You are Here : Home / USA News

എക്യൂമെനിക്കല്‍ ചില്‍ഡ്രന്‍സ്‌ സംഗമത്തിന്‌ തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 08, 2014 11:36 hrs UTC

ഷിക്കാഗോ: ഭാവി തലമുറയുടെ എക്യൂമെനിക്കല്‍ സൗഹാര്‍ദ്ദം ലക്ഷ്യമാക്കി, വളര്‍ന്നു വരുന്ന തലമുറയ്‌ക്കായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഷിക്കാഗോയുടെ നേതൃത്വത്തിലുള്ള ചില്‍ഡ്രന്‍സ്‌ സംഗമത്തിന്‌ തുടക്കംകുറിച്ചു. നവംബര്‍ ഒന്നാംതീയതി ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ സീറോ മലബാര്‍ സഭാ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെട്ട ആദ്യത്തെ ചില്‍ഡ്രന്‍സ്‌ സംഗമത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗ സഭകളില്‍ നിന്നുള്ള വൈദീകരുടേയും മാതാപിതാക്കളുടേയും നേതൃത്വത്തില്‍ ഒട്ടനവധി കുട്ടികള്‍ ആദ്യാവസാനം പങ്കെടുത്തു. സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പോടുകൂടി ആരംഭിച്ച സമ്മേളനത്തിലേക്ക്‌ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ റവ ബിനോയി പി. ജേക്കബ്‌ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു.

 

 

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റും, സീറോ മലബാര്‍ സഭ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കുട്ടികള്‍ ഭാവിയുടെ വാഗ്‌ദാനമാണെന്നും, ആദ്യമായി ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു പരിപാടി ക്രമീകരിക്കുവാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ടെന്നും, ഇത്‌ ഒരു തുടക്കംമാത്രമാണെന്നും ഭാവിയില്‍ കുട്ടികള്‍ക്കുവേണ്ടി ഇതുപോലുള്ള മറ്റ്‌ പരിപാടികള്‍ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും പിതാവ്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ സദസിനെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന ധ്യാന പ്രസംഗത്തില്‍ റവ.ഫാ. ടി.ജി. ഏബ്രഹാം `നാം ക്രിസ്‌തുവിന്റെ ശരീരം ആകുന്നു' എന്ന എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ ചിന്താവിഷയത്തെ ആസ്‌പദമാക്കി നടന്ന ധ്യാനത്തിനു നേതൃത്വം നല്‍കി. ജീവനുള്ള ശരീരത്തിന്റെ നിലനില്‍പ്പിന്‌ പരിപോഷണവും സംരക്ഷണവും ആവശ്യമാണെന്നും അതിനു ക്രിസ്‌തുവിലുള്ള ശുദ്ധീകരണം ജീവിതത്തില്‍ നിരന്തരം ആവശ്യമാണെന്നും നാം മരിച്ചവരെപ്പോലെയല്ല ക്രിസ്‌തുവില്‍ ജീവനുള്ളവരെപ്പോലെയാണ്‌ ജീവിക്കേണ്ടതെന്നും അച്ചന്‍ തന്റെ ധ്യാന പ്രസംഗത്തില്‍ കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിച്ചു. സ്ലൈഡ്‌ പ്രസന്റേഷന്‍, ആക്ഷന്‍ സോംഗ്‌, കുഞ്ഞുങ്ങളുടെ അനുഭവ സാക്ഷ്യം, സമര്‍പ്പണശുശ്രൂഷ എന്നിവ ഈവര്‍ഷത്തെ സമ്മേളനത്തിന്റെ പ്രത്യേകതകളായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രമ്യാ രാജന്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി ആദ്യാവസാനം പരിപാടികളുടെ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആദ്യത്തെ ചില്‍ഡ്രന്‍സ്‌ പ്രോഗ്രാം വിജയമാക്കിത്തീര്‍ക്കാന്‍ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു.

 

റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌ അച്ചന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഭാവി തലമുറയുടെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്‌ കൂടുതല്‍ സൗഹാര്‍ദ്ദപൂര്‍വ്വം വളര്‍ന്നുവരുവാന്‍ വരുംകാലങ്ങളിലും വിപുലമായ പരിപാടികളോടുകൂടി എക്യൂമെനിക്കല്‍ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ ആചരിക്കണമെന്ന്‌ വന്നുചേര്‍ന്ന എല്ലാവരും ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍, യുവജനങ്ങള്‍, ജീസസ്‌ യൂത്ത്‌ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ ചില്‍ഡ്രന്‍സ്‌ സംഗമത്തിന്‌ നേതൃത്വം നല്‍കി. പ്രോഗ്രാമിനുശേഷം ക്രമീകരിച്ച ലഘുഭക്ഷണത്തിലും പങ്കെടുത്തശേഷമാണ്‌ അനുഗ്രഹീതമായിരുന്ന എക്യൂമെനിക്കല്‍ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവലിനെത്തിയവര്‍ മടങ്ങിപ്പോയത്‌. റോയി ചിക്കാഗോ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.