You are Here : Home / USA News

ആരാണ്‌ യഥാര്‍ത്ഥ ക്രിസ്‌ത്യാനി ?

Text Size  

Story Dated: Sunday, February 01, 2015 11:37 hrs UTC

സിറിയക്ക്‌ സ്‌കറിയ

 

പ്രമുഖ പ്രവാസിമാദ്ധ്യമങ്ങള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്ന ചില വിഷയങ്ങളാണ്‌ മതവിശ്വാസങ്ങളും അതിലെ ദാര്‍ശനികസ്വഭാവവും. സോഷ്യല്‍ മീഡിയയിലൂടെയും മാദ്ധ്യമങ്ങളുടെ പ്രതികരണകോളങ്ങളിലൂടെയുമൊന്നു കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുക ഈ വര്‍ഗ്ഗീയ ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങളാണ്‌. മനുഷ്യമനസ്സിന്റെ കറുത്ത തലങ്ങളില്‍ നിന്നു പുറപ്പെടുന്ന വിഷമാണ്‌ വര്‍ഗ്ഗീയചിന്തയെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറയുകയുണ്ടായി. എന്നാലിന്ന്‌ വര്‍ഗ്ഗീയതയുടെ പ്രവാചകന്മാര്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതാവസ്ഥയുമുള്ളവരാണ്‌ എന്നുള്ളതും നാം ചിന്തിയ്‌ക്കേണ്ട കാര്യം തന്നെ. `കോഴവിവാദത്തില്‍ ക്രിസ്‌ത്യന്‍ സഭകള്‍ മാണിസാറിനെ പിന്തുണയ്‌ക്കണം' എന്ന്‌ ഒരു സാമൂഹികനേതാവു പറഞ്ഞപ്പോഴും `ക്രിസ്‌ത്യാനീ, നീ കരയുന്നതെന്തിന്‌' എന്ന ലേഖനത്തിലൂടെ മറ്റൊരാശയം അവതരിപ്പിയ്‌ക്കപ്പെട്ടപ്പോഴുമുണ്ടായ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ, മേല്‌പറഞ്ഞ രണ്ടു ചിന്താഗതികളും തള്ളപ്പെടേണ്ടതു തന്നെയാണ്‌.

 

ഒരു സംസ്ഥാനത്തിന്റെ മന്ത്രി ഒരു സഭയുടേയോ ഒരു കുടുംബത്തിന്റേയോ മന്ത്രിയല്ല. മറിച്ച്‌ മൊത്തം ജനസമൂഹത്തിന്റെ പ്രാതിനിധ്യം വഹിയ്‌ക്കേണ്ടയാളാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സഭയോ എന്‍ എസ്‌ എസ്സോ എസ്‌എന്‍ഡീപ്പിയോ ഐ യു എമ്മെലോ അല്ല സത്യത്തിന്റെ കാവല്‍ക്കാരനാകേണ്ടത്‌, പിന്നെയോ വസ്‌തുതകളും തെളിവുകളുമാണ്‌. നിയമം നിയമപരമായി സത്യമന്വേഷിയ്‌ക്കുമ്പോള്‍, ആരോപണങ്ങള്‍ക്ക്‌ തെളിവുകള്‍ ബലം നല്‍കുമ്പോള്‍ രക്ഷപ്പെടേണ്ടവര്‍ വിടുതല്‍ നേടും, കുറ്റം ചാര്‍ത്തേണ്ടവര്‍ തുറുങ്കിലുമാകും. ഇവിടെ ഇന്ന്‌ മാണിസാറിനെ വിധിയ്‌ക്കാന്‍ ആര്‍ക്കും അവകാശമില്ല. മറിച്ച്‌ മതപരമായ അന്ധതയില്‍ പിന്തുണയോ എതിര്‍പ്പോ പ്രഖ്യാപിയ്‌ക്കാനും. െ്രെകസ്‌തവസഭകള്‍ സ്വീകരിച്ചിട്ടുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഈ നിലപാട്‌ ശ്ലാഘനീയം തന്നെ. `ക്രിസ്‌ത്യാനീ, നീ കരയുന്നതെന്തിന്‌' എന്ന ലേഖനത്തില്‍ പരാമര്‍ശിയ്‌ക്കപ്പെട്ടിട്ടുള്ളതുപോലെ നാളെ സൌദി അറേബ്യ മുസ്ലീമല്ലാത്ത എല്ലാവരും അവിടം വിടണം എന്ന രാജകല്‌പന പുറപ്പെടുവിച്ചാല്‍ ജോലി സംരക്ഷിയ്‌ക്കാന്‍ വേണ്ടിയും അയച്ചുകൊടുത്ത പൈസയില്‍ അഷ്ടിച്ചു കഴിയുന്ന വേണ്ടപ്പെട്ടവരെയോര്‍ത്തും അമ്പതു ശതമാനം ആളുകളും മതം മാറുന്നതിനെപ്പറ്റി ആലോചിയ്‌ക്കും എന്നു പറയുകയുണ്ടായി. അമേരിക്കയുടെ സുഖലോലുപതയിലിരുന്ന്‌ ചിന്തിച്ച ഒരു ശുദ്ധാത്മാവിന്റെ വിടുവായത്തമായേ അതിനെ കാണാനാവൂ.

