You are Here : Home / USA News

സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, September 30, 2014 11:44 hrs UTC


 
കൊപ്പേല്‍ (ടെക്സാസ്) . കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു. സെപ്റ്റംബര്‍ 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന കൂദാശ കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം നിര്‍വ്വഹിച്ചു. ഷിക്കാഗോ സിറോ മലബാര്‍ ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത് സഹകാര്‍മികത്വം വഹിച്ചു.

സിറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ ഫാ. ഡോ. ആന്റണി കൊളളന്നൂര്‍, ഫാ. റിജു വെളിയില്‍ (സെക്രട്ടറി), രൂപതാ യൂത്ത് അപ്പസ്തോലേറ്റ് ഫാ. വിനോദ് മഠത്തിപറമ്പില്‍, ഇടവക വികാരി ഫാ. ജോണ്‍സ്റ്റി താച്ചാറ സമീപ ഇടവകകളിലെ വികാരിമാരായ ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ (ഗാര്‍ലന്‍ഡ് ഫൊറോന), ഫാ. സഖറിയാസ് തോട്ടുവേലില്‍ (ഹൂസ്റ്റന്‍ ഫൊറോന), ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. അഗസ്റ്റ്യന്‍ കളപുരം, ഫാ. ജോസഫ് അമ്പാട്ട്, ഫാ. എബ്രഹാം വാവേലിമേപ്പുറത്ത്, ഫാ. മാത്യു കാവിപുരയിടം, ഫാ. സാജു നെടുമാങ്കുഴിയില്‍ തുടങ്ങി മറ്റു വൈദികര്‍ സഹകാര്‍മ്മികരും ആയിരുന്നു.

പ്രധാന അള്‍ത്താരയും വചന പീഠങ്ങളും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ തൈലം ലേപനം ചെയ്തു കൂദാശ ചെയ്തു. തുടര്‍ന്ന് ദേവാലയ കവാടങ്ങളും ഭിത്തികളും ലേപനം ചെയ്തു റൂശ്മാ ചെയ്തു. കൂദാശ കര്‍മ്മങ്ങളുടെ വിവരണം ഫാ. വിനോദ് മഠത്തിപറമ്പില്‍ നിര്‍വഹിച്ചു. സ്വര്‍ഗത്തിന്‍െറ ഭൂമിയിലെ പ്രതിരൂപമായ ദേവാലയത്തില്‍ നടന്ന് വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ സമീപ ഇടവകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും നിരവധി വിശ്വാസികളും എത്തിയിരുന്നു.

350 പേര്‍ക്കിരിക്കാവുന്ന ആരാധനാലയമാണ്  750 പേര്‍ക്കിരിക്കാവുന്ന വിസ്തൃതിയിയില്‍ പുതിയ അള്‍ത്താരയോടുകൂടി മനോഹരമായി നവീകരിച്ചത്. പുതിയൊരു പാര്‍ക്കിംഗ്  ലോട്ടും ഇതോടൊപ്പം പൂര്‍ത്തിയായി

സെന്റ് അല്‍ഫോന്‍സാ ഇടവക കൊപ്പേല്‍ സിറ്റിയില്‍ സ്വന്തമായി വാങ്ങിച്ച സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് സെമിത്തേരിയുടെ അടിസ്ഥാനശിലാ വെഞ്ചരിപ്പും ഇതോടൊപ്പം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്കുശേഷം ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ പിതാക്കന്മാരുടെയും മറ്റു വിശിഷ്ട  വൈദികരുടെയും സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശ്വാസികളെ അഭിസംബോധന ചെയ്തു. ഈ ഇടവകയുടെ വളര്‍ച്ച രൂപതയുടെയും വളര്‍ച്ചയാണ് എന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. ചുരുങ്ങിയ നൂറുദിനം കൊണ്ട് ദേവാലയ പുനരുദ്ധാരണ നിര്‍മ്മാണത്തിന്‍െറ ചുമതല ഏറ്റെടുത്തു മുന്നില്‍ നയിച്ച ഫാ. ജോണ്‍സ്റ്റി തച്ചാറ, ട്രസ്റ്റിമാരായ സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ജൂഡിഷ് മാത്യു, തോമസ് കാഞ്ഞാണി, ജോയ് സി. വര്‍ക്കി, പാരീഷ് കൌണ്‍സിലിനും ഇടവക ജനങ്ങളെയും കര്‍ദ്ദിനാള്‍ പ്രത്യേകം അനുമോദിച്ചു.

