You are Here : Home / USA News

മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 03, 2014 01:50 hrs UTC


ഇര്‍വിങ് . ഇന്ത്യന്‍ രാഷ്ട്രപിതാവിന് അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് സ്മൃതി സ്മാരകം. ഇര്‍വിങ് സിറ്റിയിലെ പ്രകൃതി രമണീയമായ പാര്‍ക്കില്‍ കെട്ടിയുയര്‍ത്തിയ സ്മൃതി സ്മാരകത്തില്‍ മഹാത്മജിയുടെ പ്രതിമ, തിങ്ങി നിറഞ്ഞ സദസില്‍ ഗാന്ധിജിയുടെ പൌത്രന്‍ സതീഷ് ധൌപ്പേലിയ അനാച്ഛാദനം ചെയ്തപ്പോള്‍ ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ ചിരകാല സ്വപ്നമായിരുന്നു സാക്ഷാത്കരിക്കപ്പെട്ടത്.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് വൈകിട്ട് നാലരക്ക് നിശ്ചയിച്ച പരിപാടി ഒരു മണിക്കൂര്‍ വൈകി 5.30 യോടെയാണ് ആരംഭിച്ചത്. ഡാലസ് കൌണ്ടിയില്‍ ടൊര്‍ണാഡൊ മുന്നറിയിപ്പ് നല്‍കിയതാണ് പരിപാടി താമസിക്കുവാനിടയായത്.

ആദ്യം അമേരിക്കന്‍ ദേശീയ ഗാനവും തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനവും വിധീക്ഷ ബബ്ലി ആലപിച്ചു. തുടര്‍ന്ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ സംഘടനാ വൈസ് പ്രസിഡന്റ് റ്റെയ്ബ് കുണ്ടന്‍ വാല സ്വാഗതം ആശംസിച്ചു. ഡോ. പ്രസാദ് തോട്ടക്കൂറ(പ്രസിഡന്റ്) അധ്യക്ഷ പ്രസംഗം നടത്തി. യുഎസ് കോണ്‍ഗ്രസ് അംഗം ഡി. സി. ജോണ്‍സന്‍െറ അഭാവത്തില്‍ അവരുടെ സന്ദേശം സദസില്‍ വായിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് കുടുംബ പ്രതിനിധി ഫാ. ജെറോം ലെഡോക്സ്ഡ്, ഫാ. തുള്‍സി ശബാഡ്, ഇര്‍വിങ് സിറ്റി മേയര്‍ ബെര്‍ത്ത്വാന്‍ ഡ്യുയന്‍, സതീഷ് സുപലിയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  സെക്രട്ടറി റാവു കല്‍വാല പദ്ധതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ പര്‍വതാനി ഹരീഷ് മഹാത്മാജി രാഷ്ട്രത്തിനു വേണ്ടി സഹിച്ച ത്യാഗത്തിന്‍െറ സ്മരണ ഇന്ത്യന്‍ അതിര്‍ഥികള്‍ക്കപ്പുറം ടെക്സാസിലും നിലനിര്‍ത്തുന്നതിന്  ഇങ്ങനെയൊരു സ്മാരകം പണിതുയര്‍ത്തുവാന്‍  സന്നദ്ധരായ സംഘാടകരെ പ്രത്യേകം അഭിനന്ദിച്ചു.

700,000 ഡോളര്‍ ചിലവഴിച്ച് പൂര്‍ത്തീകരിച്ച മെമ്മോറിയല്‍ പാര്‍ക്കില്‍ മഹാത്മജിയുടെ സുപ്രസിദ്ധമായ സൂക്തങ്ങള്‍ ഗ്രാനൈറ്റില്‍ കൊത്തിവച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഡോ. പ്രസാദ് തോട്ടക്കൂറ(ചെയര്‍മാന്‍), റ്റെയ്ബ് കുണ്ടന്‍ വാല(വൈസ് പ്രസിഡന്റ്), ഡോ. ദിലീപ് പട്ടേല്‍ (ട്രഷറര്‍), റാവു കല്‍വാല(സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

മലയാളികളെ പ്രതിനിധീകരിച്ച് ഡോ. എം. വി. പിളള, ആന്‍ഡ്രൂസ് അഞ്ചേരി, ഷാജി രാമപുരം, രാജു ജോര്‍ജ്, എബ്രഹാം മാത്യു, തിയോഫിന്‍  ചാമക്കാല തുടങ്ങിയവര്‍  പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.