You are Here : Home / USA News

ഇന്ത്യന്‍ വംശജനായ മാത്യു മാര്‍ത്തോമ നിയമത്തിന്റെ ബലിയാടോ!

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 21, 2014 08:02 hrs UTCഇന്‍സൈഡര്‍ ട്രേഡിങ്ങിലൂടെ ഷെയറുകള്‍ വിറ്റ്‌ ലാഭം ഉണ്ടാക്കിയെന്നും, ബോസിന്‌ ലാഭം ഉണ്ടാക്കാന്‍ സഹായിച്ചു എന്നുമുള്ള കുറ്റാരോപണത്തില്‍ ന്യൂയോര്‍ക്ക്‌ ജൂറി മാത്യു മാര്‍ത്തോമയെ കുറ്റക്കാരനായി വിധിച്ചു.

എസ്‌.എ.സി കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു മാത്യു മാര്‍ത്തോമ. ആ കമ്പനിയിലെ ആരോഗ്യ വകുപ്പിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ ആയിരുന്നു. അവര്‍ക്ക്‌ പ്രതിഫലം ശമ്പളവും, അതിനുപുറമേ ബോണസ്സും ആയിരുന്നു.

ഫൈനാന്‍സ്‌ മാര്‍ക്കറ്റിനെകുറിച്ചോ ഷെയര്‍ മാര്‍ക്കെറ്റിനെകുറിച്ചോ അറിയാവുന്ന ആളുകള്‌ക്ക്‌ മനസിലാക്കാന്‍ പറ്റുന്ന ഒരു സത്യമാണ്‌ ഷെയര്‍ മാര്‍ക്കെറ്റ്‌ ഒരു റിസ്‌കി ബിസിനസ്‌ ആണെന്നും, സൊസൈറ്റിയില്‍ ധാരാളമാളുകള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു പണം നഷ്ടപ്പെടുത്തുന്നു മറ്റു ചിലര്‍ ലാഭം ഉണ്ടാക്കുന്നു എന്നുള്ളതും.

എസ്‌.എ.സി ക്യാപിറ്റല്‍ പോലെയുള്ള വലിയ വലിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തീര്‍ച്ചയായും ഈ ബിസിനെസ്സില്‍ പ്രാഗത്ഭ്യവും പരിചയവുമുള്ള കഴിവുള്ള ആളുകള്‍ ആയിരിക്കുമല്ലോ. അവര്‍ സ്ഥിരമായി ഷെയറിനെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്നവരാണ്‌. പോര്‍ട്ട്‌ഫോളിയോ മാനേജേഴ്‌സിനു ട്രേഡ്‌ ചെയ്യാനായി കമ്പനി വലിയ തുകകള്‍ അനുവദിച്ചു കൊടുക്കുന്നത്‌ പതിവാണ്‌. മാനെജെഴ്‌സിന്റെ ജോലിയാണ്‌ ആ പണമുപയോഗിച്ച്‌ ബിസിനസ്‌ വിജയകരമായി നടത്തുകയും കമ്പനിക്ക്‌ ലാഭം ഉണ്ടാക്കുകയും എന്നതും. ഓരോ പരിചിത മേഘലയിലും നിയമിച്ചിരിക്കുന്നവരുടെ ജോലിയാണ്‌ ആ മേഘലയെകുറിച്ച്‌ പഠനം ചെയ്‌തു നല്ല ഷയെര്‍സ്‌ യഥാസമയത്ത്‌ വാങ്ങുകയും ലാഭകരമായി വില്‍ക്കുകയും ചെയ്യുക എന്നത്‌. ഷയെര്‍സ്‌ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ വാങ്ങുകയും വിലയേറി വരുന്ന സമയത്ത്‌ അവ വിറ്റ്‌ പണമാക്കുകയും ആണ്‌ അവര്‍ ചെയ്യുന്നത്‌. പോര്‍ട്ട്‌ഫോളിയോ മാനേജേഴ്‌സിനു സ്‌റ്റോക്കുകളെ കുറിച്ച്‌ പഠിക്കാന്‍ കമ്പനി പല സൌകര്യങ്ങളും ചെയ്‌തു കൊടുക്കാറുണ്ട്‌. അതില്‍ ഒന്നാണ്‌ ആ ഫീല്‍ഡില്‍ വിദഗ്‌ദ്ധന്മാരായിട്ടുള്ള ആളുകളുമായി കണ്‍സള്‍ട്ട്‌ ചെയ്യാനുള്ള അവസരം. ആരോഗ്യ മേഖലയായിരുന്നു മാത്യുവിന്റെ ഫീല്‍ഡ്‌. ഇലാന്‍ ആന്‍ഡ്‌ വയത്ത്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഷയെര്‍സ്‌, മാത്യു വാങ്ങുകയും വില്‍ക്കുകയും ചെയ്‌തിരുന്നു. പോര്‍ട്ട്‌ഫോളിയോ മാനേജേഴ്‌സിനു അവരുടെ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള വിദഗ്‌ദ്ധന്മാരുമായി കണ്‍സള്‍ട്ട്‌ ചെയ്യാനുള്ള സൗകര്യം കമ്പനി തന്നെ സൌകര്യപ്പെടുത്തുകയും, അതിനുള്ള ഫീസുകള്‍ കമ്പനി തന്നെ നേരിട്ട്‌ കൊടുക്കുകയും ചെയ്യുന്നു.

