You are Here : Home / USA News

ജാക്‌സണ്‍ ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 20, 2014 10:51 hrs UTC

ന്യൂയോര്‍ക്ക്‌: ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ്‌ 16,17 തീയതികളില്‍ വിപുലമായ പരിപാടികളോടുകൂടി അനുഗ്രഹപ്രദമായി സമാപിച്ചു. പെരുന്നാളിന്റെ മുന്നോടിയായി ഓഗസ്റ്റ്‌ മാസം പത്താംതീയതി ഞായറാഴ്‌ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ ട്രസ്റ്റി ബഹു. ഡോ. ഏബ്രഹാം കോനാട്ടച്ചന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന്‌ പെരുന്നാള്‍ കൊടി ഉയര്‍ത്തുകയും ചെയ്‌തു. ഓഗസ്റ്റ്‌ 16-ന്‌ ശനിയാഴ്‌ച സുപ്രസിദ്ധ വാഗ്‌മിയും വേദപാഠ പണ്‌ഡിതനുമായ ബഹു. സക്കറിയാ നൈനാന്‍ അച്ചന്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ആത്മീയ പ്രഭാഷണവും നടത്തി.

 

ഓഗസ്റ്റ്‌ 17-ന്‌ ഞായറാഴ്‌ച ബഹു. സക്കറിയാ നൈനാന്‍ അച്ചന്‍, ഇടവക സ്ഥാപക വികാരി ബഹു. ടി.എം. സക്കറിയാ കോര്‍എപ്പിസ്‌കോപ്പാ അച്ചന്‍, ഇടവക വികാരി റവ.ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ മുത്തുക്കുട, ചെണ്ടമേളം, താലപ്പൊലി എന്നിവയോടുകൂടിയുള്ള വര്‍ണ്ണശബളമായ റാസാ ഈ ഓര്‍മ്മപ്പെരുന്നാളിന്‌ മാറ്റുകൂട്ടി. ഉച്ചകഴിഞ്ഞുള്ള പൊതുയോഗത്തില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌ ഹെഡ്‌മാസ്റ്റര്‍ ബിജി വര്‍ഗീസും, മാര്‍ത്തമറിയം വാര്‍ഷിക റിപ്പോര്‍ട്ട്‌ സെക്രട്ടറി എല്‍സിക്കുട്ടി മാത്യുവും അവതരിപ്പിച്ചു. ഇടവകയില്‍ നിന്നും വൈദീക സെമിനാരിയിലേക്ക്‌ പോകുന്ന ബേബി വര്‍ഗീസിനെ അനുമോദിച്ചു.

 

കോളജിലേക്ക്‌ പുതുതായി പോകുന്ന കുട്ടികള്‍ക്ക്‌ പ്രത്യേകം ഫലകം നല്‍കി ആദരിച്ചു. പെരുന്നാള്‍ വിജയപ്രദമാക്കുവാന്‍ സഹകരിച്ച കോര്‍ഡിനേറ്റര്‍ വര്‍ഗീസ്‌ കെ. ജോസഫിനേയും, മറ്റ്‌ കമ്മിറ്റി അംഗങ്ങളേയും, പെരുന്നാളില്‍ സഹകരിച്ച എല്ലാ വിശ്വാസികളേയും ഇടവക വികാരി റവ.ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടില്‍ പ്രത്യേകം നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.