You are Here : Home / USA News

സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിന് തിരിതെളിഞ്ഞു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 06, 2015 01:00 hrs UTC

- സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിന് തിരിതെളിഞ്ഞു. ഷിക്കാഗോ സെന്റ് തോമസ് സറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്‍പ്പന പ്രകാരം 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെയാണ് രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും കുടംബവര്‍ഷമായി ആചരിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് തിരി തെളിയിച്ച് കുടുംബ വര്‍ഷചരണത്തിന് തുടക്കംകുറിച്ചു. "നിങ്ങള്‍ ദൈവത്തിന്റെ വയലും വീടും ആകുന്നു' (കോറി: 3,9) എന്ന തിരുവചനമാണ് കുടുംബവര്‍ഷചാരണത്തിന്റെ ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. കുടുംബവര്‍ഷാചരണത്തിന്റെ തിരി തെളിഞ്ഞപ്പോള്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. ഫിലിപ്പ് വടക്കേക്കര, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ക്കൊപ്പം ക്രിസ്തുമസ് ശുശ്രൂഷയില്‍ പങ്കെടുത്ത അഞ്ഞൂറിലേറെവരുന്ന വിശ്വാസി സമൂഹവും ചടങ്ങിന് സാക്ഷ്യംവഹിച്ചു. കുടുംബവര്‍ഷാചരണത്തിന്റെ വിജയത്തിനുവേണ്ടി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് പ്രത്യേകം തയാറാക്കിയ പ്രാര്‍ത്ഥന ഫാ. പീറ്റര്‍ അക്കനത്ത് ചൊല്ലിക്കൊടുത്തത് ഇടവക സമൂഹം ഏറ്റുചൊല്ലി.

 

 

തിരുകുടംബത്തിന്റെ മാതൃകയില്‍ എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് വിവിധ പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലൂടെയും, പങ്കുവെയ്ക്കലിന്റേയും ഭവനങ്ങളായി ദൈവസ്‌നേഹത്തില്‍നിലനില്‍ക്കുന്നതിനും, എല്ലാ ദമ്പതിമാരേയും സ്‌നേഹത്തിലും, വിശ്വസ്തതയിലും ജീവിതകാലം മുഴുവന്‍ ചേര്‍ത്തു നിര്‍ത്തുന്നതിനും, തങ്ങളുടെ മക്കള്‍ക്ക് വിശുദ്ധിയും വിജ്ഞാനവും ലഭിക്കുന്നതിനും, മക്കളും മാതാപിതാക്കളും പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും വളര്‍ന്ന് കുടുംബങ്ങളെ ദൈവസാന്നിധ്യത്തിന്റെ വയലും വീടും ആക്കി മാറ്റുന്നതിനും വേണ്ട ദൈവകൃപ പ്രാര്‍ത്ഥനയിലൂടെ കൈവരിക്കുന്നതിനും ഉദ്ദേശിച്ചാണ് കുടുംബവര്‍ഷം ആചരിക്കുന്നത്. ആഗോള കത്തോലിക്കാ സഭയില്‍ അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന രണ്ടു പ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രൂപത 2015 കുടുംബവര്‍ഷമായി ആചരിക്കുന്നത്. സാര്‍വത്രികസഭ 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി രണ്ടാം തീയതി വരെ സമര്‍പ്പിത വര്‍ഷമായി ആചരിക്കുന്നു. "സമര്‍പ്പിതര്‍ക്ക് ഓര്‍മ്മിക്കുവാനും, മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുവാനുമായി സമ്പന്നവും മഹത്തരവുമായ ഒരു ചരിത്രത്തോടൊപ്പം ഇനിയും പൂര്‍ത്തീകരിക്കേണ്ട വലിയ ദൗത്യവുമുണ്ട്. ഭാവിയിലേക്ക് നോക്കുക, ദൈവത്തിന്റെ ആത്മാവ് വലിയ കാര്യങ്ങള്‍ക്കായി നിങ്ങളെ അയയ്ക്കുന്നു'. അര്‍ത്ഥസമ്പുഷ്ടമായ ഈ വാക്കുകളാണ് സമര്‍പ്പിത വര്‍ഷത്തിന്റെ ലക്ഷ്യമായി പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ വടക്കേ അമേരിക്കയിലാദ്യമായി ഫിലാഡല്‍ഫിയയില്‍ നടക്കാന്‍ പോകുന്ന എട്ടാമത് ആഗോള കുടുംബ സംഗമത്തില്‍ ഫ്രാന്‍സീസ് പാപ്പാ പങ്കെടുക്കുമെന്നതും ഈ കുടുംബവര്‍ഷാചരണത്തിന്റെ പ്രേരകശക്തിയാകും. ക്രൈസ്തവ മൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്‌നേഹം വര്‍ധിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കുടുംബ സംഗമത്തിന്റെ ലക്ഷ്യം. സ്‌നേഹമാണ് നമ്മുടെ ദൗത്യം, സമ്പൂര്‍ണ്ണ സജീവ കുടുംബം എന്നതാണ് കുടുംബ സംഗമത്തിന്റെ മുദ്രാവാക്യം. വെബ്: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.