You are Here : Home / USA News

കേരളാ റൈറ്റേഴ്‌സ്‌ ഫോറം എഴുത്തുകാരേയും വായനക്കാരേയും പ്രസാധകരേയും പറ്റി സമഗ്ര ചര്‍ച്ചാ സമ്മേളനം നടത്തി

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, December 19, 2014 10:02 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം ഡിസംബര്‍ 13-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത്‌ കെയര്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വെച്ച്‌ പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പതിവുപോലെയുള്ള ബിസിനസ്സ്‌ മീറ്റിംഗിനുശേഷമാണ്‌ സാഹിത്യ ചര്‍ച്ചാ സമ്മേളനത്തിന്‌ തുടക്കമായത്‌. പ്രസിദ്ധ ഭാഷാസ്‌നേഹിയും പണ്‌ഡിതനുമായ പീറ്റര്‍ ജി. പൗലോസ്‌ സാഹിത്യചര്‍ച്ചാ സമ്മേളനത്തിലെ അധ്യക്ഷനായി യോഗനടപടികള്‍ നിയന്ത്രിച്ചു.

 

അമേരിക്കന്‍ മലയാളി വായനക്കാരും, എഴുത്തുകാരും പ്രസാധ?കരും തമ്മിലുള്ള അഭേദ്യ ബന്ധങ്ങളേയും സംഘര്‍ഷങ്ങളേയും പറ്റി സമഗ്രമായി അവലോകനം ചെയ്‌തും അപഗ്രഥിച്ചും എ.സി. ജോര്‍ജ്‌ (ഈ ലേഖകന്‍) മുഖ്യപ്രഭാഷണം നടത്തി. പ്രസിദ്ധീകരണരംഗത്തെ അവിഭാജ്യങ്ങളായ ഈ മൂന്ന്‌ ഘടകങ്ങളില്‍ ഏറ്റവും പ്രാധാനം വായനക്കാര്‍ തന്നെയാണ്‌. അവരാണ്‌ ഈ രംഗത്തെ മുഖ്യ ഉപഭോക്താക്കള്‍ എന്ന്‌ മുഖ്യപ്രഭാഷകന്‍ അടിവരയിട്ടു പറഞ്ഞു. വായനക്കാരുടെ കാലോചിതമായ രുചിഭേദങ്ങള്‍ക്കനുസൃതമായി ഓരോ ശാഖയിലെ അലകും പിടിയും എഴുത്തുകാരും പ്രസാധകരും മാറ്റേണ്ടിയിരിക്കുന്നു. എന്നാല്‍ വായനക്കാരുടെ വായനാശീലത്തെ പിടിച്ചു നിര്‍ത്താനും ഒരു പരിധിവരെ നിയന്ത്രിക്കാനും പ്രോല്‍സാഹിപ്പിക്കാനും എഴുത്തുകാരുടേയും പ്രസാധകരുടേയും തന്ത്രപരമായ ചുവടുമാറ്റങ്ങളും മറ്റും സഹായിച്ചേക്കാം.

 

