You are Here : Home / USA News

ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത്‌ ഗാന്ധി ജയന്തി വിപുലമായ രീതിയില്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 04, 2013 09:42 hrs UTC

യുണൈറ്റഡ്‌ നേഷന്‍സ്‌, ന്യൂയോര്‍ക്ക്‌: ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത്‌ സ്വതന്ത്ര ഭാരതത്തിന്റെ പിതാവായ മഹാത്മാഗാന്ധിയുടെ 144-മത്‌ ജന്മദിനം ആഘോഷിച്ചു. 2007-ല്‍ യു.എന്‍ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം `ഇന്റര്‍നാഷണല്‍ ഡേ ഓഫ്‌ നോണ്‍ വയലന്‍സ്‌' എന്ന പേരില്‍ ഗാന്ധിജയന്തി ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചുവരുന്നു. ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ്‌ ബിന്‍കി മൂണ്‍ വിശിഷ്‌ടാതിഥിയായിരുന്നു. സൗത്ത്‌ ആഫ്രിക്കന്‍ സ്ഥാനപതിയും അര്‍ജന്റീന, ചെക്ക്‌ റിപ്പബ്ലിക്‌, നോര്‍വെ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരും ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളേയും ഇന്ത്യയുടെ മഹത്തായ കാഴ്‌ചപ്പാടുകളേയും കുറിച്ച്‌ വാഴ്‌ത്തുകയുണ്ടായി. ചിത്രകാരന്‍ പരീഖ്‌ ഗാന്ധിജിയുടെ ഛായാചിത്രം ഐക്യരാഷ്‌ട്ര സഭയ്‌ക്കായി സമര്‍പ്പിച്ചു. ഉസ്‌താദ്‌ അംജത്‌ അലിഖാനും ശിഷ്യരും അവതരിപ്പിച്ച സാരോഡ്‌ ഗാനാലാപനം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. യു.എന്‍. സെക്രട്ടറി ജനറലിന്റെ മ്യാന്‍മര്‍ കാര്യാലയ ഉപദേഷ്‌ടാവായ അംബാസഡര്‍ വിജയ്‌ നമ്പ്യാരും പത്‌നിയും തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഇന്റര്‍നാഷണല്‍ ഗുരുകുല കമ്യൂണിറ്റിയുടെ പ്രസിഡന്റായ ഗുരു ദിലീപ്‌ജി, സീനിയര്‍ ആര്‍ട്ടിസ്റ്റ്‌ ആനന്ദ്‌ പഠോളി, ഡോ. റെമി ആലപ്പോ എന്നിവര്‍ ഇന്റര്‍ ഫെയ്‌ത്‌ ഗ്രൂപ്പിനുവേണ്ടി ചടങ്ങില്‍ പങ്കെടുത്തു.

 

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും ഭാരതീയ വിദ്യാഭവന്റേയും നേതൃത്വത്തില്‍ യൂണിയന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ജയന്തി ആഘോഷം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലയ്‌ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വിജയ്‌ നമ്പ്യാര്‍, നവീന്‍ മേത്ത, കെന്നി ദേശായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഏവരും ഗാന്ധിജിയുടെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി. തദവസരത്തില്‍ കേരളീയരായ ഗുരു ദിലീപ്‌ജി, പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട്‌, ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ ആറാം തീയതി ഇന്റര്‍നാഷണല്‍ ഗുരുകുല കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മന്‍ഹാട്ടനിലെ ലേണിംഗ്‌ സെന്ററില്‍ നടത്തുന്ന ഇന്റര്‍ഫെയ്‌ത്ത്‌ സമ്മേളനത്തിലേക്ക്‌ ഭാരവാഹികള്‍ ഏവരേയും ക്ഷണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.