ദേവാലയത്തിന്‍െറ പുനരുദ്ധാരണം നമ്മുടെ തന്നെ പുനരുദ്ധാരണമാണ്. ദൈവത്തിനു സമാനനായിരിക്കെ മനുഷ്യനായി അവതരിച്ചു നമ്മിലൊരുവനായി ജീവിച്ച കര്‍ത്താവിശോ മിശിഹായുടെ മനോഭാവത്തിലേക്ക് ക്രിസ്ത്യാനികളായ നാം മാറണം. അങ്ങനെ സഭയുടെ യഥാര്‍ഥ ശിഷ്യന്മാരായി തീരേണ്ടവരാണ് നാം എന്ന് കര്‍ദ്ദിനാള്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

സഭയുടെ കൂട്ടായ്മയില്‍ ഒരേ മനസോടും ഒരേ ഹൃദയത്തോടും വിധേയത്വത്തോടും കൂടി ആദിമ ക്രൈസ്തവരെപ്പോലെ ജീവിക്കുമ്പോഴാണ് സഭയായി തീരുന്നത്. എന്നോട് കൂടി അല്ലാത്തവന്‍ എന്‍െറ എതിരാളിയാണ്. എന്നോട് കൂടി ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു എന്ന് കര്‍ത്താവ് അരുളി ചെയ്തപോലെ കര്‍ത്താവിനോടും അവിടുത്തെ സഭയോടും ചേര്‍ന്ന് നില്‍ക്കുവാനും ത്യാഗങ്ങള്‍ സഹിക്കുവാനും വിശ്വാസികള്‍ തയാറാകണം.

നമ്മുടെ ക്രൈസ്തവ ജീവിതത്തിന്‍െറ സാക്ഷ്യമാണ് ഈ നാടും, ഈശോയും ആഗ്രഹിക്കുന്നത്. അവിടുത്തെ സാന്നിധ്യവും വചനവും ഈ രാജ്യത്ത് പ്രഘേഷിക്കപ്പെടുകയും അവിടുത്തെ രാജ്യം  ഇവിടെ സംസ്ഥാപിക്കപ്പെടുകയും ചെയ്യണം. ഈ രാജ്യത്തെ എല്ലാ കെടുതികള്‍ക്കും പരിഹാരമെന്നോണം സാക്ഷ്യം വഹിക്കുവാന്‍ നമുക്ക് കഴിയണം. അങ്ങനെ  വിളിക്കപ്പെട്ടവരായാണ് ഈ രാജ്യത്തു നാം ഓരോരുത്തരും എത്തപ്പെട്ടിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ഇടവക സമൂഹത്തിന്‍െറ കൂട്ടായ പ്രയ്തനത്തിനും ആത്മീയ വളര്‍ച്ചയ്ക്കും മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക ജനത്തെ പ്രത്യേകം അഭിനന്ദിച്ചു.

ദേവാലയത്തില്‍ എത്തിയ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കും. ഷിക്കാഗോ രൂപതാ ബിഷപ് മാര്‍. ജേക്കബ് അങ്ങാടിയത്തിനും, സിറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ ഫാ. ഡോ. ആന്റണി കൊളളന്നൂര്‍, ഫാ. റിജു വെളിയില്‍ (സെക്രട്ടറി) എന്നിവര്‍ക്ക് ഇടവക സമൂഹം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ബാന്‍ഡ് സംഘത്തിന്‍െറ അകമ്പടിയില്‍ വികാരി ഫാ. ജോണ്‍സ്റ്റിയും ട്രസ്റ്റിമാരും ഇടവക ജനങ്ങളും അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ദേവാലയാങ്കണത്തില്‍ പൂച്ചെണ്ട് നല്‍കി ഊഷ്മള വരവേല്‍പ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.