You are Here : Home / USA News

കെ.എച്ച്‌.എന്‍.എ ദാര്‍ശനിക സംവാദം സി. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 25, 2015 12:31 hrs UTC

ഡാളസ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2015 ഡാളസ്‌ കണ്‍വെന്‍ഷനില്‍ നടക്കുന്ന ദാര്‍ശനിക സംവാദം പ്രശസ്‌ത മലയാള നോവലിസ്റ്റും ചിന്തകനുമായ സി. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ജൂലൈ 2 മുതല്‍ 6 വരെ നടക്കുന്ന സമ്മേളനത്തില്‍ `വേദ സാഹിത്യത്തെ പ്രതിരോധിക്കുന്ന ആധുനിക മലയാള സാഹിത്യത്തിലെ പ്രവണതകള്‍' എന്ന വിഷയത്തെ അധികരിച്ചായിരിക്കും മലയാളത്തിലെ ആനുകാലിക സമസ്യകളേയും പൈതൃകത്തേയും ആധുനിക സയന്‍സിനോട്‌ സമഞ്‌ജമായ സമന്വയിപ്പിച്ച കഥാകാരനായ രാധാകൃഷ്‌ണന്‍ സംസാരിക്കുക. ശാസ്‌ത്ര സംസ്‌കാരവും സാഹിത്യ സംസ്‌കാരവും സമര്‍ത്ഥമായി സമ്മേളിപ്പിച്ചിരിക്കുന്ന `മുമ്പെ പറക്കുന്ന പക്ഷികള്‍' എന്ന നോവല്‍ 1990-ലെ വയലാര്‍ അവാര്‍ഡ്‌ നേടി. ബെസ്റ്റ്‌ സെല്ലര്‍ ആയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മാനത്ത്‌ ഉദിച്ചുയര്‍ന്ന പ്രകാശ നക്ഷത്രമായിരുന്നു ആ കൃതിയെന്ന്‌ സഹൃദയരും വിമര്‍ശകരും ഏക സ്വരത്തില്‍ ഏറ്റുപറയുന്നു.

 

 

ശാസ്‌ത്രജ്ഞന്റെ സത്യദര്‍ശവും, സാഹിത്യകാരന്റെ സ്‌നേഹദര്‍ശനവും ഒത്തുചേരുന്ന, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ലഭിച്ച അദ്ദേഹത്തിന്റെ മറ്റൊരു നോവലായിരുന്നു `സ്‌പന്ദനമാപിനികളേ നന്ദി'. ഒരു ഡസനോളം നോവലുകളുടേയും, അസംഖ്യം ചെറുകഥകളുടേയും, വൈജ്ഞാനിക ശാസ്‌ത്ര ഗ്രന്ഥങ്ങളുടേയും കര്‍ത്താവായ രാധാകൃഷ്‌ണന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന, ഭാഷാ പിതാവിന്റെ ജീവിതകഥ പറയുന്ന കൃതിയാണ്‌ `തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം'. മലയാള നോവലിന്റെ സമീപകാല ചരിത്രത്തിലെ ഒരു ഇതിഹാസമെന്ന്‌ നാളെ ഈ നോവല്‍ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ലെന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ ആനന്ദ്‌ വാരാന്ത്യ കൗമുദിയിലൂടെ ഈ കൃതിയെ വിലയിരുത്തുന്നു. മലയാള സാഹിത്യത്തില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന മൗലികതകളേയും, കാലികമായ വ്യതിയാനങ്ങളേയും നിരൂപണം ചെയ്യുന്ന സാഹിത്യസദസില്‍ അമേരിക്കന്‍ സാഹിതീക്ഷേത്രത്തിലെ നിറദീപമായ ഡോ. എം.വി. പിള്ള അധ്യക്ഷത വഹിക്കും. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ലാനയുടെ മുന്‍ പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍, പ്രമുഖ നരവംശ ശാസ്‌ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എ.കെ.ബി പിള്ള, സാമൂഹ്യ ചിന്തകനായ അശോകന്‍ വേങ്ങേരി, മുരളി ജെ. നായര്‍ തുടങ്ങിയവരും സംസാരിക്കുന്നു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.