You are Here : Home / USA News

ഫൈന്‍ ആര്‍ട്സ് നാടകം സെപ്റ്റംബര്‍ 21ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, September 08, 2014 01:26 hrs UTC


 
ന്യൂജഴ്സി : വാര്‍ധക്യ വിഹ്വലതകളുടെ കഥാതന്തുവിലൂന്ന വികസിക്കുന്ന ഒരു ദൃശ്യ കാവ്യം. പ്രായമായ മാതാപിതാക്കള്‍ ഭാരമാണെന്ന് വിശ്വസിക്കുന്ന ന്യൂജനറേഷന്‍ ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്ന നിമിഷങ്ങള്‍. ഇതിനിടയിലും സത്യവും നീതിയും  വിജയ കിരീടമണിയുന്ന മുഹൂര്‍ത്തങ്ങള്‍.

ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന 'മഴവില്ല് പൂക്കുന്ന ആകാശം എന്ന ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ മനസില്‍ തട്ടുന്ന സംഗീത നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ എല്ലാവരും സീരിയസാണ്. സീരിയസല്ലാത്തത് ഒരാള്‍ മാത്രം. സംവിധായകന്‍ റെഞ്ചി  കൊച്ചുമ്മന്‍. നടീനടന്മാരുടെ ചലനങ്ങളും ഡയലോഗ്  പ്രെസന്റേഷനും സസൂക്ഷമം നിരീക്ഷിച്ച്  വിലയിരുത്തുന്ന റെഞ്ചിക്ക് ഒരു ടെന്‍ഷനുമില്ല. ''എല്ലാവരും പ്രൊഫഷണല്‍സ് പിന്നെ ഞാനെന്തിന്. ടെന്‍ഷനടിക്കണം, റെഞ്ചി പറഞ്ഞു. സംഗതി അമച്വര്‍ ആണെങ്കിലും കാര്യങ്ങളുടെ പോക്ക് വേറെരു ദിശയിലാണ്. ഫൈന്‍ ആര്‍ട്സിന് ബീജാവാപം ചെയ്ത്, പ്രായത്തിന്റെ പക്വതയില്‍ നാടക ട്രൂപ്പിനെ മുന്നോട്ട് നയിക്കുന്ന രക്ഷാധികാരി  പി. ടി. ചാക്കോ (മലേഷ്യ)യും റെഞ്ചിയോട് യോജിപ്പാണ്. ''അച്ചടക്ക മുളള ഒരു ടീമിനെയാണ് ഞാന്‍ വാര്‍ത്തെടുത്തിരിക്കുന്നത്. പി. ടി. ചാക്കോ പറഞ്ഞു. നിരവധി ചലച്ചിത്രങ്ങളിലൂടെയും 'അക്കര കാഴ്ചയിലൂടെയും പ്രവാസി മലയാളികളുടെ ഇഷ്ടതാരമായി മാറിയ ജോസ്ക്കുട്ടി വലിയ കല്ലുങ്കലിനും മറിച്ചൊരഭിപ്രായമില്ല. ''നാടകം കലക്കും പെരുച്ചാഴിയില്‍ മോഹന്‍ ലാലിനൊപ്പം അഭിനയിച്ച്  തിരിച്ചെത്തിയ ജോസ് കുട്ടി പറഞ്ഞു.

ഫൈന്‍ ആര്‍ട്സ് പ്രസിഡന്റ് ജിജി എബ്രഹാമിന്റെ ഭവനത്തിലായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച്ചയിലെ റിഹേഴ്സല്‍. ശരിക്കും പറഞ്ഞാല്‍ ജിജി എബ്രഹാം, ഷൈനി എബ്രഹാം ദമ്പതികളുടെ ഭവനം ഒരു റിഹേഴ്സല്‍ ക്യാമ്പ് തന്നെയാണ്. വീക്കന്‍ഡുകളില്‍ നാടക  ഡയലോഗുകളാല്‍ സമ്പന്നമായ ഭവനം പല നടീനടന്മാരുടെയും ഹാങ് ഔട്ട് കേന്ദ്രം കൂടിയാണ്.

ഫൈന്‍ ആര്‍ട്സിന്റെ പുതിയ നാടകത്തിലെ അഭിനേതാക്കളുടേയും അരങ്ങിന് പുറകില്‍ പ്രവര്‍ത്തിക്കുന്ന മറ്റെല്ലാവരുടെയും ഭവനങ്ങളില്‍ മാറിമാറിയാണ് റിഹേഴ്സല്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 14 വര്‍ഷങ്ങള്‍ നല്‍കിയ കരുത്തിന്റെ ബലത്തില്‍ നാല്പതിലധികം സ്റ്റേജുകള്‍ കയ്യാളിയ ഫൈന്‍ ആര്‍ട്സിന്റെ ഏറ്റവും പുതിയ നാടകമാണ് ''മഴവില്ല് പൂക്കുന്ന ആകാശം സെപ്റ്റംബര്‍ 21 ഞായറാഴ്ച കൃത്യം 6 മണിക്ക് ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഷിന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് നാടകം  അരങ്ങേറുന്നത്. റെക്കാര്‍ഡ് ചെയ്ത ഡയലോഗുകള്‍ ചിറിയനക്കി രംഗത്ത് എത്തിക്കുന്ന നിരവധി നാടക സംഘങ്ങള്‍ നിലവിലുളള ഒരു നാടിലാണ് ലൈവ് ആയിട്ടുളള ഡയലോഗ് പ്രെസന്റേഷനുകളുമായി ഫൈന്‍ ആര്‍ട്സ് രംഗത്ത് എത്തുന്നത് എന്നുളളതും ശ്രദ്ധേയമാണ്.

ഒക്ടോബര്‍ 11 ശനിയാഴ്ച വാഷിങ്ടണിലും നാടകം അവതരിപ്പിക്കപ്പെടുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
പി. ടി. ചാക്കോ : 201 483 7151
സാം പി. എബ്രഹാം : 201 951 8141
ജിജി എബ്രഹാം : 201 675 6803
എഡിസണ്‍ എബ്രഹാം :862 485 0160
ജോസ് കുറ്റോലമഠം : 201 262 0183

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.