You are Here : Home / USA News

ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

Text Size  

Story Dated: Wednesday, October 23, 2013 07:57 hrs UTC

ന്യൂജേഴ്സി: ലില്ലിപ്പൂക്കളും ഹൃദയ പുഷ്പാജ്ഞലികളുമായി കാത്തുനിന്ന വിശ്വാസി സമൂഹത്തിന് അനുഗ്രഹ പൂമഴ ചൊരിഞ്ഞ് വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്നയുടെ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടെ ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഇടവകവികാരി ഫാ. തോമസ് കടുകപ്പിള്ളിയും വിശ്വാസി സമൂഹവും ഏറ്റുവാങ്ങി. ഒക്ടോബര്‍ 17-ന് വൈകിട്ട് 7 മണിയോടെ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. റെക്ടറിയില്‍ നിന്ന് തിരുശേഷിപ്പ് വഹിച്ചുകൊണ്ട് ബഹു.വികാരി ഫാ. തോമസ് കടുകപ്പിള്ളിയോടൊപ്പം ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. പോളി തെക്കന്‍, ഫാ. ബെന്നി പീറ്റര്‍ , ഫാ. ജോസഫ് ആനിത്താനം, ഫാ. ഡേവിഡ് എന്നിവരും മുത്തുക്കുടകളും, താലപ്പൊലികളും, കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികളും മറ്റ് ഇടവകാംഗങ്ങളും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് നടന്നുനീങ്ങി. തിരുശേഷിപ്പ് ദേവാലയത്തില്‍ എത്തിയ ശേഷം ആഘോഷപൂര്‍വ്വവും, ഭക്തിസാന്ദ്രവുമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.

 

ദിവ്യബലിയ്ക്കു ശേഷം തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിനിര്‍ത്തി ചിക്കാഗോ രൂപതയുടേ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടില്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് ചടങ്ങുകളില്‍ സന്നിഹിതനായിരുന്നു. പ്രതിഷ്ഠയോടനുബന്ധിച്ച് പിതാവ് നല്‍കിയ സന്ദേശത്തില്‍ ആത്മീയ വഴിയില്‍ വെളിച്ചമാകാനാണ് വിശ്വാസികളെ ക്രൈസ്തവ സഭ പഠിപ്പിക്കുന്നതെന്നും, കുരിശുകള്‍ വഹിച്ച വിശുദ്ധന്റെ വിശ്വാസ മാര്‍ഗ്ഗം പിന്തുടരുവാനും പിതാവ് വിശ്വാസികളെ ആഹ്വാനം ചെയ്തു. വിശുദ്ധന്റെ തിരുശേഷിപ്പ് ദര്‍ശനത്തിനും, അനുഗ്രഹപ്രാപ്തിയ്ക്കുമായി ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ധാരാളം വിശ്വാസികള്‍ എത്തിയിരുന്നു. വിശുദ്ധ ദിവ്യബലിയ്ക്കും പ്രതിഷ്ഠാചടങ്ങുകള്‍ക്കും ശേഷം നൂറുകണക്കിനു വിശ്വാസികള്‍ പ്രായഭേദമെന്യെ വരിവരിയായി നിന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് ദര്‍ശിക്കുകയും, --ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്നുവരുന്ന ഒന്‍പതു ദിവസത്തെ ആഘോഷപൂര്‍ണ്ണമായ ദിവ്യബലിയിലും, വിശുദ്ധന്റെ നൊവേനയിലും ധാരാളം പേര്‍ സംബന്ധിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിള്ളി പറഞ്ഞു. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 27 ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ 11 മണിയോടുകൂടി ആരംഭിക്കുന്നതും, തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും, തിരുശേഷിപ്പ് വണക്കവും അതിനുശേഷം നേര്‍ച്ചസദ്യയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. തോമസ് കടുകപ്പിള്ളില്‍ : 908-235-8449; ടോം പെരുമ്പായില്‍ (ട്രസ്റ്റി) : 646-326-3708; തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) : 908-906-1709; തോമസ് വേങ്ങത്തടം (കോ-ഓര്‍ഡിനേറ്റര്‍ ): 732-485-7671; വെബ്സൈറ്റ്: Stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി 10/23/2013

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.