പ്രസിദ്ധ കഥാകൃത്തായ ജോണ്‍ കുന്തറ എഴുതിയ `ബൈബിള്‍ വായിച്ച സിസ്റ്റര്‍ റോസ്‌' എന്ന ചെറുകഥ അദ്ദേഹം തന്നെ വായിച്ചു. ബൈബിള്‍ പഠനത്തിനായെത്തിയ കുട്ടികള്‍ക്ക്‌ സംശയങ്ങള്‍ക്ക്‌ ഉത്തരം കൊടുക്കാനായി ബൈബിളിലെ ഓരോ വചനവും വായിക്കാനും പഠിക്കാനും ചിന്തിക്കാനും ആരംഭിച്ച അധ്യാപികയായ സിസ്റ്റര്‍ റോസ്‌ കൂടുതല്‍ സംശയങ്ങളിലേക്കും ചിന്താ കുഴപ്പത്തിലേക്കും നീങ്ങുന്നതായി കഥാകൃത്ത്‌ സമര്‍ത്ഥിക്കുന്നു. സംശയങ്ങള്‍ക്ക്‌ ഉത്തരം കിട്ടാതെ സിസ്റ്റര്‍ നിദ്രാവിഹീനങ്ങളായ രാത്രികള്‍ തള്ളിനീക്കുന്നു. എന്നാല്‍ സര്‍വ്വ സംശയങ്ങളും നീക്കി വിശ്വാസം നിലനിര്‍ത്തുന്നതിനായി സിസ്റ്റര്‍ മുട്ടിപ്പായി കര്‍ത്താവിനോട്‌ പ്രാര്‍ത്ഥിക്കുന്നതോടെ കഥ അവസാനിക്കുന്നു. പ്രസിദ്ധ കഥാകൃത്ത്‌ ജോസഫ്‌ തച്ചാറ എഴുതിയ `സ്വപ്‌നാടനം' എന്ന ചെറുകഥ അദ്ദേഹം തന്നെ വായിച്ചു. സ്വപ്‌നാടനം എന്ന ശീര്‍ഷകം പോലെ തന്നെ മുരളി എന്ന മധ്യവയസ്‌കന്റെ വിദ്യാഭ്യാസകാല ചിന്തകള്‍ ഒരു സുന്ദരസ്വപ്‌നത്തിലൂടെ കഥാകൃത്ത്‌ ഉദ്വേഗജനകമായി അവതരിപ്പിച്ചു.

 

സ്വപ്‌നാടനക്കാരനായ മുരളിയുടെ ജീവിതത്തില്‍ മലയാള ഭാഷാധ്യാപകനായ വര്‍മ്മസാര്‍ ചെലുത്തിയ സ്വാധീനം, സഹപാഠിയായിരുന്ന ശാരദയെപ്പറ്റിയുള്ള മൃദുല ചിന്തകള്‍, മറ്റ്‌ ആണ്‍കൂട്ടുകാരുമായി മുരളി ഷാപ്പില്‍ നിന്ന്‌ കള്ളടിച്ചു കിറുങ്ങിയ കാര്യവും സെക്‌സിന്റെ അതിപ്രസരമുള്ള അക്കാലത്തെ ഷക്കീല, മറിയ, രേഷ്‌മ തുടങ്ങിയവരുടെ തുണ്ടണ്ടണ്‍ടും ബിറ്റുമിട്ട എ-പടങ്ങള്‍ സംഘമായി പോയികണ്ട്‌ ആസ്വദിച്ച സന്ദര്‍ഭങ്ങളും സ്വപ്‌നത്തിലെങ്കിലും കഥാനായകന്‍ ഇന്നും ആസ്വദിക്കുന്നതായി കഥയില്‍ വിവരിച്ചിരിക്കുന്നു. എ.സി. ജോര്‍ജിന്റെ മുഖ്യപ്രഭാഷണത്തേയും മറ്റ്‌ രണ്ട്‌ ചെറുകഥകളേയും വിലയിരുത്തിയും നിരൂപണം നടത്തിയും ജോണ്‍ മാത്യു, മാത്യു മത്തായി, ഈശൊ ജേക്കബ്‌, ടി.ജെ. ഫിലിപ്പ്‌, ഡോക്‌ടര്‍ മാത്യു വൈരമണ്‍, ബി. ജോണ്‍ കുന്തറ, ജോസഫ്‌ തച്ചാറ, ദേവരാജ്‌ കുറുപ്പ്‌, ഊര്‍മ്മിള കുറുപ്പ്‌, ബോബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ പ്രമുഖ പ്രവര്‍ത്തകനും കവിയുമായ ദേവരാജ്‌ കുറുപ്പ്‌ കുറെ കാലമായി രോഗശയ്യയിലായിരുന്നു. ഒരു ഓപ്പറേഷനുശേഷം ആരോഗ്യവാനായി റൈറ്റേഴ്‌സ്‌ ഫോറം മീറ്റിംഗിനെത്തിയ അദ്ദേഹത്തെ അംഗങ്ങള്‍ സ്‌നേഹനിര്‍ഭരമായി സ്വീകരിച്ചതും ഈ മീറ്റിംഗിലെ ഒരു പ്രത്യേകതയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.