You are Here : Home / USA News

കാരുണ്യമാര്‍ഗ്ഗത്തിലൂടെ ഡോ. എ.സി. പീറ്ററിന് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 13, 2014 11:24 hrs UTC


ന്യൂയോര്‍ക്ക്. റോട്ടറി ഇന്റര്‍നാഷണലും ഗിഫ്റ്റ് ഓഫ് ലൈഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വാര്‍ഷിക സമ്മേളനത്തില്‍ ഗിഫ്റ്റ് ഓഫ് ഇന്ത്യയുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.സി. പീറ്ററിന് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഗിഫ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ രവിശങ്കര്‍ ബോബലപ്പൂര്‍ അധ്യക്ഷനായിരുന്നു. മുന്‍ ഇന്ത്യന്‍ ആര്‍മി ചീഫും അരുണാചല്‍ പ്രദേശിന്റെ മുന്‍ ഗവര്‍ണ്ണര്‍ ജനറലുമായ ജെ.ജെ. സിംഗ് മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ റോട്ടെറിയന്‍സ്, ഗിഫ്റ്റ് ഓഫ് ലൈഫിന്റെ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു.

അവാര്‍ഡ് സ്വീകരിച്ച ഡോ. പീറ്റര്‍ തന്റെ മറുപടി പ്രസംഗത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാറ്റങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ഗിഫ്റ്റ് ഓഫ് ലൈഫിലൂടെ താന്‍ നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആയിരത്തിലധികം കുഞ്ഞുങ്ങളെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ സാധിച്ചു. തന്റെ പ്രവര്‍ത്തനങ്ങളെ ജനറല്‍ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ച കാര്യവും ഡോ. പീറ്റര്‍ ഓര്‍മ്മിച്ചു.

ജമ്മു കശ്മീരിലെ ഗ്രാമങ്ങളിലും ഡല്‍ഹിയിലും കേരളത്തിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൂടാതെ ആഫിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, കെനിയ, സുഡാന്‍, സാംബിയ, വിവിധ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്ഥാന്‍, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളിലും തന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതായി ഡോ. പീറ്റര്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ കുട്ടികളും കുടുംബങ്ങളും ഇപ്പോഴും താനുമായി അവരുടെ സ്നേഹം പങ്കിടാറുണ്ടെന്ന് ഡോ. പീറ്റര്‍ അഭിമാനത്തോടെ പറഞ്ഞു. തന്റെ ജന്മസ്ഥലമായ പിറവത്തും വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഡോ. പീറ്റര്‍ അറിയിച്ചു. പിറവം പഞ്ചായത്തുമായി സഹകരിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളവരും ഹൃദയസംബന്ധമായ അസുഖവുമുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് സാമ്പത്തിക സഹായം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നു.

ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയതിനു ശേഷം ജേര്‍ണലിസത്തിലും ഡിപ്ളോമ കരസ്ഥമാക്കിയ ഡോ. പീറ്റര്‍, വിവിധ സ്ഥാപനങ്ങളുടെ അഡ്വൈസറായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനായിരുന്ന ഡോ. പീറ്റര്‍,  എ.സി.സി.ഒ.ആര്‍.ഡി. ചെയര്‍മാന്‍, ഇന്ത്യ-ഇസ്രയേല്‍ ഫ്രണ്ട്ഷിപ്പ് അസ്സോസിയേഷന്‍ പ്രസിഡന്റ്, ഫ്രണ്ട് ടിബറ്റ് പ്രസിഡന്റ്, സിവിലിയന്‍ മെംബര്‍-ഇന്ത്യാ പാക്കിസ്ഥാന്‍ സോള്‍ജിയേഴ്സ് ഇനിഷിയേറ്റീവ് ഓഫ് പീസ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. റോട്ടറിയുടെ വിവിധ പുരസ്ക്കാരങ്ങള്‍ കിട്ടിയിട്ടുള്ള ഡോ. പീറ്റര്‍ റോട്ടറി ഡല്‍ഹിയിലെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

ചടങ്ങില്‍ ഡോ. പീറ്ററോടൊപ്പം പിറവം നേറ്റീവ് അസ്സോസിയേഷന്‍ പ്രസിഡന്റും മലങ്കര ടി.വി.യുടെ ഡയറക്ടറുമായ ബാബു തുമ്പയില്‍, സാമൂഹ്യ പ്രവര്‍ത്തകനും ഫ്രണ്ട്സ് ഓഫ് മലയാളീസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റുമായ ജോസ് ജേക്കബും സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.