനാവാത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നു അനുശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സണ്ണി കല്ലൂരിന്റെ നിര്യാണം മൂലം കോട്ടയം നഗരത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും കേരളത്തിലെ കർഷക സമൂഹത്തിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചയിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു പ്രത്യേക സമ്മേളനം നടത്തുന്നതിനും തീരുമാനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ പുതിയ ഭരണ സംവിധാനം ഉണ്ടാകുന്നതിനെ പറ്റി പ്രതിപാദിച്ചു. അമേരിക്കയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടു കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം സാം പെട്രോഡയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനു (ഐ.ഓ.സി) കരുത്ത് നൽകുന്നതിന്റെ ഭാഗമായി കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനായി മെമ്പർഷിപ് ക്യാമ്പയിനു തുടക്കം കുറിയ്ക്കുന്നതിനും തീരുമാനിച്ചു. നൂറു ഡോളർ നൽകി ലൈഫ് മെമ്പർഷിപ് എടുത്തുകൊണ്ടു സംഘടനയെ ശക്തമാക്കാൻ ടെക്സസിലെ കോൺഗ്രസ് അനുഭാവികളെ ബന്ധപെടുന്നതിനും തീരുമാനിച്ചു. ജോസഫ് ഏബ്രഹാം, ബേബി മണക്കുന്നേൽ, പൊന്നു പിള്ള, ഡോ ഈപ്പൻ ദാനിയേൽ,  ജീമോൻ റാന്നി, എബ്രഹാം തോമസ്, ദാനിയേൽ ചാക്കോ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.