മാത്യുവിനു കമ്പനി അനുവദിച്ചിരുന്ന തുക ഉപയോഗിച്ച്‌ ഷെയര്‍ മാര്‍ക്കെറ്റില്‍ അമിതമായ ലാഭം ഉണ്ടാക്കിയെന്നും, ബോസ്സിന്‌ വലിയ ലാഭം ഉണ്ടാക്കികൊടുത്തു എന്നുമാണ്‌ മാത്യുവിനെ കുറിച്ചുള്ള ആരോപണം. അനുവദനീയമല്ലാത്ത രഹസ്യങ്ങള്‍ ഉപയോഗിച്ച്‌ ട്രേഡ്‌ ചെയ്‌തുവെന്നും, ഷെയര്‍ വില്‍പ്പന നടക്കും മുന്‍പേ ബോസ്സുമായി ഫോണില്‍ സംസാരിച്ചു എന്നുള്ളതും ഈ ആരോപണങ്ങളില്‍ ഉള്‍പ്പെടുത്തി. കമ്പനിയുടെ ബോസ്സുമായിട്ട്‌ കീഴ്‌ ജീവനക്കാര്‍ സംസാരിക്കുക എന്നത്‌ ഒരു സാധാരണ സംഭവം ആണല്ലോ. ബോസ്സുമായുള്ള സംസാരത്തില്‍ രഹസ്യമായ കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്നതിനു യാതൊരു തെളിവുകളുമില്ല. ആ സമയത്ത്‌ ഉണ്ടായിരുന്ന മറ്റുള്ള ഇന്‌സൈടര്‍ ട്രേഡ്‌ കേസുകളില്‍ പ്രതിക്കെതിരായുള്ള തെളിവുകള്‍ രഹസ്യമായി ചോര്‍ത്തിയെടുക്കുകയും, അതുപോലെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയുമാണ്‌ ചെയ്‌തിട്ടുള്ളത്‌.

സമര്‍ത്ഥരായ ആളുകള്‍ എസ്‌.എ.സി പോലെയുള്ള കമ്പനികളില്‍ കയറിപറ്റുകയും, ആ വഴിയില്‍ വിജയിക്കുകയും എന്നുള്ളത്‌ അമേരിക്കന്‍ ചരിത്രത്തിന്റെ ഒരു ഭാഗമാണ്‌. ഇത്‌ ഒരു അമേരിക്കന്‍ സ്വപ്‌നമാണ്‌.

മില്യന്നെയര്‍ സ്റ്റീവ്‌ കോഹെനു എതിരെയുള്ള അന്വേഷണങ്ങള്‍ വര്‍ഷങ്ങളോളം നടത്തിയിട്ടും അയാള്‍ക്കെതിരെ യാതൊരു തെളിവുകളും കാണാതെവരികയും ചെയ്‌തപ്പോള്‍, ക്ഷമകെട്ട്‌ പ്രോസിക്യൂട്ടെഴ്‌സ്‌ ഒരു പുതിയ കഥ കെട്ടിച്ചമച്ചു. ഈ ബിസിനെസ്സില്‍ മില്യന്നെയര്‍ കോഹെന്‍ 276 മില്യണ്‍ ലാഭം ഉണ്ടാക്കിയെന്നും, മാത്യുവിനു അതിന്റെ ഒരോഹരി ബോണ്‌സ്സായി കൊടുത്തു എന്നുള്ളതും ഇവര്‍ എടുത്തു പറയുന്ന കാര്യങ്ങളാണ്‌. കമ്പനി കോണ്ട്രാക്‌റ്റ്‌ അനുസരിച്ച്‌ ഇതു്‌ മാത്യുവിനു അവകാശപ്പെട്ടതാണ്‌.

