You are Here : Home / USA News

ലാനാ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 12, 2013 02:22 hrs UTC

ഷിക്കാഗോ: നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ഷിക്കാഗോ സാഹിത്യവേദിയുടെ യോഗത്തില്‍ വെച്ച്‌ നടത്തി. ഒക്‌ടോബര്‍ നാലാം തീയതി വെള്ളിയാഴ്‌ച മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ വെച്ച്‌ നടന്ന സാഹിത്യവേദിയുടെ 177-മത്‌ കൂട്ടായ്‌മയില്‍ വെച്ച്‌ രജിസ്‌ട്രേഷന്‍ ചെയര്‍മന്‍ ജോണ്‍ സി. ഇലക്കാടിന്‌ ചെക്ക്‌ ഏല്‍പിച്ചുകൊണ്ട്‌ ട്രാവന്‍കൂര്‍ ടൈറ്റാനിയം, കേരളാ മെറ്റല്‍സ്‌ ആന്‍ഡ്‌ മിനറല്‍സ്‌ ലിമിറ്റഡ്‌ എന്നിവയുടെ മാനേജിംഗ്‌ ഡയറക്‌ടറും, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനുമായിരുന്ന പി.എസ്‌. നായര്‍ കിക്ക്‌ഓഫ്‌ ചെയ്‌തു. തുടര്‍ന്ന്‌ കണ്‍വെന്‍ഷന്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്‌ഘാടനം 501 (അഞ്ഞൂറ്റിയൊന്ന്‌) ഡോളര്‍ നല്‍കി എഴുത്തുകാരനും, മുന്‍ പത്രപ്രവര്‍ത്തകനുമായ ജോസ്‌ പുല്ലാപ്പള്ളി നിര്‍വഹിച്ചു. `നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്നതായിരുന്നു 177-മത്‌ സാഹിത്യവേദിയുടെ ചര്‍ച്ചാവിഷയം.

 

പ്രബന്ധം അവതരിപ്പിച്ച സാഹിത്യാസ്വാദകയും വള്ളുവനാട്‌ കടന്നമണ്ണ കോവിലകാംഗവുമായ മിസ്സിസ്‌ ഉമാ രാജ കേരളത്തിന്റെ മനോഹാരിതയും നമ്മുടെ നാട്ടിന്‍പുറത്തിന്റെ നന്മയും വിവിധ കവികളുടേയും കഥാകാരന്മാരുടേയും കൃതികളിലെ വിവരങ്ങളിലൂടെ അതിമനോഹരമായി വരച്ചുകാട്ടി. കുറ്റിപ്പുറം കൃഷ്‌ണപിള്ള മുതല്‍ അയ്യപ്പപണിക്കരും, ഒ.എന്‍.വി കുറുപ്പും വരേയുള്ള അനേകം സാഹിത്യകാരന്മാരുടെ വര്‍ണ്ണനകള്‍ കാവ്യശകലങ്ങളിലൂടെ അവതതരിപ്പിച്ച പ്രബന്ധം ശ്രോതാക്കളെ തങ്ങളുടെ പിറന്ന നാട്ടിലേക്കൊരു മാനസീക തിരിച്ചുപോക്കിന്‌ ഉപകരിക്കുന്നതായിരുന്നു. സാഹിത്യവേദിയുടെ തിരുവോണാഘോഷവും ഈവര്‍ഷത്തെ കൂട്ടായ്‌മയുടെ ഭാഗമായി നടത്തി. രാധാകൃഷ്‌ണന്‍ നായര്‍- ലക്ഷ്‌മി നായര്‍ ദമ്പതികള്‍ സ്വയം പാകംചെയ്‌തുകൊണ്ടുവന്ന ഓണവിഭവങ്ങള്‍ വാഴയിലയില്‍ വിളമ്പി നല്‍കിയത്‌ ഏവരും ആസ്വദിച്ചു. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലക്കാട്ട്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാരായണന്‍ നായര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. നവംബര്‍ ആദ്യവാരം ന്യൂജേഴ്‌സിയില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യാ പ്രസ്‌ ക്ലബിന്റെ കണ്‍വെന്‍ഷനെപ്പറ്റി ശിവന്‍ മുഹമ്മയും, നവംബര്‍ അവസാനം ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ലാനാ കണ്‍വെന്‍ഷനെപ്പറ്റി ഷാജന്‍ ആനിത്തോട്ടവും സംസാരിച്ചു. തിരുവോണാഘോഷങ്ങളെപ്പറ്റിയും മണ്‍മറഞ്ഞുപോയ സാഹിത്യവേദി അംഗം മാത്യു മേലേടത്തിനെപ്പറ്റിയുള്ള വീഡിയോ പ്രദര്‍ശനം രാധാകൃഷ്‌ണന്‍ നായര്‍ നടത്തിയത്‌ വൈകാരികാനുഭവമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.