You are Here : Home / USA News

അമേരിക്കന്‍ മലയാളി സമൂഹത്തിനായി വാര്‍ദ്ധക്യകാല വിശ്രമകേന്ദ്രം ഒരു സ്വപ്‌നസാക്ഷാത്‌കാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 25, 2015 12:29 hrs UTC

ഡാളസ്‌: നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ ജന്മനാടും, വീടും വിട്ട്‌, പഠനത്തിനും ഉപജീവനമാര്‍ഗ്ഗത്തിനും മറ്റുമായി അമേരിക്കയുടെ മണ്ണില്‍ എത്തിച്ചേര്‍ന്ന മലയാളിസമൂഹത്തിന്റെ ഒന്നാംതലമുറ വാര്‍ദ്ധക്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ വിശ്രമജീവിതം സമാധാനപരവും സന്തോഷകരവും അല്ലലില്ലാത്തതുമായിരിക്കണമെന്ന്‌ കാലങ്ങളായി മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ മായാതെ കാത്തുസൂക്ഷിച്ച മോഹം സാക്ഷാത്‌കരിക്കപ്പെടുന്ന സന്തോഷത്തിലാണ്‌ ഡാളസിലെ വൃദ്ധദമ്പതികള്‍. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ തങ്ങളുടെ നിസ്സഹായാവസ്ഥ മൂലം സാധിക്കാതെ മനമുരുകി ദിനങ്ങള്‍ തള്ളി നീക്കുന്ന മക്കള്‍; മക്കളെല്ലാം വിദേശത്താണെന്നിരിക്കേ ജന്മനാട്ടില്‍ പോയി വാര്‍ദ്ധക്യകാലം കഴിച്ചു കൂട്ടുവാന്‍ ആഗ്രഹിച്ചിട്ടും അതിനു ധൈര്യം കൈവരിക്കുവാനാകാതെ മനസ്സില്ലാമനസോടെ ഇവിടുത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ മനം നൊന്ത്‌, തങ്ങളുടെ വരുംകാലജീവിതം ഏകാന്തതയില്‍ തള്ളപ്പെടുമോയെന്ന ആശങ്കയില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ !

 

