You are Here : Home / USA News

വൈദികരിലെ ചിത്രകാരന്‍ ഫാ. ബിജു മഠത്തിക്കുന്നേലിന് സ്വീകരണം

Text Size  

Story Dated: Friday, September 13, 2013 09:16 hrs UTC

ജോജോ തോമസ്

 

ന്യൂയോര്‍ക്ക് : കേരളത്തില്‍ ദിവ്യരക്ഷകസഭാംഗവും(C.S.S.R.), പ്രശസ്ത ധ്യാനഗുരവും, ലോകപ്രശസ്ത ചിത്രകാരനും, സാഹിത്യകാരനും, സാമൂഹ്യ-സമ്പര്‍ക്ക മാദ്ധ്യമത്തില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയുമായ ഫാദര്‍ ബിജു മഠത്തിക്കുന്നേലിന് സെപ്തംബര്‍ 11ന് സ്‌നേഹാശംസകള്‍ നേര്‍ന്ന സായാഹ്നം വളരെ ഹൃദ്യമായി. ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന മാത്യൂ സിറിയക് ഏലിയാമ്മ മഠത്തിക്കുന്നേല്‍ ആതിഥ്യമരുളിയ സ്‌നേഹവിരുന്നില്‍ ഫാദര്‍ സിയാ തോമസ് (ദിവ്യരക്ഷക സഭാംഗം-C.S.S.R), മാത്യൂ സിറിയക് മഠത്തിക്കുന്നേല്‍, ഏലിയാമ്മ, ജൂലി, ബ്രയന്‍, റോബര്‍ട്ട് ഷേങ്ക്, ആന്റണി ജോര്‍ജ്ജ്, ഏലിയാമ്മ, ലാന്‍സ്, ജോസ് മഠത്തിക്കുന്നേല്‍, ജാവിന്‍, ടോമി മഠത്തിക്കുന്നേല്‍, നീന, ജോബ് ജോണ്‍, തെയ്യാമ്മ, അഗസ്റ്റിന്‍ കളപ്പുരയ്ക്കല്‍, ജെസി, കെവിന്‍, ഐസമ്മ തോമസ്, ജൂഡിറ്റ്, ജോസഫ് കളപ്പുരയ്ക്കല്‍, ലാലി, ജോജോ വര്‍ഗ്ഗീസ്, ജോവാന്‍ , മോളി ജെയിംസ്, ആഷിഷ്, ജോസഫ് തോമസ്, ആന്റണി മാത്യൂ, ജോജോ തോമസ് എന്നിവര്‍ പങ്കെടുത്തു. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 'നിറങ്ങളും, കലയും' എന്ന വിഷയത്തെ അധികരിച്ച് സമര്‍പ്പിച്ച തീസിസിനാണ് സാമൂഹ്യ സമ്പര്‍ക്ക മാദ്ധ്യമത്തില്‍ മാസ്റ്റേഴ്‌സ് ബിരുദം ഫാ.മഠത്തിക്കുന്നേലിന് ലഭിച്ചത്. തുടര്‍ന്ന് രണ്ടു മാസത്തെ സുവിശേഷ വേലയ്ക്കായി ന്യൂയോര്‍ക്കിലെ ബെര്‍ത്ത് പേജിലുള്ള സെന്റ് മാര്‍ട്ടിന്‍ ഓഫ് ടൂര്‍ഡ് പള്ളിയില്‍ സേവനം ചെയ്യാനെത്തിയതാണ് അച്ചന്‍. ചിത്രരചനയിലും, സാഹിത്യരചനയിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ബിജു അച്ചന്‍ ഇതിനകം നൂറില്‍പരം പെയിന്റിങ്ങുകളും, കേരളത്തിലും ഇന്ത്യയിലും വിവിധ ഭാഗങ്ങളിലും, വിദേശങ്ങളിലുമായി പന്ത്രണ്ട് ചിത്രകലാപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടു നോവലുകള്‍ ഉള്‍പ്പെടെ 5 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008 ലെ ശാലോം അവാര്‍ഡിന് അര്‍ഹമായത് ബിജു അച്ചന്റെ ബസാലേല്‍ എന്ന നോവലിനായിരുന്നു. ചിത്രരചനയില്‍ ബിജുഅച്ചന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പ്രകൃതി ദൃശ്യങ്ങളാണ്. കാരണം പ്രകൃതി ദൈവത്തിന്റെ ഒരു വിരലൊപ്പുപോലെ നമുക്കു മുന്നില്‍ കാണുന്നു എന്നതിനാലെന്ന് ബിജു അച്ചന്‍ അവകാശപ്പെടുന്നു. ബിജു അച്ചന്റെ ചിത്രങ്ങളില്‍ ഏറെ പ്രതിനിധാനം ചെയ്യുന്നത് സാധാരണ മനുഷ്യന്റെ സാധാരണ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും സംഭവങ്ങളും ആസ്പദമാക്കിയുള്ളതാണ്. ബിജു അച്ചന് കലാജീവിതത്തില്‍ താല്‍പര്യം തോന്നിയ മറ്റൊരു മേഖലയാണ് അബ്‌സ്ട്രാക്ട് പെയിന്റിങ്ങ് കൂടുതല്‍ ആശയങ്ങള്‍, സിംബോളിക്ക് ആയിരുന്ന രേഖകളും, വര്‍ണ്ണങ്ങളും ഉപയോഗിച്ച് ചിത്രീകരിക്കാന്‍ കഴിയുന്ന ഈ മേഖലയും സ്വായത്തമാക്കുവാന്‍ ബിജു അച്ചന് കഴിഞ്ഞു. അതില്‍ നിന്നും ഉരുത്തിരിഞ്ഞ ചിത്രപ്രദര്‍ശനമായിരുന്നു ഫെയിസസ് ഓഫ് ലൈഫ് ഇമോഷന്‍സ് എന്ന് പേരിട്ട ഈ ചിത്രത്തില്‍ ഒരു മനുഷ്യന്റെ എട്ടു മുഖഭാവങ്ങളും, വികാരങ്ങളും പ്രതിഫലിക്കുന്ന ആശയമാണ് ഈ ചിത്രത്തിന്റെ സന്ദേശം. യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ബിജു അച്ചന്‍ വരച്ച ക്രിസ്തുവിന്റെ ചിരിക്കുന്ന മുഖത്തിന്റെ പെയിന്റിങ്ങ് 2011ല്‍ കേരളത്തിലെ കത്തോലിക്കാ പ്രസിദ്ധീകരണമായ സത്യദീപം കലണ്ടറായി പ്രസിദ്ധീകരിക്കുകയുണ്ടായി. 2012 ല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ വരച്ച ക്രിസ്തുവിന്റെ ചിരിക്കുന്ന മുഖചിത്രത്തിന്റെ പെയിന്റിങ്ങ് നിയുക്ത കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനാരോഹണത്തിന് ശേഷം ബനഡിക്ട് പാപ്പയ്ക്ക് സമ്മാനിച്ചു. ലോഗ് ഐലന്റിലെ ബെത്ത് പേജിലുള്ള സെന്റ് മാര്‍ട്ടിന്‍ ഓഫ് ടൂര്‍സ് പള്ളിയിലെ ജോലിക്കിടയിലും കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പട്ടികയിലെ സെന്റ്ട്രീസാ ഓഫ് ലിസ്യൂ, സെന്റ് ജൂഡ്, സെന്റ് ആന്റണി, സെന്റ് ആന്‍, സെന്റ് പെരേഗ്രനെ എന്നീ അഞ്ചുവിശുദ്ധരുടെ പെയിന്റിങ്ങ്‌സ് വരച്ച് പൂര്‍ത്തിയാക്കി പള്ളി വികാരിക്ക് സമര്‍പ്പിച്ചു. റോക്ക്‌ലാന്റിലെ സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ വികാരി ഫാദര്‍ തദ്ദേവൂസ് അരവിന്ദത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചിത്രകലയില്‍ താല്‍പര്യമുള്ള സീറോ മലബാര്‍ കുട്ടികള്‍ക്കായി ചിത്രരചനയുടെ ബാലപാഠങ്ങളുടെ ക്ലാസ്സുകള്‍ എടുക്കുവാനും ബിജു അച്ചന്‍ സമയം കണ്ടെത്തി. സെപ്റ്റംബര്‍ 13ന് ന്യൂയോര്‍ക്കില്‍ നിന്നുമുള്ള മടക്കയാത്രയില്‍ ഡെന്‍മാര്‍ക്കില്‍ ഒരു ചിത്രപ്രദര്‍ശനവും നടത്തിയ ശേഷം റോമില്‍ ഇറങ്ങിയശേഷമായിരിക്കും ബിജുഅച്ചന്‍ നാട്ടില്‍ എത്തുക. കേരളത്തില്‍ 9 ഭവനങ്ങളുള്ള ദിവ്യരക്ഷകസഭയുടെ പ്രൊവിന്‍ഷ്യല്‍ ഹൗസ് കാലടിയില്‍ മറ്റൂറിലാണ്. ദിവ്യരക്ഷകസഭയില്‍ ഒരു വൈദികനായി ചേര്‍ന്നപ്പോള്‍ മുതല്‍ സഭാധികാരികളുടെ പ്രോത്സാഹനവും സഹായവും ലഭിച്ചിരുന്നതായി ബിജു അച്ചന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ചിത്രരചനയിലും, സാഹിത്യരംഗത്തും, സുവിശേഷപ്രഘോഷണത്തിലും തനതായ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജു മഠത്തിക്കുന്നേല്‍ അച്ചന്റെ മഹത്തായ പെയിന്റിങ്ങിലും, സാഹിത്യ കൃതികളിലും ലോകശ്രദ്ധ നേടിക്കഴിഞ്ഞു എന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന വസ്തുതയാണ്. ചിത്രകലയ്‌ക്കൊപ്പം സാഹിത്യരചനയുടെ ലോകത്തും സഞ്ചരിക്കുന്ന ബിജു അച്ചന് എല്ലാവിധ വിജയാശംസകളും സ്‌നേഹപൂര്‍വ്വം നേരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.