 

 

കുടുംബത്തിന്റെ കാര്യത്തിന്‌ സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം കൊടുത്ത്‌ ലിബിയയിലേയ്‌ക്ക്‌ പോകാനൊരുങ്ങിയ നഴ്‌സുമാരും, ഇറാക്കിലെ മൊസൂളില്‍ നിന്ന്‌ തീവ്രവാദികളുടെ തോക്കിന്‍കുഴലിന്റെ അകമ്പടിയോടെ മോചിപ്പിയ്‌ക്കപ്പെട്ട നഴ്‌സുമാരുള്ള കേരളനാട്ടില്‍ ആ ലേഖനം നടത്തിയ പരാമര്‍ശം മാനുഷികമൂല്യങ്ങള്‍ക്ക്‌ നിരക്കുന്നതോ എന്നു നാം ചിന്തിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നു. ഒരാള്‍ ക്രിസ്‌ത്യന്‍ നാമധാരിയായതു കൊണ്ടോ അല്ലെങ്കില്‍ മറ്റേതു മതത്തിന്റെ പ്രതിനിധിയായതുകൊണ്ടോ വിശ്വാസിയാകുന്നില്ല. വിശ്വാസമെന്നത്‌ വ്യക്തിപരവും സ്വഭാവപരവുമാണ്‌. ക്രിസ്‌തുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ ക്രിസ്‌ത്യാനിയാകും. അല്ലാതെ അവന്‍ കത്തോലിക്കനോ ഓര്‍ത്തഡോക്‌സുകാരനോ അതുമല്ലെങ്കില്‍ നവതലമുറയുടെ പ്രതിനിധിയോ ആയതുകൊണ്ടു മാത്രം ക്രിസ്‌തുവിനെ പ്രതിനിധാനം ചെയ്യണമെന്നില്ല. പേരും വിശ്വാസവുമെല്ലാം അെ്രെകസ്‌തവമായിരുന്നിട്ടും ക്രിസ്‌തുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടവര്‍ ചരിത്രത്തിലേറെയുണ്ട്‌. സ്വാമി വിവേകാനന്ദന്‍ മുതല്‍ മഹാത്മാഗാന്ധി വരെ ക്രിസ്‌ത്യാനിയാകാതെ തന്നെ ക്രിസ്‌തുവിനെ സ്‌നേഹിച്ചവരാണ്‌. അതുപോലെ തന്നെയാണ്‌ തങ്ങളുടെ മതത്തിന്റെ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ടു തന്നെ െ്രെകസ്‌തവ വീക്ഷണങ്ങളെ നെഞ്ചിലേറ്റുന്ന അനേകായിരങ്ങള്‍.

 

 

