You are Here : Home / USA News

സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ക്രിസ്‌തുമസ്‌ ആഘോഷിച്ചു

Text Size  

Story Dated: Wednesday, December 31, 2014 01:00 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തുതി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക്‌ സമാധാനം (ലൂക്ക 2,14) നന്മയുടേയും, സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശം ലോകത്തിനു നല്‍കിയ യേശുക്രിസ്‌തുവിന്റെ തിരുപ്പിറവിയെ അനുസ്‌മരിച്ച്‌ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ക്രിസ്‌തുമസ്‌ ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ 6.30-നുള്ള കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവി അനുസ്‌മരിച്ചുകൊണ്ട്‌ ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ഗായകസംഘം ആലപിച്ച്‌ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു.

 

ഷിക്കാഗോ രൂപതയുടെ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ മുഖ്യകാര്‍മികനായിരുന്നു. ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി, ഫാ. പീറ്റര്‍, ഫാ. ഫിലിപ്പ്‌ വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി. യേശുക്രിസ്‌തു ജനിച്ച വിവരം മാലാഖമാര്‍ തീകായുന്ന ആട്ടിടയന്മാരെ ആദ്യമായി അറിയിച്ചതിനെ അനുസ്‌മരിക്കുന്ന തീയുഴിയല്‍ ശുശ്രൂഷ ദേവാലയത്തിനു പുറത്തുള്ള ഗ്രോട്ടോയ്‌ക്ക്‌ സമീപം നടത്തപ്പെട്ടു. ദിവ്യബലി മധ്യേ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ തിരുപ്പിറവി സന്ദേശം നല്‍കി. ഇരുളിനെ ഭേദിച്ചെത്തിയ വെളിച്ചത്തിന്റെ ദിവ്യപ്രഭയില്‍ ദൈവപുത്രനെ കണ്ട ആട്ടിടയന്മാരുടെ കഥയിലൂടെ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കപ്പെട്ടു.

 

വെളിച്ചമില്ലാതെ ക്രിസ്‌തുമസ്‌ ആകില്ലെന്നും, ആത്മാവിലും, ഹൃദയത്തിലും വെളിച്ചമുണ്ടാകട്ടെ എന്നും, ദേവാലയത്തിലെ ഈശ്വരസാന്നിധ്യം ഓരോ വ്യക്തികളിലേക്കും, കുടുംബങ്ങളിലേക്കും നിറയട്ടെ എന്നും സന്ദേശത്തില്‍ പറഞ്ഞു. തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരമായി ദേവാലയത്തില്‍ തീര്‍ത്ത പുല്‍ക്കൂടിന്‌ യുവജനങ്ങള്‍ നേതൃത്വം നല്‍കി. ജെയിംസ്‌ പുതുമനയുടെ നേതൃത്വത്തില്‍ ഗ്രോട്ടോയ്‌ക്ക്‌ സമീപം മനോഹരമായി അലങ്കരിച്ച ക്രിസ്‌തുമസ്‌ ട്രീയും ഉയര്‍ന്നു. ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രിസ്‌തുമസ്‌ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഇടവക വികാരി തോമസ്‌ കടുകപ്പള്ളി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു. വെബ്‌: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.