വയര്‍ ടാപ്പിംഗ്‌ (ഫോണ്‍ ചോര്‍ത്തല്‍) സംവിധാനം വഴി തെളിവ്‌ ശേഖരണം നടത്തുന്ന രീതിക്കു തുടക്കമിട്ടത്‌ 2005 2006 കാലഘട്ടത്തിലാണ്‌. പല ഹെഡ്‌ജ്‌ ഫണ്ടുകളെയും, സ്റ്റീവന്‍ കോഹനെ തന്നെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇതേ കാലഘട്ടത്തില്‍ തുടങ്ങി കഴിഞ്ഞിരുന്നു. കോഹനെ ഒരു വിധത്തിലും തെളിവുകള്‍ സഹിതം പിടികൂടാന്‍ സാധിക്കാഞ്ഞിട്ട്‌, അദ്ദേഹത്തിനെതിരെ തെളിവുണ്ടാക്കാന്‍ മാത്യു മാര്‍ത്തോമയെ ഒരു കരുവാക്കാനായിട്ടു ശ്രമിച്ചതിന്റെ ഫലമാണ്‌ ഈ കേസ്‌. ഇതുകൂടാതെ മാത്യുവിനെ പിടികൂടാനുള്ള ഒരായുധമായി ഡോക്ടര്‍ ഗില്‍മാനെ ഉപയോഗിച്ചു. അത്‌ തെളിയിക്കാന്‍ വേണ്ടി ഗില്‍മന്‍ മാത്യുവിനു രഹസ്യ വിവരങ്ങള്‍ കൊടുത്തുവെന്നും അവയുപയോഗിച്ച്‌ മാത്യു ഷയെര്‍സ്‌ വില്‌പ്പന നടത്തിയെന്നും കഥ ചമച്ചു. എന്തിനാണ്‌ ഈ ത്രീ വേ ലിങ്ക്‌ സൃഷ്ടിച്ചത്‌? എന്തുകൊണ്ടാണ്‌ ഇത്രയും വര്‍ഷങ്ങള്‍ പരിശ്രമിച്ചിട്ടും ഒരു തെളിവുപോലും കൊണ്ടുവരാന്‍ സാധിക്കാഞ്ഞത്‌?

കോഹെനു എതിരെ തെളിവുകള്‍ ഉണ്ടാക്കാന്‍ മാത്യുവിനെ കരുവാക്കി. മാത്യുവിനെതിരെ യാതൊരു തെളിവുകളും കിട്ടാതെ വന്നപ്പോള്‍ ഗില്‍മാനെ കരുവാക്കി. പ്രോസിക്യൂട്ടെഴ്‌സ്‌ ആദ്യമായി ഗില്‍മാനെ ചോദ്യം ചെയ്യുകയും, ഒരു വര്‍ഷത്തിലധികം സമ്മര്‍ദം ചെലുത്തിയിട്ടും, മാത്യുവിനു എതിരായിട്ടു ഒരു തെളിവുകളും കണ്ടെത്താന്‍ അവര്‍ക്ക്‌ സാധിച്ചില്ല. അവസാനം അയാള്‍ക്ക്‌ നോണ്‍പ്രോസിക്യുഷന്‍ എഗ്രിമെന്റ്‌ വാഗ്‌ദാനം ചെയ്‌തു മാത്യുവിനു എതിരായി മൊഴി കൊടുക്കാന്‍ സമ്മതിപ്പിച്ചതിനു ശേഷമാണ്‌, 2011 നവംബറില്‍ അവര്‍ മാത്യുവിനെ അറസ്റ്റ്‌ ചെയ്യുന്നത്‌. ഗില്‍മന്‍ അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നത്‌, പ്രോസിക്യൂട്ടെഴ്‌സ്‌ എന്നോട്‌ പറഞ്ഞത്‌ `നീ വെറുമൊരു മണ്‍തരിയാണ്‌, മാത്യു മാര്‍ത്തോമയും അതു തന്നെ... ഞങ്ങള്‍ക്ക്‌ വേണ്ടത്‌ സ്റ്റീവന്‍ കോഹനെയാണ്‌.`