ചാവറ അച്ചനെ മതം നോക്കാതെ ആദരിച്ച ഡോ. ഇക്‌ബാലും പ്രത്യേക പരാമര്‍ശം അര്‍ഹിയ്‌ക്കുന്നു. ഫാ. ഡേവിഡ്‌ ചിറമ്മലിനെപ്പോലെ ക്രിസ്‌തുവിന്റെ അനുകരണങ്ങളില്‍ വിശ്വസിയ്‌ക്കുന്നവരാണ്‌ ശരിയ്‌ക്കും യഥാര്‍ത്ഥക്രിസ്‌ത്യാനി. ലോകത്തിലെ തന്നെ ആദ്യത്തേത്‌ എന്നു വിശേഷിപ്പിയ്‌ക്കാവുന്ന ഒരു മഹദ്‌പ്രവൃത്തിയാണ്‌ മില്യന്‍ കണക്കിന്‌ ആസ്‌തിയുള്ള കൊച്ചൌസേപ്പ്‌ ചിറ്റിലപ്പള്ളിയുടെ വൃക്കദാനം. ഒരു ബിസിനസ്സുകാരന്റെ മനഃസ്ഥിതിയില്‍ സ്വന്തം ശരീരത്തിന്റെ ഒരു പ്രധാനഭാഗം ദാനം ചെയ്യുക എന്ന കര്‍മ്മം ഇതിനു മുമ്പുണ്ടായതായി ചരിത്രമില്ല. ലാഭം കൊയ്യാനും അതു സ്വന്തം സുഖലോലുപതയില്‍ ചിലവഴിയ്‌ക്കാനുമേ മുതലാളിത്ത വ്യവസ്ഥിതിയില്‍ പഠിപ്പിയ്‌ക്കാറുള്ളു. ഇനി ദാനം ചെയ്‌താല്‍ത്തന്നെ തന്റെ ലാഭത്തിന്റെ ഒരു വിഹിതം എന്നല്ലാതെ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം ദാനം ചെയ്‌ത മറ്റൊരു ബിസിനസ്സുകാരനെ എനിയ്‌ക്ക്‌ കണ്ടെത്താനായിട്ടില്ല. പക്ഷേ ശ്രീ കൊച്ചൌസേപ്പ്‌ പറയുന്നു, അദ്ദേഹം നിരീശ്വരവാദിയാണെന്ന്‌. ഒരു പക്ഷേ ഏതെങ്കിലുമൊരു മതസംവിധാനത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാന്‍ ഉദ്ദേശിയ്‌ക്കാത്ത മനോഭാവമാകും അദ്ദേഹത്തെ ഒരേ സമയം എയ്‌ഥീസ്റ്റും മനുഷ്യസ്‌നേഹിയുമാക്കുന്നത്‌. ഇത്തരം ക്രിസ്‌തീയബിംബങ്ങളെ ഇന്ന്‌ ടിം കുക്കിലൂടെയും കൊച്ചൌസേപ്പിലൂടെയും ദര്‍ശിയ്‌ക്കുന്നതിനാലാണ്‌ മഹാനായ ഫ്രാന്‍സിസ്‌ പാപ്പ പോലും `ഒരാളുടെ ഐഡന്റിറ്റിയെക്കാളും പ്രധാനമാണ്‌ അയാള്‍ നല്‍കുന്ന ജീവിതസന്ദേശം' എന്നു പറയുന്നത്‌.

 

 

