You are Here : Home / USA News

ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 25, 2014 09:05 hrs UTC


         
    

ലോസ്‌ആഞ്ചലസ്‌: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച്‌ ലോസ്‌ആഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ തീയതികളില്‍ ആഘോഷിക്കുന്നു. ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാനയുടെ കാര്‍മികത്വത്തില്‍ ജൂലൈ 18-ന്‌ ദിവ്യബലിയും ലദീഞ്ഞും നൊവേനയും കൊടിയേറ്റവും നടത്തപ്പെട്ടു. ഈ തിരുനാളാഘോഷത്തിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളിലും വിശിഷ്യാ ഈ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്ന കുടുംബങ്ങളിലും ദൈവാനുഭവവും, ഈശോ നല്‍കുന്ന സ്‌നേഹവും സമാധാനവും അനുഗ്രഹങ്ങളും നിറഞ്ഞുനില്‍ക്കുവാന്‍ ഇടയാകട്ടെ എന്ന്‌ വാടാനയച്ചന്‍ വചനപ്രഘോഷണത്തിനിടയില്‍ ആശംസിച്ചു.

ജൂലൈ 19-ന്‌ ശനിയാഴ്‌ച ബഹുമാനപ്പെട്ട മാര്‍ട്ടിനച്ചന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും നൊവേനയും നടത്തപ്പെട്ടു. അന്നേദിവസം ഇടവകയിലെ യുവജനങ്ങള്‍ സംഘടിപ്പിച്ച ചാരിറ്റി നൈറ്റിനോടനുബന്ധിച്ച്‌ `പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ സെയിന്റ്‌സ്‌' എന്ന മലയാളം സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടു. ജൂലൈ 19-ന്‌ ശനിയാഴ്‌ച ദിവ്യബലിയും നൊവേനയും പ്രത്യേകമായി ഇടവകയിലെ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിക്കുവേണ്ടി നടത്തപ്പെട്ടു.

ജൂലൈ 20-ന്‌ ഞായറാഴ്‌ച ഇടവകയിലെ വേദപാഠ വിദ്യാര്‍ത്ഥികളുടെ പ്രത്യേക ദിനമായി ആചരിക്കപ്പെട്ടു.

ജൂലൈ 26-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിക്കുന്നത്‌ റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ആയിരിക്കും. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

ജൂലൈ 27-ന്‌ ഞായറാഴ്‌ച തിരുനാളിന്റെ സുപ്രധാന ദിനമായി കൊണ്ടാടുന്നു. ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കും. റവ.ഫാ. പോള്‍ തോമസ്‌ ഒ.സി.ഡി കാര്‍മികനായിരിക്കും.

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനമായ ജൂലൈ 28-ന്‌ ഇടവകയില്‍ നിന്നുള്ള സ്വര്‍ഗ്ഗീയ മധ്യസ്ഥരുടെ തിരുനാള്‍ദിനംകൂടിയായി കൊണ്ടാടുന്നു. റവ.ഫാ. സോണി സെബാസ്റ്റ്യന്‍ എസ്‌.വി.ഡി ആയിരിക്കും കാര്‍മികന്‍. അന്നേദിവസം തന്നെ 2015-ലെ തിരുനാള്‍ നടത്തുന്നവരുടെ തിരുനാള്‍ പ്രസുദേന്തവാഴ്‌ചയും ഉണ്ടായിരിക്കുന്നതാണ്‌.

ബിന്‍സണ്‍ ജോസഫ്‌, ജിമ്മിച്ചന്‍ മുളവന, ജിമ്മി സെബാസ്റ്റ്യന്‍, ജിജോ പുതിയകുന്നേല്‍, ജോഷി വെട്ടം, മെല്‍വി മെതിപ്പാറ, റെജി പെല്ലിശേരി, സാജു കൈതത്തറ, സന്തോഷ്‌ കട്ടക്കയം, ഷാജി മറ്റപ്പള്ളി, വര്‍ഗീസ്‌ മരങ്ങാട്ട്‌ എന്നിവരാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.

ആത്മീയ നിറവിലും വിശ്വാസത്തിലും കൂടുതല്‍ തീക്ഷണതയുള്ളവരാകാന്‍ തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാന, കൈക്കാരന്മാരായ ബിന്‍സണ്‍ ജോസഫ്‌, സോണി അറയ്‌ക്കല്‍, തിരുനാള്‍ കണ്‍വീനര്‍ റെജി പെല്ലിശേരി എന്നിവര്‍ ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

ഷാജി മറ്റപ്പള്ളി, പ്രീത പുതിയകുന്നേല്‍ എന്നിവര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.