You are Here : Home / USA News

കീൻ 10–ാം വാർഷികം ആഘോഷിച്ചു

Text Size  

Story Dated: Monday, October 29, 2018 01:17 hrs UTC

ന്യുജഴ്സി∙ പ്രൊഫഷനൽ രംഗത്ത് തിളങ്ങി നിന്നുകൊണ്ട്, സാമൂഹ്യ നന്മ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന കീൻ 10 വർഷം പിന്നിട്ടു. ന്യുജഴ്സിയിലെ ഹോട്ടൽ എഡിസണിനില്‍ ചേർന്ന‍ യോഗം പ്രൗഢഗംഭീരമായിരുന്നു.

ആഘോഷത്തോടനുബന്ധിച്ച് കീൻ ഡെസനിയൽ എൻജിനീയറായി ന്യൂജഴ്സിയിലെ ദിലീപ് വർഗീസിനെ തിരഞ്ഞെടുത്തു. തൃശൂർ എൻജിനീയറിങ് കോളജ് പൂർവ്വവിദ്യാർഥിയും ഡിആൻഡ്കെ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമാണ് ദിലീപ് വർഗീസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദിലീപ് വർഗീസ് തന്റെ സ്നേഹ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ശാന്തിഭവൻ സ്കൂൾ, ന്യൂജഴ്സിയിലെ സീഡാർ ഹിൽ പ്രൈവറ്റ് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളും ദിലീപിന്റെ പങ്കാളിത്തത്തോടെയാണ് പ്രവർത്തിയ്ക്കുന്നത്. അനാഥരായ 300 ലധികം കുട്ടികളാണ് ശാന്തിഭവനിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്.

മുൻ പ്രസിഡന്റ് അജിത് ചിറയിൽ ദിലീപിനെ സദസ്യർക്ക് പരിചയപ്പെടുത്തി. പ്രസിഡന്റ് പ്രകാശ് കോശി ദിലീപ് വർഗീസിനെ ആദരിച്ചു. ചെറുതും വലുതുമായ ഏഴ് മലയാളി കമ്പനികൾ ഡിആൻഡ്കെ കൺസ്ട്രക്ഷൻ വഴി ആരംഭിക്കുവാൻ സഹായിച്ചിട്ടുണ്ടെന്നും ദിലീപ് വർഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കീൻ ഡെസ്നിയൽ എന്റർപ്രണർ ആയി ജോൺ ടൈറ്റസിനെ തിരെഞ്ഞെടുത്തു. ട്രഷറർ നീന സുധീർ, ജോൺ ടൈറ്റസിനെ പരിചയപ്പെടുത്തിയപ്പോൾ മുൻ പ്രസിഡന്റും കൺവൻഷൻ കമ്മറ്റി കോചെയറുമായ ഫിലിപ്പോസ് ഫിലിപ്പ് കമ്മിറ്റിയ്ക്കുവേണ്ടി അവാർഡ് നൽകി. 1984 ൽ സ്ഥാപിതമായി 275,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏറോ കൺട്രോൾ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജോൺ ടൈറ്റസ്. ഫോമയുടെ പ്രസിഡന്റായും ഇദ്ദേഹം സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്. ഫൊക്കാനയുടെ ജനറൽ സെക്രട്ടറി കൂടിയായ ഫിലിപ്പോസ് ഫിലിപ്പ് മുൻ ഫോമ പ്രസിഡന്റ് ജോൺ ടൈറ്റസിന് അവാർഡ് നൽകിയത് അമേരിയ്ക്കൻ മലയാളികളുടെ ഒരുമയുള്ള മനസ്സിനെയാണ് കാണിയ്ക്കുന്നത് എന്ന് സദസ്യർ അഭിപ്രായപ്പെട്ടു.

കീൻ ജനറൽ സെക്രട്ടറി റജിമോൻ ഏബ്രഹാം സ്വാഗതം ആശംസിച്ചു. കീനിന്റെ അമേരിയ്ക്കയിലെയും കേരളത്തിലെയും പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.കീൻ പ്രസിഡന്റ് പ്രകാശ് കോശി അധ്യക്ഷനായിരുന്നു. പത്താം വാർഷിക ആഘോഷത്തിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച ആഘോഷ കമ്മറ്റി അംഗങ്ങളെ അദ്ദേഹം അനുമോദിച്ചു.

കീൻ എൻജിനീയർ ഓഫ് ദ ഈയർ 2018 അവാർഡ് ദാനവും തദവസരത്തിൽ നടത്തി. ന്യുജഴ്സി ഏരിയ വൈസ് പ്രസിഡന്റ് ജോഫി മാത്യു ന്യുയോർക്കിലെ ആർക്കിടെക്റ്റ് ജോർജ് കെ. ജോർജിനെ സദസ്യർക്ക് പരിചയപ്പെടുത്തി. മുൻ പ്രസിഡന്റ് എൽദോ പോൾ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി എൻജിനീയർ ഓഫ് ദ ഇയർ അവാർഡ് നൽകി.

കീൻ ടീച്ചർ ഓഫ് ദ ഈയർ ആയി പാലക്കാട്ട് എൻജിനീയറിങ് കോളജ് പ്രൊഫസർ ഡോ. പി. പി. ഉമാദേവിയെ തിരെഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ബെന്നി കുര്യനു വേണ്ടി കെ. ജെ. ഗ്രിഗറി അനുമോദിച്ചു. അവാർഡ് കമ്മിറ്റി മെമ്പേഴ്സ് കെ. ജെ. ഗ്രിഗറിയും ഷാജി കുര്യാക്കോസും അമേരിക്കൻ സ്കോളർഷിപ്പ് വിതരണം ചെയ്തു.

ചടങ്ങിൽ മുഖ്യ പ്രഭാഷണം നൽകിയത് സ്പ്രിംഗ്ളർ സോഷ്യൽ ടെക്നോളജി കമ്പനിയുടെ സിഇഒ ആയ രാജി തോമസായിരുന്നു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് ബിരുദമെടുത്ത രാജി തന്റെ വിജയ രഹസ്യം സദസ്യരുമായി പങ്കു വച്ചു.

ആഘോഷ കമ്മിറ്റി ചെയർപേഴ്സനായ ജയ്സൺ അലക്സ്, ഫിലിപ്പോസ് ഫിലിപ്പ് , പ്രീത നമ്പ്യാർ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. അമേരിയ്ക്കൻ സമൂഹത്തിന്റെ സംരക്ഷണത്തിനും ആരോഗ്യത്തിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് നാടിനെയും നാട്ടുകാരെയും മറക്കരുത് എന്ന് ജയ്സൺ അലക്സ് പറഞ്ഞു. അതിനുള്ള വേദിയായി പ്രവർത്തിക്കുന്ന കീനിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിയ്ക്കാൻ പുതിയ തലമുറയിലെ എൻജിനീയേഴ്സിനെ അദ്ദേഹം ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.