അമേരിക്കന്‍ മാധ്യമങ്ങളെല്ലാം അടിച്ചിറക്കിയ കള്ള പ്രചരണമാണ്‌, രഹസ്യ രേഘകളുള്ള 24 പേജ്‌ പ്രസന്റേഷന്‍ അടങ്ങിയ ഒരു ഇമെയില്‍ ഗില്‍മന്‍ മാത്യുവിനു അയച്ചുകൊടുത്തു എന്നുള്ളത്‌. ഈ ഇമെയിലിന്റെ തെളിവുകള്‍ ഉണ്ടെന്നുള്ള കാര്യം പിന്നീട്‌ അവര്‍ കേസില്‍ നിന്നും എടുത്തുമാറ്റി. ഇങ്ങനെ ഒരു തെളിവ്‌ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടുമില്ല. വീണ്ടുമവര്‍ നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ്‌ കൈപറ്റി സുരക്ഷിതനായിരിക്കുന്ന ഗില്‍മനെ ക്കൊണ്ട്‌ പുതിയൊരു കഥകള്‍ പറയിപ്പിച്ചു. മാത്യുവിന്റെ സഹപ്രവര്‍ത്തകരെയും, കൂട്ടുകാരെയും, വീട്ടുകാരെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌ മാത്യുവിനെ ഒറ്റപ്പെടുത്തുവാനുള്ള ഒരു വന്‍ചതിവു മാത്രമായിരുന്നു ഈ കള്ള പ്രചരണമെന്ന്‌ പിന്നീടാണ്‌ സംശയമന്യേ തെളിയുന്നത്‌.

അനേകം വര്‍ഷങ്ങളായിട്ട്‌ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കാതെ അനേകമനേകം നിക്ഷേപകരുമായി കണ്‍സല്‍ട്ടെഷ്‌ന്‍ നടത്തിയിരുന്ന ഒരു വ്യക്തിയാണ്‌ ഗില്‍മന്‍. പൊതു മേഖലകളിലും, ആരോഗ്യ ഗവേഷണ മേഖലയിലും വളരെ നിലയും വിലയുമുള്ള വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ അദ്ദേഹം. എസ്‌.എ.സി ക്യാപിറ്റല്‍ എന്ന കമ്പനി കോണ്ട്രാക്‌റ്റ്‌ അനുസരിച്ച്‌ കണ്‍സല്‍ട്ടെഷ്‌ന്‍ ഫീസ്‌ ഗില്‌മനു നേരിട്ട്‌ കൊടുക്കുകയായിരുന്നു.

വിലയുള്ള പാരിതോഷികത്തിനു പ്രതിഫലമായി രഹസ്യ വിവരങ്ങള്‍ കൈമാറിയാല്‍ മാത്രമേ തെറ്റോ കുറ്റമോ ആകുന്നുള്ളൂ എന്ന്‌ അമേരിക്കന്‍ സുപ്രീം കോടതിയുടെ നിയമവും , മറ്റു കോടതികളുടെ നിയമങ്ങളും കര്‍ശനമായി അനുശാസിക്കുന്നുണ്ട്‌ . പണമോ, മറ്റു പാരിതോഷികമോ മാത്യുവില്‍നിന്നും കൈപറ്റിയിട്ടില്ല എന്ന്‌ ഗില്‍മന്‍ കോടതിയില്‍ മൊഴി നല്‌കിയതായി തെളിവുകള്‍ നിലനില്‍ക്കുമ്പോള്‍, ഇങ്ങനെയുള്ള ഒരു വ്യക്തി, മാത്യുവിനു തെറ്റായ വിവരങ്ങള്‍ കൊടുത്തിട്ട്‌ എന്തു നേടാനാണ്‌!

ഇങ്ങനെയൊക്കെയായിട്ടും എന്തിനു മാത്യു മാര്‍ത്തോമയെ കുറ്റകാരനാക്കി? എന്തുകൊണ്ട്‌ ന്യൂയോര്‍ക്ക്‌ ജൂറി മാത്യുവിനെ കുറ്റക്കാരനായി കണ്ടെത്തി?

ജോസഫ്‌ മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.