You are Here : Home / USA News

ഇസ്രയേല്‍ അതിക്രമങ്ങളെ ഖത്തര്‍ അപലപിച്ചു

Text Size  

Story Dated: Wednesday, September 25, 2013 10:50 hrs UTC

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

ദോഹ: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഇസ്രയേല്‍ ഇടതടവില്ലാതെ തുടരുന്ന അതിക്രമങ്ങളെ ഖത്തര്‍ അതി ശക്തമായി അപലപിച്ചു. പാര്‍പ്പിട മേഖലകളില്‍ നടത്തി കൊണ്ടിരിക്കുന്ന ആക്രമങ്ങളില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇരകളാവുന്നത്. സിവിലയന്‍മാരെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ കണ്ണടച്ചുള്ള റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഖത്തര്‍ വിമര്‍ശിച്ചു. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ സമിതിയുടെ 24 മത് സമ്മേളനത്തില്‍ പങ്കടുത്ത് സംസാരിച്ച ഖത്തര്‍ പ്രതിനിധി അല്‍ മുഹന്നദ് അല്‍ ഹമ്മാദിയാണ് രാജ്യത്തിന്റെ നയം പ്രഖ്യാപിച്ചത്. ഈ മാസം ഒമ്പതിന് ആരംഭിച്ച സമ്മേളനം 27ന് സമാപിക്കും.

അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും ഇസ്രയേലിനുമേല്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗസക്കു മേല്‍ നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ പോലും നിഷേധിക്കുന്ന നടപടിയെ ഖത്തര്‍ അപലപിക്കുന്നു. നിരപരാധികളായ സിവിലയന്‍മാര്‍ക്ക് നേരെ നടക്കുന്ന റോക്കറ്റ് അക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ അന്താരാഷ്ട്രനിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഗസയിലെ ജനതയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ഖത്തര്‍ ചെയ്യും.

ഗസ പുനര്‍നിര്‍മാണ പദ്ധതിക്കുള്ള ഖത്തര്‍ സഹായം ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. വെസ്റ്റ് ബാങ്ക്, ഗസ, ഖുദ്‌സ് എന്നിവടങ്ങളില്‍ ഇസ്രേയേല്‍ നടത്തുന്ന നിയമവിരുദ്ധ കുടിയേറ്റവും, ഫലസ്തീന്‍ ജനതയുടെ വീടുകള്‍ തകര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണ്. സമധാനശ്രമങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും വലിയ തടസമായി ഈ കുടിയേറ്റങ്ങള്‍ മാറുമെന്ന് ഇസ്രയേല്‍ മനസിലാക്കണം. ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ തടവറകളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് രാജ്യാന്തര സമൂഹം കണ്ടില്ലെന്നു നടിക്കരുത്. ഇതിനെതിരെ രാജ്യാന്തര കോടതി ഇടപെടണം. ഇസ്രേയേല്‍ ജോലാന്‍ കുന്നുകളില്‍ നിന്നടക്കം മുഴുവന്‍ അധിനിവേശ സ്ഥലങ്ങളില്‍ നിന്നും പിന്‍മാറണം. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള മുഴുവന്‍ ശ്രമങ്ങളിലും ഖത്തര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.