നന്നായി ജീവിയ്‌ക്കുന്ന ഏതൊരു വ്യക്തിയും സ്വര്‍ഗ്ഗം കാണുമെന്ന്‌ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനെക്കൊണ്ടു ദൈവം പറയിയ്‌ക്കുന്നതും `ഐഡന്റിറ്റി ക്രൈസിസ്‌' ഒഴിവാക്കാനാണ്‌. സങ്കുചിതഭാവങ്ങളുള്ള ഒരു ലോകത്ത്‌ ആന്‍ ഡന്‍ഹാം എന്ന കാന്‍സാസ്‌ വെള്ളക്കാരിയില്‍ കറുത്ത വര്‍ഗ്ഗക്കാരന്‌ വിവാഹപൂര്‍വ്വബന്ധത്തില്‍ പിറന്ന ബറാക്ക്‌ ഒബാമയെന്ന ലോകത്തിന്റെ ഏറ്റവും ശക്തനായ പ്രസിഡന്റിനെ സ്വീകരിയ്‌ക്കാന്‍ ചുവന്ന പരവതാനിയുമായി യാഥാസ്ഥിതികസമൂഹമുള്ള ഇന്ത്യയും സൌദിയുമൊക്കെ അണിനിരന്നുവെങ്കില്‍ ഇതാണ്‌ നാം അന്വേഷിയ്‌ക്കുന്ന ദൈവത്തിന്റെ മായ. വ്യവസ്ഥിതികള്‍ക്കും അധികാരദുര്‍വിനിയോഗത്തിനും മതപുരോഹിതരുടെ ധാര്‍ഷ്ട്യത്തിനും എതിരു നിന്ന ദൈവപുത്രനായ്‌ പിറന്ന യേശു കുരിശിലേറി മരിച്ചപ്പോള്‍ ആ സന്ദേശം മതം മാറാതെയും പേരു മാറ്റാതെയും നെഞ്ചിലേറ്റിയ അനേകം ജനകോടികള്‍ ഈ ലോകത്തുണ്ട്‌. അവരുടെ നന്മയിലാണ്‌ ഇന്നീ ലോകത്തിന്റെ നിലനില്‌പ്‌. ആന്‍ ഡര്‍ഹത്തിന്റെ മാതാപിതാക്കള്‍ക്ക്‌ ബറാക്ക്‌ ഒബാമയെ അനാഥാലയത്തില്‍ തള്ളാമായിരുന്നു, അല്ലെങ്കില്‍ ഭ്രൂണാവസ്ഥയിലേ ഉപേക്ഷിയ്‌ക്കാന്‍ നിര്‍ബന്ധിയ്‌ക്കാമായിരുന്നു. എന്നാല്‍ കോളേജ്‌ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരു വല്യമ്മ നല്‍കിയ കരുതലും വിദ്യാഭ്യാസവുമാണ്‌ തൊട്ടുകൂടായ്‌മയില്‍ നിന്ന്‌ ലോകത്തിന്റെ നെറുകയിലേയ്‌ക്ക്‌ ബറാക്ക്‌ ഒബാമയെ എത്തിച്ചത്‌. ആ മാനസികപരമായ വളര്‍ച്ചയാണ്‌ ശരിക്കുമുള്ള ക്രിസ്‌തീയവിശ്വാസം.

 

 

ക്രിസ്‌ത്യന്‍ നാമധാരിയ്‌ക്കോ ബിഷപ്പുമാര്‍ക്കോ എന്തിനു പറയണം, കര്‍ദ്ദിനാള്‍മാര്‍ക്കോ ചിലപ്പോള്‍ നഷ്ടമായിപ്പോയ ആ ഉണര്‍വിനെയാണ്‌ 2014 ഡിസംബര്‍ 22ന്‌ ഫ്രാന്‍സിസ്‌ പാപ്പ ചോദ്യം ചെയ്‌തത്‌. `സ്‌പിരിച്ച്വല്‍ അല്‍ഷ്യമേഴ്‌സ്‌' ബാധിച്ച നേതൃത്വത്തെ അധികാരമോഹത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും വിടുതല്‍ നേടാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. അധിനിവേശത്തിന്റേയും അതേ സമയം തന്നെ തീവ്രവാദത്തിന്റേയും ഇരകളായി ജീവന്‍ പൊലിച്ച ആയിരങ്ങള്‍ ഇന്ന്‌ ഇറാക്കിലും സിറിയയിലുമുണ്ട്‌. മതവും ഐഡന്റിറ്റിയും മാറ്റാന്‍ മടിച്ച ആ ജനത ഏറ്റവും വലിയ ക്രൂരതയുടെ ഇരകളാണ്‌. മനുഷ്യമനസ്സിന്റെ കറുത്ത പ്രവണതകള്‍ക്കു മുന്നില്‍ സ്വയം ബലിയായ്‌ മാറിയ യേശുക്രിസ്‌തുവും മതതീവ്രവാദിയ്‌ക്കു മുമ്പില്‍ `ഹേ രാം' എന്നു ചൊല്ലിക്കൊണ്ട്‌ വെടിയുണ്ടകള്‍ക്കു മുന്നില്‍ പൊലിഞ്ഞ മഹാത്മാഗാന്ധിയും ജീവിയ്‌ക്കുന്ന രക്തസാക്ഷിയായ മലാലയുമൊക്കെ ഇന്നും ജനമനസ്സുകളെ സ്വാധീനിയ്‌ക്കുന്ന ഓര്‍മ്മകളാണ്‌. മതത്തിന്റെ വേലിക്കെട്ടുകള്‍ക്ക്‌ അപ്പുറത്തു നിന്നു കാണുന്ന മാനവകുലസൃഷ്ടിയ്‌ക്കായി ഈ ലേഖനം സമര്‍പ്പിയ്‌ക്കുന്നു.

 

സിറിയക്ക്‌ സ്‌കറിയ (cysvee@gmail.com.)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.