ഈ സങ്കീര്‍ണ്ണ പ്രശ്‌നത്തിനു ഒരു പരിധിവരെ പരിഹാരമാവുകയാണ്‌ ഡാളസിലെ റോയ്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന `കേരളാ ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ ഹോംസ്‌ `. ഡാളസ്‌ ഫോര്‍ട്ട്‌ വെര്‍ത്ത്‌ എയര്‍പോര്‍ട്ടില്‍ നിന്നും നാല്‍പ്പത്തിയെട്ടു മൈലുകള്‍ മാത്രം അകലെയുള്ള 130 ഹൈവേയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന `റോയ്‌സിറ്റി`യുടെ ഹൃദയഭാഗത്ത്‌, ശാന്തസുന്ദരവും, പ്രകൃതിരമണീയവുമായ ഒരു `കൊച്ചുകേരളം` എന്നു തോന്നിപ്പിക്ക വിധം 430 ഏക്കറോളം വരുന്ന സ്ഥലത്തു രൂപപ്പെടുത്തുന്ന കേരളാ ക്രിസ്‌ത്യ്യന്‍ അഡല്‍റ്റ്‌ ഹോംസിന്റെ 'മാതൃകാ വീടുകള്‍' 2015 ജനുവരി 31നു പൊതുജനങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുവാനുള്ള സുവര്‍ണ്ണാവസരം ഒരുക്കിക്കൊണ്ട്‌ ആയതിന്റെ ഉത്‌ഘാടനകര്‍മ്മം നിര്‍വഹിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഒരു ചിരകാലാഭിലാഷം പൂവണിയപ്പെടുകയാണെന്നതില്‍ സംശയമില്ല. ആദ്യകാല കുടിയേറ്റ മലയാളിസമൂത്തിലൊരാളും, വര്‍ഷങ്ങളായി മലയാളി സമൂഹത്തിലൊരു നിറസാന്നിദ്ധ്യവും, ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ യാക്കോബായ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ വെരി. റവ.ഗീവര്‍ഗ്ഗീസ്‌ പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ ഈ പദ്ധതിയുടെ അമരക്കാരനായിരിക്കുന്നതു തന്നെ ഈ പദ്ധതിയോട്‌ ജനങ്ങള്‍ക്കുള്ള വിശ്വസനീയത വര്‍ദ്ധിപ്പിക്കുന്നു. ഒരു റിട്ടയര്‍ ഹോം എന്നതിലുപരി ഒരു കമ്മ്യൂണിറ്റി സെന്റര്‍ എന്ന ആശയവും ഉള്‍ക്കൊള്ളിച്ച്‌ ആരംഭം കുറിക്കുന്ന ഈ പദ്ധതിയുടെ തുടക്കം 2007 മെയ്‌ മാസം അഞ്ചാം തീയതി സിറ്റി അധികൃതരുടേയും, സഭാ മേലദ്ധ്യക്ഷന്മാരുടേയും, പൗരപ്രമാണികളുടേയും, വിവിധ മലയാളി സംഘടനാനേതാക്കളുടേയും, മറ്റനേകം വിശിഷ്ട വ്യക്തികളുടേയും സാന്നിദ്ധ്യത്തില്‍ നടത്തിയ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ ചടങ്ങോടെയായിയിരുന്നു. ഏതൊരു പദ്ധതിയുടേയുമെന്നപോലെ ശൈശവാവസ്ഥയില്‍ നേരിടേണ്ടി വന്ന വിവിധങ്ങളായ ബദ്ധപ്പാടുകളെയെല്ലാം അതിജീവിച്ച്‌ പ്രവര്‍ത്തിപഥത്തിലേക്ക്‌ എത്തിയതിന്റെ സന്തോഷത്തിലാണ്‌ അഡല്‍റ്റ്‌ ഹോംസ്‌ .ഭാരവാഹികള്‍. ചര്‍ച്ച്‌ ആന്‍ഡ്‌ സ്‌പിരിച്ച്വല്‍ ആക്‌റ്റിവിറ്റീസ്‌, പ്രാഥമിക ചികിത്സാകേന്ദ്രം, ഷോപ്പിംഗ്‌ കോംപ്ലെക്‌സ്‌, കാന്റീന്‍, നേഴ്‌സിംഗ്‌ ഹോം, മസാജ്‌ പാര്‍ലര്‍, സ്വിമ്മിംഗ്‌ പൂള്‍, ഹോം തീയേറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും , 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള ഗേറ്റഡ്‌ കമ്മ്യൂണിറ്റി എന്നത്‌ കേരളാ ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ ഹോംസിന്റെ പ്രത്യേകതകളില്‍ ചിലത്‌ മാത്രമാണ്‌. വാര്‍ദ്ധക്യത്തില്‍ മനസ്സിന്‌ കുളിര്‍മ്മയേകാന്‍ കളിസ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍, സ്‌റ്റേജ്‌ ഷോസ്‌, പിക്‌നിക്‌ തുടങ്ങിയ വിനോദങ്ങളും ഒരുക്കുന്നതിനു പുറമേ സെമിനാറുകള്‍, ലൈബ്രറികള്‍ എന്നിവ വഴിയായി വിജ്ഞാന പ്രദങ്ങളായ മറ്റു വിവിധ പദ്ധതികളും ഇവിടെയുള്‍പ്പെടുത്തിയിട്ടുണ്ട്‌. അല്ലലില്ലാതെയും, ആരേയും ഭാരപ്പെടുത്താതെയും സ്വസ്ഥമായൊരു വാര്‍ദ്ധക്യകാലജീവിതമെന്ന സ്വപ്‌ന സക്ഷാത്‌കാരാര്‍ത്ഥം ഈ ബൃഹത്ത്‌ പദ്ധതിയുടെ ഭവനങ്ങള്‍ സ്വായത്തമാക്കുന്നതിനായി എല്ലാ മലയാളികളെയും ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌റ്റേഴ്‌സിനു വേണ്ടി സാദരം സ്വാഗതം ചെയ്യുന്നതായി സി.ഇ.ഒ അറിയിക്കുന്നു. ഡാളസിനു പുറമേ ഇല്ലിനോയിസ്‌, ന്യൂയോര്‍ക്ക്‌ തുടങ്ങി വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറുകണക്കിന്‌ മലയാളികള്‍ ഇതിനോടകം ഈ പദ്ധതിയില്‍ അംഗത്വമെടുത്തു കഴിഞ്ഞു . താമസമാക്കാനാഗ്രഹിക്കുന്നവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച്‌ രണ്ടായിരം മുതല്‍ മൂവായിരത്തിയഞ്ഞൂറു സ്‌ക്വയര്‍ ഫീറ്റ്‌ വരെ വിസ്‌തീര്‍ണമുള്ള, ആധുനിക സൗകര്യങ്ങളോടു കൂടിയ വീടുകളുടേയും പണി പുരോഗമിച്ചു വരുന്നു. ജനുവരി 31ന്‌ കേരളാ ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ ഹോംസിന്റെ `മോഡല്‍ ഹോംസ്‌' പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ആ ധന്യവേളയില്‍ പങ്കാളികളാകുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി പ്രസിഡണ്ട്‌, വെരി.റവ. ഗീവര്‍ഗ്ഗീസ്‌ പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.