You are Here : Home / USA News

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 30, 2015 06:32 hrs UTC

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ജയശങ്കറിനെ വിദേശകാര്യവകുപ്പു സെക്രട്ടറിയായി ഇന്ത്യാഗവണ്‍മെന്റ് നിയമിച്ചു. 2013 ഡിസംബറിലാണ് ജയ്ശങ്കര്‍ ഇന്ത്യന്‍ അംബാസിഡറായി ചുമതലേറ്റത്. വിദേശകാര്യ വകുപ്പില്‍ അപ്രതീക്ഷിതമായി നടത്തിയ അഴിച്ചു പണിയില്‍ ഇപ്പോള്‍ വിദേശവകുപ്പു സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സുജാതാ സിങ്ങിനെ ഒഴിവാക്കിയാണ്. ജയ്ശങ്കറിനെ നിയമിച്ചത്. ജനുവരി 28 ബുധനാഴ്ച സുജാതയെ ഒഴിവാക്കി 29 വ്യാഴാഴ്ച ജയ്ശങ്കറിനെ നിയമിച്ചു കൊണ്ടുള്ള ഇന്ത്യഗവണ്‍മെന്റ് വിജ്ഞാപനം പുറത്തിറങ്ങുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവും, അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ഉടനെ തന്നെ വിദേശകാര്യ വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടാണ് മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് പരിചയ സമ്പന്നനായി ജയശങ്കറിനെ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. 2008 ല്‍ ഇന്ത്യയും യു.എസ്സുമായി ന്യൂക്ലിയര്‍ കരാര്‍ തയ്യാറാക്കുന്ന ടീമില്‍ നിര്‍ണ്ണായക പങ്കാണ് ഡോ.ജയ്ശങ്കറിനുണ്ടായിരുന്നത്. അറുപതു വയസ്സുള്ള ജയ്ശങ്കര്‍ മൂന്ന് ദശാബ്ദത്തോളമായി ഇന്ത്യന്‍ ഫോറില്‍ സര്‍വ്വീസില്‍ പ്രധാനപ്പെട്ട പല തസ്തികളിലും പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇന്ത്യന്‍ അംബാസിഡര്‍ നിയമനം ലഭിക്കുന്നതിനു മുമ്പു ചെക്ക് റിപ്പബ്ലിക്കില്‍ അംബാസിഡറായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ അംബാസിഡര്‍ പദവിയിലിരുന്നു അമേരിക്കയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന് ചാരിതാര്‍ത്ഥ്യത്തോടെയാണ് പുതിയ ചുമതലയേറ്റെടുക്കുന്നതെന്ന് ഡോ.ജയ് ശങ്കര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.